ന്യൂഡൽഹി: ഇസ്രായേലിനെ 'മാനവികതയുടെ ശാപം' എന്നും പിശാച് എന്നും വിശേഷിപ്പിച്ച പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെത്തുടർന്ന് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ഖ്വാജ ആസിഫിന്റെ വിവാദ പരാമർശം. ഒരു രാജ്യത്തെ ഇല്ലാതാക്കണമെന്ന തരത്തിലുള്ള പാക് മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രകോപനപരമാണെന്ന് നെതന്യാഹു പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ചർച്ചകൾ പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ പുരോഗമിക്കവെയാണ് ലെബനനിൽ ഇസ്രായേൽ ആക്രമണം നടത്തിയത്. ഇതിൽ പ്രകോപിതനായാണ് ആസിഫ് രംഗത്തെത്തിയത്. "യൂറോപ്യൻ ജൂതന്മാരെ ഒഴിവാക്കാൻ പലസ്തീൻ മണ്ണിൽ ഈ അർബുദ രാജ്യം സൃഷ്ടിച്ചവർ നരകത്തിൽ എരിയും" എന്നായിരുന്നു ആസിഫിന്റെ പോസ്റ്റ്. പ്രതിഷേധം കടുത്തതോടെ അദ്ദേഹം പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു.
സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഒരു രാജ്യത്തുനിന്ന് ഇത്തരം പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദയോൻ സാറും പാകിസ്ഥാനെതിരെ രംഗത്തെത്തി. തങ്ങളെ നശിപ്പിക്കുമെന്ന് ശപഥം ചെയ്ത ഭീകരർക്കെതിരെ ഇസ്രായേൽ പ്രതിരോധം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്ത ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരമൊരു നേരിട്ടുള്ള വാക്പോര് അപൂർവ്വമാണ്.
ഇസ്രായേൽ ലെബനനിലെ ആക്രമണം നിർത്തിയില്ലെങ്കിൽ ശനിയാഴ്ച ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന യുഎസ് - ഇറാൻ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ സൂചിപ്പിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി അസിം മുനീറും ഇടപെട്ടാണ് രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് കളമൊരുക്കിയത്.
എന്നാൽ ലെബനൻ വെടിനിർത്തലിന്റെ ഭാഗമല്ലെന്നാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും നിലപാട്. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കിടയിൽ പാക് മന്ത്രിയുടെ പരാമർശം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സമാധാന കരാറിൽ വിള്ളൽ; ലോകത്തെ നടുക്കി എണ്ണവില കുതിക്കുന്നു, ബാരലിന് 150 ഡോളറിലേക്ക്?
ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങളുമായി ഇറാൻ; യുദ്ധത്തിനില്ലെന്ന് പ്രഖ്യാപിച്ച് മുജ്തബ ഖമേനി
യുക്രെയ്നിൽ ആയുധങ്ങൾ താഴെവെക്കാൻ പുടിന്റെ ഉത്തരവ്; ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് 32 മണിക്കൂർ
ഷി ജിൻപിങ് ധർമ്മസങ്കടത്തിൽ! 270 ബില്യൺ ഡോളർ ഗൾഫ് നിക്ഷേപം അപകടത്തിൽ