പാനമ സിറ്റി: ചൈന സാമ്പത്തികമായി പനാമയെ സമ്മർദ്ദത്തിലാക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പനാമയ്ക്കു പിന്തുണയുമായി യുഎസും സഖ്യ രാഷ്ട്രങ്ങളും. പനാമ കനാലിന്‍റെ ഇരു വശങ്ങളിലും ഉള്ള രണ്ടു പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം പനാമ സർക്കാർ ഏറ്റെടുത്തതിനു പിന്നാലെയാണ് പിന്തുണ പ്രഖ്യാപനം.
ബൊളീവിയ, കോസ്റ്റാറിക്ക, ഗയാന, പരാഗ്വേ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങളാണ് പാനമയ്ക്ക് പിന്തുണയുമായി അമേരിക്കയ്‌ക്കൊപ്പം അണിനിരന്നത്.
പാനമയിലെ തുറമുഖങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന കരാർ ഭരണഘടനാ വിരുദ്ധമാണെന്ന് അവിടുത്തെ സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് ചൈനയുടെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങൾ ഉണ്ടായതെന്ന് പ്രസ്താവനയിൽ പറയുന്നു.
ചൈനയുടെ ഇത്തരം നടപടികൾ മേഖലയിലെ സുഗമമായ വ്യാപാര പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സാമ്പത്തിക സമ്മർദ്ദമാണെന്ന് ഈ രാജ്യങ്ങൾ ആരോപിച്ചു. പാനമയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും ഭീഷണിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ചൈന പ്രതികരിച്ചു. അമേരിക്കയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ പ്രസ്താവന വെറും പച്ചക്കള്ളമാണെന്നും പാനമയിലെ തുറമുഖങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യയും അമേരിക്കയും തമ്മിലുള്ള ആഗോള വ്യാപാരത്തിൽ പാനമ കനാൽ നിർണ്ണായക പങ്കുവഹിക്കുന്നതിനാൽ, ഈ മേഖലയിലെ ഏത് ഇടപെടലും ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന് പ്രസ്താവനയിൽ ഒപ്പിട്ട രാജ്യങ്ങൾ ഓർമ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
