മനില: മധ്യ ഫിലിപ്പീൻസിലെ സെബൂ മേഖലയിൽ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10 ഓടെയാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
യുഎസ് ജിയോളജിക്കൽ ഡിപ്പാർട്മെൻ്റ് പറയുന്നത് അനുസരിച്ച്, ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ബോഹോൾ പ്രവിശ്യയിലെ കാലാപ്പെയ്ക്ക് ഏകദേശം 11 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായിട്ടാണ്. ഈ പ്രദേശത്ത് ഏകദേശം 33,000 ആളുകൾ താമസിക്കുന്നുണ്ട്.
ഭൂചലനത്തിന് പിന്നാലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. നാല് കെട്ടിടങ്ങളും ആറ് പാലങ്ങളും പൂർണമായി തകർന്നെന്ന് സെബു പ്രവിശ്യ അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിൽപെട്ടാണു മരണം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.
മൊത്തം കാണാതായവരുടെ എണ്ണത്തെക്കുറിച്ച് ഇതുവരെ കണക്കുകളൊന്നുമില്ല. ബുധനാഴ്ചയും കാണാതായവരുടെ എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ല. 186 പേർക്ക് പരിക്കേറ്റതായും അധികൃതർ പറഞ്ഞു. കനത്ത മഴയും വൈദ്യുതിയുടെ അഭാവവും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമാക്കി.
2013-ൽ അയൽ ദ്വീപായ ബൊഹോളിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 222 പേർ കൊല്ലപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പമാണിത്. പസഫിക് "റിംഗ് ഓഫ് ഫയർ" എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫിലിപ്പീൻസിൽ എല്ലാ വർഷവും 800-ലധികം ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്