ന്യൂഡല്‍ഹി: തെരുവ് നായകളെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തിന്നതില്‍ വെല്ലുവിളി നേരിടുന്നുവെന്ന് സുപ്രീം കോടതിയില്‍ കേരളം. തെരുവ് നായകള്‍ക്കുള്ള ഷെല്‍ട്ടറുകള്‍ക്ക് ആരംഭിക്കുന്നതിന് എതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചത്. കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ജയതിലക് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
തലശേരിയില്‍ ആരംഭിച്ച എബിസി കേന്ദ്രം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടയ്‌ക്കേണ്ടി വന്നതായും കേരളം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തില്‍ തെരുവ് നായകളെ പാര്‍പ്പിക്കുന്നതിനുള്ള ഡോഗ് പൗണ്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള വെല്ലുവിളി വിശദീകരിച്ചിട്ടുണ്ട്. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. നഗര, ഗ്രാമ വ്യത്യാസം ഇല്ല. അതിനാല്‍ ഉപയോഗ ശൂന്യമായ ഭൂമി കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശിയാണ് സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്തത്.
നിലവില്‍ രണ്ട് ഡോഗ് പൗണ്ടുകളാണ് കേരളത്തിലുള്ളത്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാന റവന്യു വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. നിലവില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് 22 ഫീഡിങ് കേന്ദ്രങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട് എന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കൂട്ട വന്ധ്യംകരണം നടത്തുന്നതിനുള്ള എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് എതിരെയും വലിയ പ്രതിഷേധം ആണ് കേരളത്തില്‍ ഉള്ളത്. തലശേരിയില്‍ ആരംഭിച്ച കേന്ദ്രത്തില്‍ 77 തെരുവ് നായകളെ വന്ധ്യം കരണം ചെയ്തു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഈ കേന്ദ്രം അടച്ചു. പിന്നീട് തുറക്കാനായില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
