ദുബായ്: 2026 ല്‍ വാര്‍ഷിക അവധികള്‍ തന്ത്രപൂര്‍വ്വം ആസൂത്രണം ചെയ്താല്‍ യുഎഇയിലെ താമസക്കാര്‍ക്ക് 14 ദിവസത്തെ ലീവുകൊണ്ട് 41 ദിവസം വരെ നീണ്ട അവധിക്കാലം സ്വന്തമാക്കാന്‍ അവസരം ലഭിക്കും. യുഎഇ മന്ത്രിസഭാ തീരുമാന പ്രകാരം പ്രഖ്യാപിച്ച 13 പൊതു അവധി ദിനങ്ങളെയും വാരാന്ത്യങ്ങളെയും സംയോജിപ്പിച്ചാണ് ഈ വലിയ അവധിക്കാലം ആസ്വദിക്കാന്‍ സാധിക്കുക.
ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക അവധികളുടെ (പെരുന്നാള്‍ പോലുള്ളവ) പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടല്‍. നീണ്ട അവധിക്ക് സാധ്യതയുള്ള ആറ് പ്രധാന ബ്ലോക്കുകള്‍
പുതുവത്സരം (ജനുവരി): ജനുവരി 1 നാണ് അവധി. ജനുവരി 2 ന് ലീവെടുക്കുന്നവര്‍ക്ക് വാരാന്ത്യം ഉള്‍പ്പെടെ 4 ദിവസത്തെ തുടര്‍ച്ചയായ അവധിക്ക് അവസരം ലഭിക്കും. (ആവശ്യമായ ലീവ്: 1 ദിവസം)
റമസാന്‍ പെരുന്നാള്‍(ഈദുല്‍ ഫിത്ര്‍ -മാര്‍ച്ച്): മാര്‍ച്ച് 20, 21, 22 തീയതികളിലാണ് പെരുന്നാള്‍ അവധി പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 16 മുതല്‍ 19 വരെ (തിങ്കള്‍ മുതല്‍ വ്യാഴം വരെ) ലീവെടുക്കുന്നതിലൂടെ വാരാന്ത്യവും പെരുന്നാള്‍ അവധിയും ചേര്‍ത്ത് 9 ദിവസത്തെ നീണ്ട അവധിക്കാലം ലഭിക്കും. (ആവശ്യമായ ലീവ്: 4 ദിവസം)
ബലിപെരുന്നാള്‍ (മെയ്): മെയ് 26ന് അറഫാ ദിനവും തുടര്‍ന്ന് 27 മുതല്‍ 29 വരെ പെരുന്നാള്‍ അവധിക്കും സാധ്യതയുണ്ട്. മെയ് 25 (തിങ്കളാഴ്ച) ലീവെടുക്കുന്നതിലൂടെ വാരാന്ത്യം ഉള്‍പ്പെടെ 9 ദിവസത്തെ തുടര്‍ച്ചയായ അവധി നേടാം. (ആവശ്യമായ ലീവ്: 1 ദിവസം)
ഇസ്ലാമിക് പുതുവര്‍ഷം (ജൂണ്‍): ജൂണ്‍ 17(ബുധന്‍) നാണ് അവധിയെങ്കില്‍, 18 (വ്യാഴം), 19 (വെള്ളി) തീയതികളില്‍ ലീവെടുക്കുന്നതിലൂടെ വാരാന്ത്യം ഉള്‍പ്പെടെ 5 ദിവസത്തെ അവധിക്ക് അവസരമുണ്ട്. (ആവശ്യമായ ലീവ്: 2 ദിവസം)
നബിദിനം (ഓഗസ്റ്റ്): ഓഗസ്റ്റ് 25 നാണ് അവധി പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 24 തിങ്കളാഴ്ച ലീവെടുക്കുന്നതിലൂടെ വാരാന്ത്യം ഉള്‍പ്പെടെ 4 ദിവസത്തെ അവധിക്ക് അവസരം ലഭിക്കും. (ആവശ്യമായ ലീവ്: 1 ദിവസം)
ദേശീയ ദിനം (ഡിസംബര്‍): ഡിസംബര്‍ 2, 3 തീയതികളിലാണ് ദേശീയ ദിനം. നവംബര്‍ 30 (തിങ്കള്‍), ഡിസംബര്‍ 1 (ചൊവ്വ), ഡിസംബര്‍ 4 (വെള്ളി) എന്നീ മൂന്ന് ദിവസം ലീവെടുക്കുന്നതിലൂടെ വാരാന്ത്യവും അവധിയും ചേര്‍ത്ത് 9 ദിവസത്തെ നീണ്ട അവധിക്ക് അവസരം ലഭിക്കും. (ആവശ്യമായ ലീവ്: 3 ദിവസം)
വാര്‍ഷിക അവധിക്കിടയില്‍ വരുന്ന പൊതു അവധികള്‍ ലീവ് ദിനങ്ങളായി കണക്കാക്കുമെന്നതാണ് പൊതുനിയമം. എങ്കിലും, കമ്പനി നിയമങ്ങള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ അനുകൂലമായേക്കാം. തിരക്കുള്ള സമയങ്ങളിലും ആഘോഷ വേളകളിലും അവധി വേണമെങ്കില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കുക. സ്ഥാപനത്തിന്റെ പ്രവര്‍ത്തനപരമായ ആവശ്യകതകള്‍ മുന്‍നിര്‍ത്തി, രേഖാമൂലം അറിയിച്ചുകൊണ്ട് ജീവനക്കാരുടെ അവധി അപേക്ഷകള്‍ മാറ്റിവയ്ക്കാനോ നിരസിക്കാനോ ഉള്ള അധികാരം തൊഴിലുടമയ്ക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
