സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ വിന്റര്‍തൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ആക്രമണം നടത്തിയ 31 കാരനായ സ്വിസ്-തുര്‍ക്കിഷ് ഇരട്ട പൗരത്വമുള്ള നെസിപ് ഡെഡെലറെ സംഭവസ്ഥലത്തു വച്ചുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കി. ഇതൊരു ആസൂത്രിത ഭീകരാക്രമണമാണെന്ന് സൂറിച്ച് പ്രാദേശിക ഭരണകൂടവും പൊലീസും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാവിലെ 8:30 ഓടെയായിരുന്നു അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ച സംഭവം നടന്നത്. സ്റ്റേഷന് മുന്നില്‍ വച്ച് കയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധവുമായി പ്രതി ജനങ്ങള്‍ക്ക് നേരെ തിരിയുകയായിരുന്നു. ആക്രമണ സമയത്ത് ഇയാള്‍ 'അല്ലാഹു അക്ബര്‍' എന്ന് വിളിച്ച് പറഞ്ഞിരുന്നതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കി. റെയില്‍വേ സ്റ്റേഷന് സമീപം നിന്നിരുന്ന സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി ഓടിമാറിയാണ് രക്ഷപ്പെട്ടത്.
ആക്രമണത്തില്‍ സ്വിസ് പൗരന്മാരായ മൂന്ന് പുരുഷന്മാര്‍ക്കാണ് പരിക്കേറ്റത്. 28, 43 വയസുള്ള രണ്ട് പേരുടെ പരിക്കുകള്‍ ഗുരുതരമല്ല. പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ 52 കാരനായ വ്യക്തിയുടെ തുടയ്ക്കാണ് ഗുരുതരമായി കുത്തേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പിടിയിലായ നെസിപ് ഡെഡെലര്‍ മുന്‍പും തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്ന വ്യക്തിയാണ്. 2015 ല്‍ നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഇയാള്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തുര്‍ക്കിയിലായിരുന്ന പ്രതി ഈ മാസമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിച്ചെത്തിയത്.
ഇയാള്‍ക്ക് ചില മാനസിക വെല്ലുവിളികള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അസ്വാഭാവിക പെരുമാറ്റം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇയാള്‍ സമൂഹത്തിന് ഭീഷണിയല്ലെന്ന് വിലയിരുത്തി ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസമാണ് ഇവിടെ നിന്നും വിട്ടയച്ചത്.
ആക്രമണ വിവരം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് പ്രതിയെ കീഴടക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രതിക്ക് പിന്നില്‍ മറ്റ് കൂട്ടാളികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യത്തില്‍ സൂറിച്ച് കന്റോണല്‍ പൊലീസും ഫെഡറല്‍ ഏജന്‍സികളും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
