ന്യൂഡൽഹി: വിമാന ജീവനക്കാരുടെ ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനായി കർശനമായ പുതിയ നയവുമായി എയർ ഇന്ത്യ. നിശ്ചിത ബോഡി മാസ് ഇൻഡക്സ് (BMI) പരിധിക്ക് പുറത്തുള്ള ക്യാബിൻ ക്രൂ അംഗങ്ങളെ ജോലിയിൽ നിന്ന് മാറ്റിനിർത്താനും (Derostering) അവർക്ക് ശമ്പളം നിഷേധിക്കാനും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. മെയ് 1 മുതൽ ഈ പരിഷ്കാരം നിലവിൽ വരും.
പുതിയ നിയമപ്രകാരം, 18 മുതൽ 24.9 വരെയുള്ള ബിഎംഐ ആണ് 'നോർമൽ' ആയി കണക്കാക്കുന്നത്. 18-ന് താഴെ ബിഎംഐ ഉള്ളവർ 'അണ്ടർ വെയ്റ്റ്' വിഭാഗത്തിൽ വരും. ഇവർക്ക് ജോലിയിൽ തുടരണമെങ്കിൽ മെഡിക്കൽ പരിശോധനയും ശാരീരികക്ഷമതാ പരിശോധനയും (Functional Assessment) നിർബന്ധമാണ്.
25 മുതൽ 29.9 വരെ ബിഎംഐ ഉള്ളവർ 'ഓവർ വെയ്റ്റ്' വിഭാഗത്തിൽ ഉൾപ്പെടും. ഇവർ ശാരീരികക്ഷമതാ പരിശോധന വിജയിക്കുകയാണെങ്കിൽ ജോലിയിൽ തുടരാൻ അനുവദിച്ചേക്കാം. ബിഎംഐ 30-ന് മുകളിലുള്ളവർ 'അമിതവണ്ണമുള്ളവർ' (Obese) എന്ന വിഭാഗത്തിലാണ് വരുന്നത്. പുതിയ നിയമപ്രകാരം ഇവരെ ജോലിയിൽ തുടരാൻ അനുവദിക്കില്ല.
ഇത്തരക്കാരെ ഉടനടി ഡ്യൂട്ടിയിൽ നിന്ന് മാറ്റുകയും കൃത്യമായ ബിഎംഐ പരിധിയിൽ എത്തുന്നതുവരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. അണ്ടർ വെയ്റ്റ്, ഓവർ വെയ്റ്റ് വിഭാഗത്തിലുള്ളവർ ശാരീരികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടാലും ഇതേ നടപടി നേരിടേണ്ടി വരും.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാരീരികക്ഷമത ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്ന് എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയർ ഇന്ത്യയിൽ നടന്നുവരുന്ന പുനഃസംഘടനയുടെ ഭാഗമായാണ് ഈ നടപടി. നിലവിലുള്ള ജീവനക്കാർക്കും പരിശീലനം നേടുന്നവർക്കും ഈ പുതിയ നിയമം ബാധകമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
