തിരുവനന്തപുരം: തലസ്ഥാനത്ത് വധശ്രമക്കേസ് പ്രതിയായ ബിജെപി കൗണ്‍സിലറെ അറസ്റ്റ് ചെയ്യുന്നതിനിടെ വന്‍ സംഘര്‍ഷവും നാടകീയ രംഗങ്ങളും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍. സുഗതനെ പിടികൂടുന്നതിനിടയിലാണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. പ്രതിരോധിക്കാന്‍ വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചു. അക്രമത്തില്‍ വട്ടിയൂര്‍ക്കാവ് സിഐ വിപിന്‍, എസ്‌ഐ അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.
വെള്ളൈക്കടവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതന്‍ വാഴോട്ടുകോണത്തെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ പൊലീസ് സംഘം എത്തിയത്. എന്നാല്‍, സുഗതനും സഹോദരനും അനുയായികളും ചേര്‍ന്ന് പൊലീസ് സംഘത്തെ വളയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പൊലീസുകാരെ തള്ളി താഴെയിടുകയും ചെയ്തു.
സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് ഒടുവില്‍ സിഐ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. തുടര്‍ന്ന് അതീവ സാഹസികമായാണ് പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ സിഐ വിപിന്‍, എസ്‌ഐ അഭിജിത്ത് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയമാക്കി. സിഐയെ നിലവില്‍ സ്‌കാനിംഗിന് വിധേയനാക്കിയിരിക്കുകയാണ്.
മുന്‍പ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സുഗതനെതിരെ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി കരുതല്‍ തടങ്കലിന് ഉത്തരവിട്ടിരുന്നു. വധശ്രമക്കേസില്‍ ഹൈക്കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ഈ മാസം ഏഴാം തീയതിക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് ലംഘിച്ച് ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
