കാന്‍ബറ: വിദേശ രാജ്യങ്ങളിലെ വീടുകളില്‍ ഘടിപ്പിച്ചിട്ടുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കില്‍ വന്‍ തുക കീശയില്‍ നിന്ന് ചോരുമെന്ന് തെളിയിക്കുന്ന അനുഭവവുമായി ഓസ്ട്രേലിയയിലെ ഒരു ഇന്ത്യന്‍ യുവതി. അഞ്ച് മിനിറ്റ് ചൂടുവെള്ളത്തില്‍ കുളിച്ച വാമിക എന്ന യുവതിക്കാണ് ഓസ്ട്രേലിയന്‍ അധികൃതര്‍ 1.30 ലക്ഷം രൂപയോളം (ഏകദേശം 2,400 ലധികം ഓസ്ട്രേലിയന്‍ ഡോളര്‍) പിഴയിട്ടത്. കുളിക്കുമ്പോള്‍ ഉയര്‍ന്ന നീരാവിയാണ് ഈ വന്‍തുക യുവതിക്ക് നഷ്ടമാക്കിയത്.
കഠിനമായ തണുപ്പുള്ള ദിവസമായിരുന്നതിനാല്‍ കുളിമുറിയിലെ എക്സ്ഹോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്യാതെയാണ് വാമിക ചൂടുവെള്ളത്തില്‍ കുളിച്ചത്. ഇതോടെ കുളിമുറിയില്‍ വന്‍തോതില്‍ നീരാവി നിറയുകയും ഇത് അപ്പാര്‍ട്ട്‌മെന്റിലെ അതിസൂക്ഷ്മമായ ഫയര്‍ അലാറം പ്രവര്‍ത്തിപ്പിക്കുകയുമായിരുന്നു. കെട്ടിടത്തില്‍ തീപിടിത്തമുണ്ടായെന്ന മുന്നറിയിപ്പ് സന്ദേശം മുഴങ്ങിയതോടെ മറ്റ് താമസക്കാര്‍ക്കൊപ്പം വാമികയും പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. സാധാരണ നടക്കാറുള്ള ഫയര്‍ ഡ്രില്ലിന്റെ ഭാഗമായാണ് അലാറം അടിച്ചതെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാല്‍ ബില്‍ഡിങ് മാനേജര്‍ വാമികയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി പരിശോധിച്ചപ്പോഴാണ് കുളിമുറിയിലെ നീരാവിയാണ് യഥാര്‍ത്ഥ വില്ലനെന്ന് വ്യക്തമായത്.
ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഫയര്‍ അലാറം മുഴങ്ങിയാല്‍ നിമിഷങ്ങള്‍ക്കകം ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തും. അടിയന്തിര സാഹചര്യങ്ങളല്ലാതെ താമസക്കാരുടെ അശ്രദ്ധ മൂലമാണ് അലാറം അടിച്ചതെങ്കില്‍, ഫയര്‍ഫോഴ്സ് എത്തുന്നതിനുള്ള വലിയ തുക കോള്‍-ഔട്ട് ഫീ ആയി ആ വ്യക്തി തന്നെ അടയ്ക്കേണ്ടി വരും. കുളിമുറിയില്‍ നിന്നുള്ള നീരാവിയോ, അടുക്കളയില്‍ അബദ്ധത്തില്‍ ഭക്ഷണം കരിഞ്ഞുണ്ടാകുന്ന പുകയോ അലാറം പ്രവര്‍ത്തിപ്പിച്ചാലും ഈ ഭീമമായ തുക പിഴയായി ഒടുക്കണം. വിദേശത്ത് താമസിക്കുന്നവര്‍ അവിടുത്തെ സുരക്ഷാ നിയമങ്ങളെക്കുറിച്ച് എത്രത്തോളം ബോധവാന്മാരായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്ന വാമികയുടെ ഈ അനുഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
