ബംഗളൂരു: 87 കോടി രൂപ വിലമതിക്കുന്ന ഐടി കമ്പനിയുടെ സോഴ്‌സ് കോഡ് മോഷ്ടിച്ച കേസില്‍ ബംഗളൂരുവില്‍ ടെക്കി അറസ്റ്റില്‍. അമാദ്യൂസ് സോഫ്റ്റ്വെയര്‍ ലാബ്‌സ് ഇന്ത്യ എന്ന കമ്പനിയുടെ പരാതിയില്‍ സീനിയര്‍ മാനേജര്‍-റിസര്‍ച്ച് സയന്റിസ്റ്റായി ജോലി ചെയ്യുന്ന അശുതോഷ് നിഗം എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഏകദേശം 8 മില്യണ്‍ യൂറോ (ഏകദേശം 87 കോടി രൂപ) മൂല്യമുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയര്‍ സോഴ്സ് കോഡ് മോഷ്ടിക്കുകയും വ്യക്തിഗത ഇമെയില്‍ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തതെന്ന് വൈറ്റ്ഫീല്‍ഡ് സൈബര്‍ പൊലീസ് വ്യക്തമാക്കി.
2025 ഒക്ടോബര്‍ 11 നാണ് മോഷണം നടന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള അതീവ രഹസ്യാത്മകമായ സോഴ്‌സ് കോഡും സോഫ്റ്റ്വെയര്‍ വിവരങ്ങളും നിഗം അനുവാദമില്ലാതെ ചോര്‍ത്തുകയായിരുന്നു. കമ്പനിയില്‍ നടന്ന ആഭ്യന്തര ഓഡിറ്റിനിടെയാണ് സംശയാസ്പദമായ രീതിയിലുള്ള ഡാറ്റാ കൈമാറ്റങ്ങള്‍ ശ്രദ്ധയില്‍പെടുന്നതും മോഷണം പുറത്തറിയുന്നതും. ചോദ്യം ചെയ്തപ്പോള്‍ സോഴ്‌സ് കോഡ് അനുവാദമില്ലാതെ കൈമാറിയതായി അശുതോഷ് നിഗം സമ്മതിക്കുകയായിരുന്നു. കുറ്റസമ്മതം, വീഡിയോയില്‍ പകര്‍ത്തി കമ്പനി പൊലീസിന് കൈമാറി.
അന്വേഷണത്തിന് പിന്നാലെ കഴിഞ്ഞ ഡിസംബര്‍ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഡാറ്റാ മോഷണം ബിസിനസിനെ സാരമായി ബാധിച്ചുവെന്നും കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കപ്പെട്ടുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ടിലെ സെക്ഷന്‍ 65 (കമ്പ്യൂട്ടര്‍ സ്രോതസ്സുകളിലെ രേഖകളില്‍ തിരിമറി നടത്തുക), 66 (കമ്പ്യൂട്ടര്‍ സംബന്ധമായ കുറ്റകൃത്യങ്ങള്‍), 66(ഇ) (തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിക്കല്‍), 66(ഉ) (ആള്‍മാറാട്ടം വഴി വഞ്ചിക്കല്‍) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
