ബീജിംഗ്: പശ്ചിമേഷ്യയിൽ മൂന്നാഴ്ചയായി തുടരുന്ന രൂക്ഷമായ സൈനിക സംഘർഷം ആഗോള ഊർജ്ജ മേഖലയെയും വ്യാപാരത്തെയും തകർക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.
യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ചൈന, സായുധ പോരാട്ടങ്ങൾ പ്രശ്നപരിഹാരമല്ലെന്നും പകരം പുതിയ വിദ്വേഷങ്ങൾ സൃഷ്ടിക്കുക മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി. റമദാൻ മാസത്തിന്റെ അവസാനത്തിൽ മുസ്ലിം സമൂഹത്തോടുള്ള ചൈനയുടെ നിലപാട് വ്യക്തമാക്കവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ഇക്കാര്യം അറിയിച്ചത്.
യുദ്ധം വ്യാപിക്കുന്നത് എല്ലാ രാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് ചൈന ചൂണ്ടിക്കാട്ടി. മേഖലയിൽ നിന്നുള്ള ഇന്ധന നീക്കം തടസ്സപ്പെടാതിരിക്കാൻ എല്ലാ വിഭാഗങ്ങളും പോരാട്ടം അവസാനിപ്പിക്കണമെന്ന് ബീജിംഗ് ആവർത്തിച്ചു.
ഇറാഖ് യുദ്ധത്തിന്റെ ഇരുപത്തിമൂന്നാം വാർഷിക വേളയിലാണ് ചൈനയുടെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. മുൻകാലത്തെ വിദേശ അധിനിവേശങ്ങൾ വർഷങ്ങളോളം നീണ്ടുനിന്ന അസ്ഥിരതയ്ക്കും തീവ്രവാദ ഗ്രൂപ്പുകളുടെ വളർച്ചയ്ക്കുമാണ് വഴിവെച്ചതെന്ന് ചൈന ഓർമ്മിപ്പിച്ചു.
യുദ്ധം തുടരുന്നത് ചൈനയുടെ ആഗോള സാമ്പത്തിക പദ്ധതികൾക്കും തിരിച്ചടിയാകുന്നുണ്ട്. ഷി ജിൻപിംഗിന്റെ സ്വപ്ന പദ്ധതിയായ 'ബെൽറ്റ് ആൻഡ് റോഡ്' സംരംഭത്തെ ഈ അനിശ്ചിതത്വം ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഊർജ്ജ വില വർധിക്കുന്നത് ചൈനീസ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തെയും ആഭ്യന്തര വിപണിയെയും പ്രതികൂലമായി ബാധിക്കും. കൂടാതെ, യുദ്ധം മൂലം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഒന്നര മാസത്തേക്ക് നീട്ടിവെച്ചതായും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
