ലഗേജിലെ പവര്‍ ബാങ്ക് വില്ലനായി; യാത്രക്കാരന്റെ വെളിപ്പെടുത്തലിന് പിന്നാലെ ലണ്ടന്‍ വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

MAY 25, 2026, 9:26 AM

ലണ്ടന്‍: വിമാനത്തിന്റെ ഹോള്‍ഡ് ലഗേജില്‍ സൂക്ഷിച്ചിരുന്ന പവര്‍ ബാങ്കില്‍ നിന്ന് ഉപകരണം ചാര്‍ജ് ചെയ്യുന്നതായി യാത്രികന്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈസി ജെറ്റ് വിമാനം അടിയന്തരമായി റോമിലേക്ക് വഴിതിരിച്ചുവിട്ടു. ഈജിപ്ഷ്യന്‍ വിനോദസഞ്ചാര കേന്ദ്രമായ ഹുര്‍ഘഡയില്‍ നിന്ന് ലണ്ടന്‍ ലൂട്ടണ്‍ വിമാനത്താവളത്തിലേക്ക് 180 യാത്രക്കാരുമായി പോവുകയായിരുന്ന ഇസെഡ്-2618 ഫ്‌ലൈറ്റാണ് ചൊവ്വാഴ്ച രാത്രി ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലിറക്കിയത്.

ഫ്‌ലൈറ്റ്അവെയര്‍ വിവരങ്ങള്‍ പ്രകാരം 36,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനമാണ് സുരക്ഷാ മുന്‍ കരുതലുകളുടെ ഭാഗമായി പെട്ടെന്ന് വഴിതിരിച്ചുവിട്ടത്. രാത്രി 11:33 ഓടെ വിമാനം റോം ഫിയുമിസിനോ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയര്‍ലൈന്‍ പ്രഥമ പരിഗണന നല്‍കുന്നത്. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ക്യാപ്റ്റന്‍ വിമാനം വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ഈസിജെറ്റ് വക്താവ് സിഎന്‍എന്നിനോട് പറഞ്ഞു. ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാലാണ് യാത്ര ബുധനാഴ്ചത്തേക്ക് മാറ്റേണ്ടി വന്നതെന്നും യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസവും ഭക്ഷണവും ഒരുക്കിയതായും എയര്‍ലൈന്‍ അറിയിച്ചു.

ലിഥിയം-അയണ്‍ ബാറ്ററികള്‍ അടങ്ങിയ പവര്‍ ബാങ്കുകള്‍ വിമാനങ്ങള്‍ക്കുള്ളില്‍ ഉയര്‍ത്തുന്ന തീപിടുത്ത സാധ്യത കണക്കിലെടുത്ത് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പുതിയ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു യാത്രക്കാരന് പരമാവധി രണ്ട് പവര്‍ ബാങ്കുകള്‍ മാത്രമേ കൈവശം വെയ്ക്കാന്‍ അനുവാദമുള്ളൂ. വിമാനയാത്രയിലുടനീളം പവര്‍ ബാങ്കുകള്‍ റീചാര്‍ജ് ചെയ്യുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. പവര്‍ ബാങ്കുകള്‍ ഒരിക്കലും ചെക്ക്-ഇന്‍ ലഗേജുകളില്‍ വെയ്ക്കാന്‍ പാടില്ല. ക്യാബിന്‍ ബാഗുകളില്‍ മാത്രമേ ഇവ അനുവദിക്കൂ.

ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് തുടങ്ങിയവരും പവര്‍ ബാങ്ക് ഉപയോഗത്തിന്മേല്‍ സ്വന്തം നിലയില്‍ കര്‍ശന വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികള്‍ അമിതമായി ചൂടായാല്‍ 'തെര്‍മല്‍ റണ്‍അവേ' എന്ന രാസപ്രവര്‍ത്തനത്തിലൂടെ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണങ്ങള്‍.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ വിമാനങ്ങളില്‍ ലിഥിയം-അയണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ട് 563 തീപിടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 230 എണ്ണവും പവര്‍ ബാങ്കുകള്‍ ഉള്‍പ്പെടുന്ന ബാറ്ററി പാക്കുകള്‍ മൂലമാണ് ഉണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam