ന്യൂഡല്‍ഹി:
പന്ത്രണ്ടാം ക്ലാസ് ഫിസിക്‌സ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയവുമായി
ബന്ധപ്പെട്ട് വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാര്‍ഥി ഉന്നയിച്ച ആരോപണങ്ങള്‍
തള്ളി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍. വിദ്യാര്‍ഥിയുടെ
വാദങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്നും പച്ചക്കള്ളം ആണെന്നും ബോര്‍ഡ്
ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ സിബിഎസ്ഇ സാങ്കേതിക
പിഴവുകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ ഉന്നയിച്ച പരാതിയില്‍
ഉറച്ച് നില്‍ക്കുന്നുവെന്നും വേദാന്ത് വ്യക്തമാക്കി.
മെയ്
മാസത്തില്‍ സിബിഎസ്ഇ ഫലം വന്നതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.
ഫിസിക്‌സിന് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിനെ
തുടര്‍ന്ന് വേദാന്ത് ഉത്തരക്കടലാസിന്റെ പകര്‍പ്പിനായി അപേക്ഷിച്ചിരുന്നു.
എന്നാല്‍ ബോര്‍ഡ് നല്‍കിയ സ്‌കാന്‍ ചെയ്ത ഉത്തരക്കടലാസ് തന്റേതല്ലെന്നും
മറ്റൊരു വിദ്യാര്‍ഥിയുടേതാണെന്നും കൈയക്ഷരത്തില്‍ വ്യത്യാസമുണ്ടെന്നും
കാണിച്ച് വേദാന്ത് എക്‌സില്‍ വീഡിയോ പങ്കുവെച്ചു. ഇത് വലിയ രീതിയില്‍
ചര്‍ച്ചയാവുകയും സിബിഎസ്ഇ ഈ വര്‍ഷം നടപ്പിലാക്കിയ പുതിയ ഓണ്‍-സ്‌ക്രീന്‍
മാര്‍ക്കിംഗ് ഡിജിറ്റല്‍ മൂല്യനിര്‍ണയ രീതിയിലെ പാളിച്ചകള്‍ക്കെതിരെ വ്യാപക
വിമര്‍ശനം ഉയരുകയും ചെയ്തു.
തുടര്‍ന്ന് സാങ്കേതിക പിഴവുമൂലം
ഉത്തരക്കടലാസ് മാറിപ്പോയതാണെന്ന് സിബിഎസ്ഇ സമ്മതിക്കുകയും വേദാന്തിന്റെ
യഥാര്‍ത്ഥ ഉത്തരക്കടലാസ് ഇമെയില്‍ വഴി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
പുനര്‍മൂല്യനിര്‍ണയ ഫലം വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ബോര്‍ഡും
വിദ്യാര്‍ഥിയും തമ്മില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. 11
ചോദ്യങ്ങളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചിട്ടും തനിക്ക് ആകെ രണ്ട്
മാര്‍ക്ക് (മാത്സിന് ഒരു മാര്‍ക്കും, കമ്പ്യൂട്ടര്‍ സയന്‍സിന് ഒരു
മാര്‍ക്കും) മാത്രമാണ് വര്‍ദ്ധിച്ചതെന്നും ഫിസിക്‌സിന് മാര്‍ക്ക്
കൂടിയില്ലെന്നുമാണ് വേദാന്ത് പുതിയ വീഡിയോയില്‍ പറയുന്നത്.
എന്നാല്‍
പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം വിദ്യാര്‍ഥിക്ക് ഫിസിക്‌സില്‍ 9 മാര്‍ക്ക്
വര്‍ദ്ധിച്ചുവെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം. മാത്സ്, കമ്പ്യൂട്ടര്‍
സയന്‍സ് എന്നിവയുള്‍പ്പെടെ ആകെ 11 മാര്‍ക്കിന്റെ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്നും ബോര്‍ഡ് അവകാശപ്പെടുന്നു. ഇതിന് മറുപടിയായി വേദാന്തും
കുടുംബവും രംഗത്തെത്തി. സിബിഎസ്ഇ രണ്ട് കാര്യങ്ങളെ കൂട്ടിക്കുഴച്ച്
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു.
ഫിസിക്‌സില്‍
കൂടിയതായി പറയുന്ന 9 മാര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിലൂടെ ലഭിച്ചതല്ല.
മുന്‍പ് ഉത്തരക്കടലാസ് മാറിപ്പോയ പടിയുണ്ടായ തെറ്റ് തിരുത്തി തന്റെ
യഥാര്‍ത്ഥ പേപ്പര്‍ തന്നപ്പോള്‍ പുനസ്ഥാപിക്കപ്പെട്ട മാര്‍ക്കാണത്. ആ
തിരുത്തലിന് ശേഷം 11 ചോദ്യങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ അപേക്ഷിച്ചപ്പോള്‍
ഫിസിക്‌സില്‍ ഒരു മാര്‍ക്ക് പോലും കൂടിയിട്ടില്ലെന്ന് വേദാന്ത് എക്‌സില്‍
കുറിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറയ്ക്കാനാണ് സിബിഎസ്ഇ തന്നെ
നുണയന്‍ എന്ന് വിളിക്കുന്നതെന്ന് വേദാന്ത് ആരോപിക്കുന്നു.
പന്ത്രണ്ടാം
ക്ലാസ് ഫലപ്രഖ്യാപനത്തിന് ശേഷം മാര്‍ക്ക് വെരിഫിക്കേഷനും
പുനര്‍മൂല്യനിര്‍ണയത്തിനുമായി ലഭിച്ച അപേക്ഷകളില്‍ 99.7 ശതമാനവും
തീര്‍പ്പാക്കിയതായി സിബിഎസ്ഇ അറിയിച്ചു. ശേഷിക്കുന്ന ചുരുക്കം ചില
അപേക്ഷകളുടെ ഫലവും അന്തിമഘട്ടത്തിലാണെന്നും ഘട്ടംഘട്ടമായി ഇവ ഉടന്‍
പ്രസിദ്ധീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
