കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നാളെ മുതല്‍ തൊഴില്‍ മേഖലയില്‍ വലിയ മാറ്റം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത് ബാധകമാകുക. നിലവിലെ സ്പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നതിന് പുറമെ പാര്‍ട്ട് ടൈം ആയി മറ്റൊരു ജോലി ചെയ്യാനും അനുമതി നല്‍കുന്നു എന്നതാണ് പുതിയ മാറ്റം. കുവൈറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള അവസരം കൂടിയാണിത്.
കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമാണെങ്കിലും ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഇത്തരത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുക. മാത്രമല്ല നിലവില്‍ കുവൈറ്റിലുള്ളവര്‍ക്ക് പുതിയ ജോലി ലഭിക്കുമെങ്കിലും കൂടുതല്‍ പേര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം നഷ്ടമാകുമെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ തീരുമാനം ബാധകമാകുക. സ്പോണ്‍സര്‍ക്ക് കീഴില്‍ അല്ലാതെ മറ്റു കമ്പനികളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതിയാണ് നല്‍കുന്നത്. 2024 ജനുവരി ഒന്ന് മുതല്‍ ഈ തീരുമാനം നടപ്പാകും. പാര്‍ട്ട് ടൈം ജോലി ആയോ വര്‍ക്ക് ഫ്രം ഹോം ആയോ ജോലി ചെയ്യാം. ഇതിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കുകയും ചെയ്യാം.
ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ തങ്ങളുടെ യഥാര്‍ഥ സ്പോണ്‍സറില്‍ നിന്ന് അനുമതി വാങ്ങണം എന്നതാണ് പ്രധാന നിബന്ധന. ഒരു ദിവസം നാല് മണിക്കൂര്‍ മാത്രമേ പാര്‍ട്ട് ടൈം ജോലി അനുവദിക്കൂ.
സ്പോണ്‍സറില്‍ അനുമതി ലഭിച്ചാല്‍ മാത്രം പോര. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവന്‍ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിയും പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ ആവശ്യമാണ്. അതേസമയം കരാര്‍ ജോലിക്കാര്‍ക്ക് പ്രതിദിന മണിക്കൂര്‍ പരിധി നിശ്ചയിച്ചിട്ടില്ല. ജോലിക്കാരെ കൂടുതലായി ആവശ്യം വരുന്നതിനാലാണിത്. കുവൈറ്റില്‍ ജോലി അവസരം വര്‍ധിച്ചുവരികയാണ്.
എന്നാല്‍ യോഗ്യതയുള്ള ജോലിക്കാരെ വേണ്ട വിധം കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്. ഇതാണ് പാര്‍ട്ട് ടൈം ജോലി അനുവദിച്ച് ഉത്തരവിറങ്ങാന്‍ കാരണം. രാജ്യത്തുള്ള തൊഴില്‍ ശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നത് വഴിയുണ്ടാകുന്ന അമിത ചെലവ് കുറയ്ക്കാനും ഇതുമൂലം സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്