വിജയ് ദേവരകൊണ്ടയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ 'കിംഗ്ഡം' ജൂലൈ 31-ന് തെലുങ്ക്, തമിഴ് ഭാഷകളിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.
ഇതിനിടെ ചിത്രത്തിൻറെ ഹിന്ദി പതിപ്പായ 'സാമ്രാജ്യ'യുടെ തിയേറ്റർ റിലീസിനെ കുറിച്ച് ഒരു അപ്രതീക്ഷിത വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നാല് മാസം മുമ്പ് ഹിന്ദി ടീസർ റിലീസ് ചെയ്തിരുന്നെങ്കിലും, 'കിംഗ്ഡം' ഹിന്ദിയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്നും പകരം നെറ്റ്ഫ്ലിക്സിൽ നേരിട്ട് ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ പ്രദർശനത്തിന് എത്തുമെന്നുമാണ് റിപ്പോർട്ടുകൾ.
'ജേഴ്സി' ഫെയിം ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന 'കിംഗ്ഡം' ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ്, വിജയ് ദേവരകൊണ്ട ഒരു പോലീസ് ഓഫീസറുടെ വേഷത്തിൽ അവതരിപ്പിക്കുന്നു. ഭാഗ്യശ്രീ ബോർസെ, സത്യദേവ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം വൻ ആക്ഷൻ രംഗങ്ങളോടെയാണ് എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ഈ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകരിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സിതാര എന്റർടെയ്ൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസുമാണ് ചിത്രം നിർമ്മിക്കുന്നത്.
'കിംഗ്ഡം' സിനിമയുടെ നിർമ്മാതാക്കൾ ആദ്യം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ഒരു പാൻ-ഇന്ത്യ റിലീസാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഷൂട്ടിംഗിലും പോസ്റ്റ്-പ്രൊഡക്ഷനിലും ഉണ്ടായ കാലതാമസം മൂലം നെറ്റ്ഫ്ലിക്സുമായുള്ള കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ടി വന്നു.
ഹിന്ദി മൾട്ടിപ്ലെക്സുകളിൽ ഒരു സിനിമ റിലീസ് ചെയ്യണമെങ്കിൽ തിയേറ്റർ റിലീസിനും ഒ.ടി.ടി. പ്രദർശനത്തിനും ഇടയിൽ എട്ട് ആഴ്ചകളുടെ ഇടവേള വേണമെന്നാണ് നിയമം. ഇത് നെറ്റ്ഫ്ലിക്സിന്റെ റിലീസ് പ്ലാനിന് തടസ്സമായതിനാൽ ഹിന്ദി പതിപ്പിന്റെ തിയേറ്റർ റിലീസ് ഒഴിവാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു.
വിജയ് ദേവരകൊണ്ടയുടെ മുൻ ചിത്രങ്ങളായ 'ലൈഗർ', 'കുഷി', 'ദി ഫാമിലി സ്റ്റാർ' എന്നിവ ഹിന്ദി ബോക്സ് ഓഫീസിൽ വലിയ വിജയം നേടാത്തതും ഈ തീരുമാനത്തിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൂലൈ 25-ന് ബോളിവുഡ് ചിത്രങ്ങളായ 'സൺ ഓഫ് സർദാർ 2', 'പരം സുന്ദരി' എന്നിവ റിലീസിന് തയ്യാറെടുക്കുന്നതിനാൽ ഹിന്ദി മൾട്ടിപ്ലെക്സുകളിൽ 'സാമ്രാജ്യ'ക്ക് ആവശ്യമായ സ്ക്രീനുകൾ ലഭിക്കാനുള്ള സാധ്യതയും കുറവാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്