പാരിസ്: സന്ദര്‍ശനത്തിനെത്തിയ ഹൈന്ദവ സംഘടനയുടെ (ബിഎപിഎസ്) ആവശ്യപ്രകാരം വനിതാ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ച് പാരിസിലെ പ്രശസ്തമായ ഐഫില്‍ ടവര്‍ ജീവനക്കാര്‍ അടച്ചിട്ടു. വനിതാ ജീവനക്കാര്‍ കാഴ്ചയില്‍പ്പെടരുതെന്ന സന്ദര്‍ശക സംഘത്തിന്റെ നിബന്ധന അംഗീകരിച്ച് മാനേജ്മെന്റ് അവരെ മാറ്റി പകരം പുരുഷ ജീവനക്കാരെ നിയോഗിച്ചതാണ് വന്‍ പ്രതിഷേധത്തിന് കാരണമായത്.
പാരീസില്‍ പുതിയ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ 'ബോച്ചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ഥ' എന്ന സംഘടനയിലെ നൂറോളം പ്രതിനിധികളാണ് കഴിഞ്ഞ ശനിയാഴ്ച ഐഫില്‍ ടവര്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശനവേളയില്‍ സ്ത്രീകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന് സംഘം ആവശ്യപ്പെടുകയും, ടവര്‍ നടത്തിപ്പുകാരായ സെറ്റ് കമ്പനി ഇത് അംഗീകരിച്ച് വനിതാ ജീവനക്കാരെ വഴിയില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നു.
മാനേജ്മെന്റിന്റെ ഈ നടപടി സ്ത്രീകളെ അപമാനിക്കുന്നതും ലിംഗ സമത്വത്തിന്റെ ലംഘനവുമാണെന്ന് ആരോപിച്ച് ജീവനക്കാര്‍ പണിമുടക്കിയതോടെ തിങ്കളാഴ്ച ഐഫില്‍ ടവര്‍ പൂര്‍ണ്ണമായും അടച്ചു. സംഭവം വിവാദമായതോടെ ഐഫില്‍ ടവര്‍ മാനേജ്മെന്റ് ജീവനക്കാരോട് ക്ഷമാപണം നടത്തുകയും ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഫ്രഞ്ച് രാഷ്ട്രീയ നേതൃത്വവും വന്‍ അമര്‍ഷം രേഖപ്പെടുത്തി.
ജീവനക്കാരുടെ പ്രതിഷേധം ന്യായമാണെന്നും ലിംഗ വിവേചനം അംഗീകരിക്കാനാകില്ലെന്നും പാരീസ് ഡപ്യൂട്ടി മേയര്‍ ഇമ്മാനുവല്‍ ഗ്രിഗ്വാര്‍ വ്യക്തമാക്കി. ഫ്രാന്‍സിന്റെയും പാരീസിന്റെയും ചരിത്രപരമായ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം സാധാരണ സന്ദര്‍ശകര്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ പതിവ് പ്രവര്‍ത്തന സമയം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ടവര്‍ മാനേജ്മെന്റുമായി കൂടിയാലോചിച്ചാണ് സന്ദര്‍ശനം നടത്തിയത് എന്ന് ബിഎപിഎസ് വ്യക്തമാക്കി. സന്ദര്‍ശനത്തില്‍ ആര്‍ക്കും പ്രവേശനം നിഷേധിച്ചതായി അറിവില്ലെന്നും എന്നാല്‍ ഈ സംഭവത്തിലുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നുവെന്നും സംഘടന അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
