ന്യൂഡെല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ബുധനാഴ്ച 300 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. ഇതോടെ വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലുടനീളമുള്ള വ്യോമഗതാഗതം തടസ്സപ്പെട്ടു.
സുരക്ഷാ, വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകുന്നേരത്തോടെ ഇന്ത്യയിലെ 25 പ്രധാന വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. മെയ് 9 വരെ ഈ വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കും.
ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, ഭൂന്തര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, ഗഗ്ഗല്‍, ഭട്ടിന്‍ഡ, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്തര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, തോയിസ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
165 വിമാന സര്‍വീസുകള്‍ റദ്ദാക്കിയ ഇന്‍ഡിഗോയാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത്. ജമ്മു, ശ്രീനഗര്‍, ലേ, അമൃത്സര്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും നിര്‍ത്തിവച്ചു. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും റീഷെഡ്യൂളിംഗ് ചാര്‍ജുകളില്‍ ഇളവുകള്‍ അല്ലെങ്കില്‍ പൂര്‍ണ്ണ റീഫണ്ട് വാഗ്ദാനം ചെയ്യുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസും സ്‌പൈസ്‌ജെറ്റും ആകാശ എയറും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഡെല്‍ഹി വിമാനത്താവളത്തില്‍ 140 വിമാനങ്ങള്‍ റദ്ദായി. വിദേശ വിമാനക്കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയും ചില സര്‍വീസുകള്‍ റദ്ദാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്