ഗാസ: കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം ഗാസയില്‍ മരണപ്പെട്ടത് 21 കുട്ടികളെന്ന് റിപ്പോര്‍ട്ട്. ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാല്‍മിയ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാസ സിറ്റിയിലെ മൂന്ന് ആശുപത്രികളിലാണ് ഇത്രയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പട്ടിണിമൂലം ഗാസയില്‍ ചൊവ്വാഴ്ച 6 ആഴ്ച പ്രായമുള്ള കുഞ്ഞ് അടക്കം 4 കുട്ടികള്‍ കൂടി മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. വടക്കന്‍ ഗാസയിലെ ആശുപത്രിയിലാണു കുഞ്ഞ് മരിച്ചത്. ഖാന്‍ യൂനിസിലെ ആശുപത്രിയിലാണു 3 കുട്ടികള്‍ മരിച്ചത്.
കഴിഞ്ഞ ആഴ്ചകളില്‍ പട്ടിണി മൂലം 80 കുട്ടികളടക്കം 101 പേരാണു മരിച്ചത്. ഐക്യരാഷ്ട്ര സംഘടന പാലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ)യുടെ ജീവനക്കാരും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും വരെ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ ജോലിക്കിടെ കുഴഞ്ഞുവീഴുകയാണെന്ന് മേധാവി ഫിലിപെ ലസറിനി അറിയിച്ചു.
ഗാസയില്‍ പോഷകാഹാരക്കുറവുള്ള കുട്ടികളും മുതിര്‍ന്നവരും വര്‍ധിച്ചുവരുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തുവന്നത്. ഗാസയിലെ 20 ലക്ഷത്തിലധികം വരുന്ന ജനസംഖ്യ ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. അതേസമയം, ചില സഹായ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കുന്നുണ്ടെങ്കിലും ജനം ഇസ്രയേല്‍ സേനയുടെ ആക്രമണ ഭീതിയിലാണ്.
ഇസ്രയേല്‍ ഉപരോധം കാരണം ഗാസ കടുത്ത ക്ഷാമം നേരിടുകയാണ്. ഗാസയിലെ ഔദ്യോഗിക റിപ്പോര്‍ട്ടുകളുനുസരിച്ച് മാസങ്ങളായി ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ എത്തുന്നില്ല എന്നാണ്. എത്തുന്നത് തന്നെ കൃത്യമായി വിതരണം ചെയ്യപ്പെടുന്നുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
