പൂനെ: മഹാരാഷ്ട്രയിലെ നസ്രാപൂരില്‍ മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 65 കാരന്‍ ഭീംറാവു കാംബ്ലിക്ക് വധശിക്ഷ. പൂനെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്.ആര്‍ ശാലുങ്കെയാണ് വിധി പ്രസ്താവിച്ചത്. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിഭാഗത്തില്‍പ്പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
സംഭവം നടന്ന് വെറും 59 ദിവസത്തിനകമാണ് കേസില്‍ വിധി വരുന്നത് എന്നത് മഹാരാഷ്ട്രയുടെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമായൊരു നേട്ടമാണ്.
2026 മെയ് ഒന്നിനാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. അവധിക്കാലം ആഘോഷിക്കാന്‍ നസ്രാപൂരിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു പൂനെ സ്വദേശിയായ കുഞ്ഞ്. വീടിന് പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പലഹാരങ്ങള്‍ നല്‍കാമെന്നും തൊഴുത്തിലെ പശുക്കുട്ടിയെ കാണിച്ചുതരാമെന്നും പറഞ്ഞ് ഭീംറാവു കാംബ്ലി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പശുത്തൊഴുത്തിന് സമീപമുള്ള ഷെഡില്‍ വച്ച് കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ 18 ഓളം ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ ജനരോഷം ഉയരുകയും പൂനെ-ബംഗളൂരു ഹൈവേ മണിക്കൂറുകളോളം ജനങ്ങള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൂനെ റൂറല്‍ എസ്.പി സന്ദീപ് സിങ് ഗില്ലിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൃത്യം നടന്ന് വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ പൊലീസ് കോടതിയില്‍ 1200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 55 സാക്ഷികളെ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, ഡിഎന്‍എ പരിശോധനാ ഫലം, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ കൃത്യമായ സാഹചര്യ-ഫൊറന്‍സിക് തെളിവുകള്‍ കോടതി പൂര്‍ണ്ണമായി അംഗീകരിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മെയ് 21 മുതല്‍ അടച്ചിട്ട കോടതിയിലായിരുന്നു വിചാരണ നടന്നത്.
പ്രതി യാതൊരുവിധ പശ്ചാത്താപവും പ്രകടിപ്പിക്കുന്നില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാതിരിക്കാന്‍ വധശിക്ഷ തന്നെ നല്‍കണമെന്നും ജഡ്ജി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. മുന്‍പും സമാനമായ രീതിയില്‍ ഒരു 62 കാരിയെയും 17 കാരിയെയും മൃഗത്തെയും ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. കോടതി മുറിയില്‍ വിധി കേട്ടയുടന്‍ കുട്ടിയുടെ മാതാപിതാക്കള്‍ വികാരാധീനരാവുകയും പൊലീസിനും നിയമസംവിധാനത്തിനും നന്ദി അറിയിക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാന്‍ ഇനി ബോംബെ ഹൈക്കോടതിയുടെ അനുമതി ആവശ്യമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
