യൂറോപ്യൻ യൂണിയനുമായുള്ള (EU) ബന്ധങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായി, 2027 മുതൽ യു.കെ. വിദ്യാർത്ഥികൾക്കും മറ്റ് പഠിതാക്കൾക്കും Erasmus+ എന്ന യൂറോപ്യൻ യൂണിയൻ വിദ്യാഭ്യാസ–പരിശീലന പദ്ധതിയുടെ ഭാഗമായി വിദേശത്ത് പഠിക്കാനും പരിശീലനം നേടാനും കഴിയുമെന്ന് റിപ്പോർട്ട്.
ബുധനാഴ്ച യു.കെ. സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ, എല്ലാ സാമൂഹിക പശ്ചാത്തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും Erasmus+ പദ്ധതി അവസരങ്ങൾ നൽകുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാനും പരിശീലനം നേടാനും ഈ പദ്ധതി സഹായിക്കും.
അതേസമയം, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും യു.കെ.-യിൽ വന്ന് പഠിക്കാനും പരിശീലനം നേടാനും ഈ പദ്ധതി വഴിയൊരുക്കും എന്ന് യു.കെയുടെ യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾക്കായുള്ള മന്ത്രി നിക് തോമസ്-സൈമൺഡ്സ് പറഞ്ഞു.
“Erasmus+യിൽ ചേരുന്നത് നമ്മുടെ യുവജനങ്ങൾക്ക് വലിയ വിജയം ആണ്. തടസ്സങ്ങൾ നീക്കി, എല്ലാവർക്കും—ഏത് പശ്ചാത്തലത്തിൽ നിന്നായാലും വിദേശത്ത് പഠിക്കാനും പരിശീലനം നേടാനും ഇത് അവസരം നൽകുന്നു. ഇത് വെറും യാത്രയെക്കുറിച്ചല്ല. ഭാവിയിലെ കഴിവുകൾ, അക്കാദമിക് വിജയം, അടുത്ത തലമുറയ്ക്ക് ഏറ്റവും മികച്ച അവസരങ്ങൾ ലഭ്യമാക്കൽ ഇവയൊക്കെയാണ് ഇതിന്റെ ലക്ഷ്യം” എന്നാണ് നിക് തോമസ്-സൈമൺഡ്സ് വ്യക്തമാക്കിയത്.
“ഈ കരാർ അവസരങ്ങളിലേക്കുള്ള തടസ്സങ്ങൾ നീക്കുകയും, പഠിതാക്കൾക്ക് തൊഴിലുടമകൾ വിലമതിക്കുന്ന കഴിവുകളും ആത്മവിശ്വാസവും അന്താരാഷ്ട്ര പരിചയവും നേടാൻ സഹായിക്കുകയും ചെയ്യുന്നതാണ്” എന്ന് യു.കെയുടെ സ്കിൽസ് മന്ത്രി ബാരോണസ് ജാക്കി സ്മിത്ത് പറഞ്ഞു.
പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു Erasmus+ പദ്ധതിയിൽ പങ്കെടുക്കാൻ യു.കെ. 570 മില്യൺ പൗണ്ട് (ഏകദേശം 763 മില്യൺ ഡോളർ) നൽകും. ഇത് സാധാരണ നൽകേണ്ട മുഴുവൻ തുകയേക്കാൾ 30% കുറവാണ്.
2027-ൽ ഈ പദ്ധതി ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾ, അപ്രന്റീസുകൾ, ഉന്നത പഠനം ലക്ഷ്യമിടുന്നവർ, മുതിർന്ന പഠിതാക്കൾ ഉൾപ്പെടെ 1 ലക്ഷത്തിലധികം പേർക്ക് Erasmus+ പദ്ധതിയിൽ പങ്കാളികളാകാൻ സാധിക്കും. 2020-ൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറിയതിന് (Brexit) ശേഷം, 6 വർഷങ്ങൾക്ക് ശേഷം ആണ് യു.കെ. വീണ്ടും ഈ വിദ്യാഭ്യാസ പദ്ധതിയിലേക്ക് മടങ്ങിയെത്തുന്നത്.
അതേസമയം യു.കെയിലെ ഷാഡോ വിദേശകാര്യ സെക്രട്ടറി പ്രിതി പട്ടേൽ ഈ കരാറിനെ വിമർശിച്ചു. ഇത് “ബ്രസ്സൽസിന്റെ നിയന്ത്രണത്തിലേക്ക് ബ്രിട്ടനെ വീണ്ടും വലിച്ചിഴയ്ക്കാനുള്ള ലേബർ പാർട്ടിയുടെ നീക്കത്തിന്റെ ഭാഗമാണ്” എന്നാണ് അവരുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
