മോസ്‌കോ: റഷ്യ യുഎസുമായുള്ള പ്ലൂട്ടോണിയം നിര്‍മാര്‍ജന കരാര്‍ റദ്ദാക്കി. നിയമത്തില്‍ റഷ്യന്‍ പ്രസിഡന്റ്ന്‍ തിങ്കളാഴ്ച ഒപ്പുവെച്ചു. ഇരുപക്ഷവും കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും ചേര്‍ന്നു നിര്‍മിച്ച കരാറായിരുന്നു ഇത്.
ഒക്ടോബര്‍ ആദ്യം തന്നെ റഷ്യ കരാര്‍ റദ്ദാക്കാനുള്ള നിയമം അംഗീകരിച്ചിരുന്നു. ഈ നിയമത്തില്‍ പുടിന്‍ ഒപ്പുവെച്ചതോടെ കരാര്‍ ഔദ്യോഗികമായി റദ്ദായിരിക്കുകയാണ്.
ഉക്രെയ്‌നില്‍ സമാധാന ഉടമ്പടി അംഗീകരിക്കാന്‍ വിസമ്മതിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കരാര്‍ റദ്ദാക്കിയത്. ആണവഎന്‍ജിനുള്ള 'ബുറെവെഷ്‌നിക്' ക്രൂസ് മിസൈല്‍ റഷ്യന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചെന്ന് പുടിന്‍ ഞായറാഴ്ച അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച പുടിനുമായുള്ള സമാധാന ഉച്ചകോടിക്കുള്ള പദ്ധതികള്‍ ട്രംപ് റദ്ദാക്കിയിരുന്നു. അതൊരു സമയം പാഴാക്കലാകുമായിരുന്നു എന്ന് പറഞ്ഞ ട്രംപ്, ഒരു കരാറിന് സമ്മതിക്കുമെന്ന സൂചനകള്‍ പുടിന്‍ നല്‍കുന്നില്ലെങ്കില്‍ ഉച്ചകോടി പുനക്രമീകരിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിരുന്നു. 2000-ല്‍ ഒപ്പുവെക്കുകയും 2010-ല്‍ ഭേദഗതി വരുത്തുകയും ചെയ്ത പ്ലൂട്ടോണിയം മാനേജ്‌മെന്റ് ആന്‍ഡ് ഡിസ്‌പോസിഷന്‍ എഗ്രിമെന്റ് ശീത യുദ്ധകാലത്തെ തങ്ങളുടെ വലിയ പ്ലൂട്ടോണിയം ശേഖരത്തില്‍ നിന്ന് 34 മെട്രിക് ടണ്‍ വീതം കുറയ്ക്കാനും അത് ആണവോര്‍ജ്ജത്തിനായി ഉപയോഗിക്കാനും റഷ്യയേയും യുഎസിനേയും പ്രതിജ്ഞാബദ്ധമാക്കിയിരുന്നു. ഏകദേശം 17,000 ആണവായുധങ്ങള്‍ക്ക് തുല്യമായവ നിര്‍മ്മിക്കാന്‍ ആവശ്യമായ സംമ്പുഷ്ടീകരിച്ച പ്ലൂട്ടോണിയം ഈ കരാറിലൂടെ ഇല്ലാതാകുമെന്നായിരുന്നു യുഎസ് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിരുന്നത്.
ട്രംപിന്റെ മുന്‍ഗാമിയായ ബരാക് ഒബാമയുമായുള്ള ബന്ധം വഷളായ 2016-ല്‍ തന്നെ പുടിന്‍ കരാറിലെ റഷ്യയുടെ പങ്കാളിത്തം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
