ദുബായ്: മാസങ്ങളായി തുടരുന്ന യു.എസ്-ഇറാന്‍ യുദ്ധത്തില്‍ താല്ക്കാലിക ആശ്വാസമേകിയ വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഇറാന്‍ വന്‍തോതില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇറാന്റെ തെക്കന്‍, കിഴക്കന്‍ പ്രവിശ്യകളില്‍ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഈ നടപടിയെന്ന് ഇറാന്‍ വ്യക്തമാക്കി.
അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹര്‍, കൊനാരക്, ചോഗ്ദക്, ബന്ദര്‍ അബ്ബാസ് എന്നിവടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുഷെഹറിലെ റഷ്യന്‍ നിര്‍മ്മിത ആണവനിലയത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ യു.എസ് മിസൈല്‍ പതിച്ചതായും പ്രാദേശിക അധികൃതര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന യു.എസ് ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചൈന, റഷ്യ എന്നിവരുമായുള്ള വ്യാപാരത്തിനായി ഉപയോഗിക്കുന്ന ഒരു റെയില്‍വേ പാലവും തകര്‍ക്കപ്പെട്ടു.
യു.എസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍
കുവൈറ്റിലെ പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ഖത്തറിലെ ഒരു മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന കേന്ദ്രം, ബഹ്റൈനിലെ യു.എസ് സൈന്യത്തിന്റെ ഇന്ധന സംഭരണശാല എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം. കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ ഒരു ക്രൂസ് മിസൈലും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 10 ഡ്രോണുകളും തങ്ങള്‍ വെടിവെച്ചിട്ടതായി കുവൈറ്റ് അറിയിച്ചു. കൂടാതെ ജോര്‍ദാനിലെ യു.എസ് സൈന്യം ഉപയോഗിക്കുന്ന അസ്രക് സൈനിക താവളത്തിന് നേരെ ഇറാന്‍ 10 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നത് തടസ്സപ്പെടുത്താന്‍ യു.എസ് ശ്രമിക്കുന്നതായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് ആരോപിച്ചു. ഇനി എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടായാല്‍ തകര്‍പ്പന്‍ മറുപടി നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നും, അന്താരാഷ്ട്ര കപ്പല്‍ പാത സുരക്ഷിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഖമേനിക്ക് വിടചൊല്ലി രാജ്യം
കഴിഞ്ഞ ഫെബ്രുവരി 28 ് യു.എസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതിക രീരം മഷാദിലെ വിശുദ്ധ മണ്ണില്‍ സംസ്‌കരിക്കുന്ന അതേ സമയത്താണ് ഗള്‍ഫ് മേഖല വീണ്ടും യുദ്ധഭീതിയിലായത്. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം. ചടങ്ങില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് ജനങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കാത്തത് വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്നതിലും വോട്ടര്‍മാര്‍ക്കിടയില്‍ വലിയതോതില്‍ അതൃപ്തിയുണ്ട്. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കി, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഇരുവിഭാഗത്തോടും നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
