ഇറാന്‍ കരാര്‍: ട്രംപിന്റെ അപ്രതീക്ഷിത പിന്മാറ്റം, ചര്‍ച്ചകള്‍ നീളും

MAY 31, 2026, 8:15 PM

വാഷിംഗ്ടണ്‍: ഇറാനുമായുള്ള നിര്‍ദ്ദിഷ്ട നയതന്ത്ര കരാര്‍ അന്തിമഘട്ടത്തിലേക്ക് കടക്കവേ, കരാര്‍ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശങ്ങള്‍ മടക്കി അയച്ചു. വെള്ളിയാഴ്ച ഉപദേഷ്ടാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ നിര്‍ണായക നീക്കം. ഇതോടെ കരാര്‍ ഒപ്പിടുന്നത് മറ്റൊരു ആഴ്ചയിലേക്ക് നീണ്ടിരിക്കുകയാണ്.

പ്രസിഡന്റ് ആവശ്യപ്പെട്ട കൃത്യമായ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമല്ലെങ്കിലും, ഇറാന്റെ ആണവ പ്രതിബദ്ധതകള്‍, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ശനമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താനാണ് ട്രംപ് നിര്‍ബന്ധം പിടിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗള്‍ഫിലെ യുഎസ് സഖ്യകക്ഷികളെ ഈ ചര്‍ച്ചകളുടെ പുരോഗതി അറിയിച്ചിട്ടുണ്ട്.

ഒബാമ ഭരണകൂടത്തിന്റെ കാലത്തെ ആണവ കരാറിനെ 'പണത്തിന്റെ പാലറ്റുകള്‍' എന്ന് ട്രംപ് മുന്‍പ് പരിഹസിച്ചിരുന്നു. സമാനമായ രീതിയില്‍ പുതിയ കരാറിലൂടെ ഇറാന് എന്ത് സാമ്പത്തിക ആശ്വാസമാണ് ലഭിക്കുക എന്നതിനെക്കുറിച്ച് ട്രംപ് ആശങ്കാകുലനാണ്. എന്നാല്‍, നിലവിലെ ചര്‍ച്ചകളില്‍ പണം കൈമാറുന്നതിനെക്കുറിച്ച് യാതൊരു വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ട്രംപ് അവകാശപ്പെടുമ്പോള്‍, തങ്ങളുടെ ആണവ പദ്ധതിയുടെ വിശദാംശങ്ങള്‍ ഈ ചര്‍ച്ചയുടെ ഭാഗമല്ലെന്ന നിലപാടില്‍ ഇറാനും ഉറച്ചുനില്‍ക്കുന്നു.

ഈ തര്‍ക്കങ്ങള്‍ക്കിടയിലും, കരാര്‍ ഉണ്ടായാല്‍ മേഖലയില്‍ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് യുഎസ് വിലയിരുത്തല്‍.

അതേസമയം ശത്രുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമില്ലെന്നാണ് ഇറാന്റെ പ്രതികരണം. നയതന്ത്ര യുദ്ധക്കളത്തിലെ സൈനികര്‍ക്ക് ശത്രുവിന്റെ വാക്കുകളിലും വാഗ്ദാനങ്ങളിലും വിശ്വാസമില്ല. ടെഹ്റാന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതുവരെ കരാര്‍ അംഗീകരിക്കില്ലെന്ന് അമേരിക്കയുമായുള്ള കരാറിനോട് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പ്രതികരിച്ചത്.

യുദ്ധ പശ്ചാത്തലത്തില്‍ ആഗോള ഊര്‍ജ്ജ വിപണി കടുത്ത പ്രതിസന്ധി നേരിടുകയാണ്. യുഎസിലെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വിലെ എണ്ണശേഖരത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. മെയ് 15 നും 22 നും ഇടയില്‍ മാത്രം കരുതല്‍ ശേഖരത്തില്‍ നിന്നും 9.1 ദശലക്ഷം ബാരല്‍ എണ്ണ കുറഞ്ഞു. ഹ്രസ്വകാല പ്രതിസന്ധി മറികടക്കാന്‍ ബില്യണ്‍ കണക്കിന് ബാരല്‍ എണ്ണ ഇനിയും കരുതല്‍ ശേഖരത്തിലുണ്ടെന്ന് നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹാസെറ്റ് വ്യക്തമാക്കി. എങ്കിലും, കരാര്‍ യാഥാര്‍ത്ഥ്യമായി ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കിയാല്‍ പോലും എണ്ണ വിതരണം സാധാരണ നിലയിലാകാന്‍ കുറഞ്ഞത് രണ്ട് മാസമെടുക്കും.

നിലവില്‍ യുഎസിലെ ശരാശരി ഗ്യാസ് വില ഗാലണിന് $4.34 ആണ്. ഇത് യുദ്ധം ആരംഭിച്ച സമയത്തേക്കാള്‍ 46% കൂടുതലാണ്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം 16% അമേരിക്കക്കാര്‍ മാത്രമാണ് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടതാണെന്ന് കരുതുന്നതെന്ന് ഗാലപ്പ് പോള്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഡ്രോണ്‍, മൈന്‍ ആക്രമണ സാധ്യതകളെ തടയാന്‍ കേവലം വ്യോമാക്രമണങ്ങള്‍ കൊണ്ട് സാധിക്കില്ലെന്നും, അതിന് ശക്തമായ ഒരു നയതന്ത്ര കരാര്‍ തന്നെ ആവശ്യമാണെന്നും ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് കൂണ്‍സ് ഓര്‍മ്മിപ്പിച്ചു.

ചര്‍ച്ചകള്‍ അടുത്ത ആഴ്ചയും തുടരുന്നതോടെ ആഗോള വിപണിയും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത് ട്രംപിന്റെ അടുത്ത നീക്കത്തിലേക്കാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam