ദാവോസ്: ഗാസയിലെ സമാധാനവും പുനര്‍ നിര്‍മാണവും ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവിഷ്‌ക്കരിച്ച ബോര്‍ഡ് ഓഫ് പീസിന് ഔദ്യോഗിക തുടക്കമായി. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍വച്ചായിരുന്നു പ്രഖ്യാപനം.
35 രാജ്യങ്ങളുടെ പിന്തുണയോടെ ആരംഭിച്ച പദ്ധതിയില്‍ സൗദി അറേബ്യ, ഇസ്രയേല്‍, തുര്‍ക്കി, യുഎഇ, അര്‍ജന്റീന, ഇന്തോനേഷ്യ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്ഥാപകാംഗങ്ങളാണ്. റഷ്യയും ഇസ്രയേലും ബോര്‍ഡില്‍ ചേരാന്‍ സമ്മതം അറിയിച്ചതായാണ് സൂചന.
അതേസമയം ഹമാസ് ഉടന്‍ ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടിവരുമെന്നാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗാസയിലെ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനൊപ്പം ആഗോളതലത്തിലുള്ള മറ്റ് സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ബോര്‍ഡ് മുന്‍കൈ എടുക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇത് ഐക്യരാഷ്ട്ര സഭയ്ക്ക് പകരമല്ലെന്നും മറിച്ച് യുഎന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബോഡിയായി മാറുമെന്നും ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ ട്രംപ് വ്യക്തമാക്കി. എന്നാല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനങ്ങളുടെ പരിധിയില്‍ നിന്ന് മാത്രമേ ഐക്യരാഷ്ട്രസഭ ഇതിനോട് സഹകരിക്കുകയുള്ളൂ എന്ന് യുഎന്‍ വക്താവ് വ്യക്തമാക്കി.
ട്രംപിന്റെ സുപ്രധാന നീക്കമായ ബോര്‍ഡ് ഓഫ് പീസില്‍ ഇന്ത്യ പങ്കാളിത്തം സ്വീകരിച്ചിട്ടില്ല. ഇന്ത്യയെ കൂടാതെ ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, ജര്‍മനി എന്നി രാജ്യങ്ങളും സംരംഭത്തില്‍ നിന്ന് വിട്ടുനിന്നു. പദ്ധതിയില്‍ ചേരാന്‍ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ഫ്രഞ്ച് വീഞ്ഞിന്മേല്‍ അമേരിക്ക 200 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. അതേസമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങില്‍ നേരിട്ടെത്തി കരാറില്‍ ഒപ്പ് വെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
