ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ സജീവ അഗ്നിപര്‍വതമായ മൗണ്ട് അനക് ക്രകതോവുവില്‍ ശക്തമായ സ്‌ഫോടനം. തുടര്‍ച്ചയായി 25 മണിക്കൂറോളം നീണ്ടുനിന്ന പ്രധാന സ്ഫോടനം ശമിച്ചെങ്കിലും പ്രദേശങ്ങളില്‍ ഇപ്പോഴും വന്‍ തോതില്‍ ചാരംമൂടി കിടക്കുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് മേഖലയിലെ എട്ട് വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചിടുകയും 2,300 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മൂന്ന് ലക്ഷത്തോളം യാത്രക്കാരാണ് വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്തെ സ്‌കൂളുകളില്‍ പഠനം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ലാവ പ്രവാഹത്തിനും 700 കിലോമീറ്റര്‍ അകലെവരെ കേട്ട വന്‍ ശബ്ദത്തിനും കാരണമായ ഈ ഘട്ടത്തിലെ പ്രധാന സ്ഫോടനം ഞായറാഴ്ചയോടെ അവസാനിച്ചതായി ഇന്‍ഡൊനീഷ്യന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. എങ്കിലും ഇടവിട്ടുള്ള മിതമായ സ്ഫോടനങ്ങളും കറുത്ത ചാരം പുറന്തള്ളലും ചെറിയ ഭൂചലനങ്ങളും തുടരുകയാണ്. തലസ്ഥാനമായ ജക്കാര്‍ത്ത ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ അഗ്‌നിപര്‍വതച്ചാരം പടര്‍ന്നതാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്‍ഡോനീഷ്യയിലെ പ്രധാന ദ്വീപുകളായ ജാവയ്ക്കും സുമാത്രയ്ക്കുമിടയിലുള്ള സുന്ദാ കടലിടുക്കിലാണ് ഈ അഗ്നിപര്‍വ്വത ദ്വീപുള്ളത്. ക്രകതോവുവിന്റെ കുഞ്ഞ് എന്നാണ് അനക് ക്രകതോവു എന്ന പേരിന്റെ അര്‍ത്ഥം. 1883 ല്‍ ലോകമെമ്പാടും താപനില കുറയാന്‍ കാരണമായ അതിഭീമമായ ക്രകതോവു സ്‌ഫോടനത്തില്‍ പഴയ പര്‍വ്വതം പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. തുടര്‍ന്ന് 1927 ഓടെ അതേ സ്ഥാനത്ത് കടലിനടിയില്‍ നിന്ന് ലാവ പുറന്തള്ളപ്പെട്ട് രൂപം കൊണ്ട പുതിയ അഗ്‌നിപര്‍വ്വതമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
