ന്യൂഡൽഹി: സിഖ് ഗുരുക്കളുടെ ചിത്രങ്ങളോട് അനാദരവ് കാണിച്ചുവെന്ന വിവാദ വീഡിയോ കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി.
സിഖ് വിശ്വാസികളുടെ വികാരങ്ങളെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി നേതാവ് മൻജീന്ദർ സിങ് സിർസ ആരോപിച്ചു. വിവാദ വീഡിയോ കേസിൽ ഭഗവന്ത് മാനിന് ക്ലീൻ ചിറ്റ് നൽകാൻ ഫോറൻസിക് ഉദ്യോഗസ്ഥന് പത്ത് ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്.
സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളിൽ ഒരാൾ മദ്യം തളിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വീഡിയോയിലുള്ളത് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഈ വീഡിയോ വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയും വാദിച്ചത്.
വീഡിയോയിലുള്ളത് മുഖ്യമന്ത്രിയല്ലെന്നും അദ്ദേഹത്തോട് സാമ്യമുള്ള മറ്റൊരു നടനാണെന്നും അവകാശപ്പെട്ട എഎപി, തങ്ങളുടെ വാദം തെളിയിക്കാൻ രണ്ട് ഫോറൻസിക് ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകളും പുറത്തുവിട്ടിരുന്നു.
എന്നാൽ, മുഖ്യമന്ത്രി പുറത്തുവിട്ട ഈ ഫോറൻസിക് റിപ്പോർട്ടുകൾ വ്യാജമായി നിർമ്മിച്ചതാണെന്ന് ഹരിയാണ പോലീസ് കണ്ടെത്തിയതോടെയാണ് കേസ് വീണ്ടും സങ്കീർണ്ണമായത്. ഭഗവന്ത് മാനിന് അനുകൂലമായ റിപ്പോർട്ട് ചമയ്ക്കാൻ ഫോറൻസിക് വിദഗ്ധന് 10 ലക്ഷം രൂപ കൈക്കൂലി നൽകിയതായാണ് പോലീസ് വ്യക്തമാക്കുന്നത്.
ഈ വ്യാജ റിപ്പോർട്ട് നിർമ്മാണ കേസിൽ അങ്കിത്, അരുൺ എന്നീ രണ്ട് പേരെ ഗുഡ്ഗാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രതിഷേധം ശക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
