ന്യൂഡല്‍ഹി: മകന്റെ കിടപ്പില്‍ മനംനൊന്ത് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ട് തവണ തള്ളിയ അപേക്ഷ ഇപ്പോള്‍ വീണ്ടും കോടതി പരിഗണിച്ചു. ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിയായ ഹരീഷ് റാണയുടെ മാതാപിതാക്കളാണ് ദയാവധത്തിന് കോടതിയെ സമീപിച്ചത്.
2013 ല്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീഴുന്നത്. തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ് പിന്നീട് പല ആശുപത്രികളിലായി ചികിത്സ. പക്ഷേ, കാര്യമുണ്ടായില്ല. അപകടത്തിന്റെ തീവ്രതയില്‍ അബോധാവസ്ഥയിലായി ഇന്നും അതേയവസ്ഥയില്‍ തുടരുന്ന ആ ചെറുപ്പക്കാരന്‍ സുഖംപ്രാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മകന്റെ കിടപ്പില്‍ മനംനൊന്തും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന വിശ്വാസത്തിലും ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് തവണ തള്ളിയ അപേക്ഷയാണ് ഇപ്പോള്‍ വീണ്ടും കോടതി പരിഗണിച്ചിരിക്കുന്നത്.
പഞ്ചാബ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കെയാണ് അന്നത്തെ 19കാരന്റെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ഛണ്ഡീഗഢില്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അവന്‍ താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന്, അബോധാവസ്ഥയിലായ റാണയ്ക്ക് പല തവണയായി ചികിത്സ നല്‍കിയിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല.
ഇപ്പോള്‍ 31 വയസുള്ള റാണയെ ദയാവധത്തിന് വിധേയനാക്കാന്‍ അനുവദിക്കണമെന്ന വൃദ്ധമാതാപിതാക്കളുടെ ഹര്‍ജിയില്‍ ജനുവരി 13ന് വാദം കേട്ട ശേഷം സുപ്രിംകോടതി അന്തിമ തീരുമാനമെടുക്കും. ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, കെ.വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മാതാപിതാക്കളുടെ ആവശ്യം കേട്ട ബെഞ്ച് നിര്‍ണായക വിധി പുറപ്പെടുവിക്കേണ്ട സമയമാണിതെന്ന് സൂചിപ്പിക്കുകയും ചെയ്തു.
രോഗി ചികിത്സയില്‍ കഴിഞ്ഞിരുന്ന ന്യൂഡല്‍ഹി എയിംസിലെ സെക്കന്‍ഡറി മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പഠിക്കാന്‍ അഭിഭാഷക രശ്മി നന്ദകുമാര്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി എന്നിവരോട് കോടതി നിര്‍ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
