ഇന്നത്തെ പ്രശസ്ത നടൻ മധു പണ്ട് ഡൽഹിയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ കോഴ്‌സ് കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുകയാണ്. അതിനിടെ മദ്രാസിലിറങ്ങി രാമുകാര്യാട്ടിന്റെ 'മൂടുപട'ത്തിൽ ചെറിയൊരു വേഷം അഭിനയിച്ചു. അതിനിടയിൽ യാദൃശ്ചികമായി വേറെ നല്ലൊരു വേഷം ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്.
ശോഭനാ പരമേശ്വരൻനായർ പാറപ്പുറത്തിന്റെ 'നിണമണിഞ്ഞ കാൽപ്പാടുകൾ' സിനിമയാക്കാൻ തീരുമാനിച്ചു. സൈനികരുടെ ജീവിതമാണ് പ്രമേയം. നായകനായി പ്രേംനസീറിനെ നിശ്ചയിച്ചു. രണ്ടാമതു ഒരു കഥാപാത്രമുണ്ട്. അതു സത്യനാകാമെന്ന് മനസ്സിൽ കണ്ടു. സത്യനും പരമേശ്വരൻ നായരും ഉറ്റസുഹൃത്തുക്കളായിരുന്നു. നീലക്കുയിലിന്റെ ഔട്ട്‌ഡോർ ഷൂട്ടിംഗിന് വന്നപ്പോൾ സത്യൻ താമസിച്ചതുപോലും പരമേശ്വരൻ നായരുടെ വീട്ടിലാണ്. പക്ഷെ ഈ ചിത്രത്തിൽ പ്രേംനസീറിനു മുഖ്യവേഷം നൽകുന്നതു സത്യനു രസിച്ചില്ല.
പരമേശ്വരൻ നായർ പക്ഷെ അതത്ര കാര്യമാക്കിയില്ല. ഇത്രയേറെ അടുപ്പമുള്ളത് തന്റെ ചിത്രത്തിൽ അഭിനയിക്കാതിരിക്കുകയോ? ഇല്ലെന്നു പറഞ്ഞത് അപ്പോഴത്തെ ഒരു വാശി എന്നേ പരമേശ്വരൻ നായരും കരുതിയുള്ളൂ. സത്യൻ വരുമെന്നും സഹകരിക്കുമെന്നും അദ്ദേഹം കരുതി.
ഷൂട്ടിംഗ് ആരംഭിക്കാറായി. പൂജയ്ക്ക് അതിഥിയായി സത്യനും എത്തി. സത്യനുവേണ്ടി പരമേശ്വരൻ നായർ കണ്ടുവച്ച കഥാപാത്രം ഇടയ്ക്കുവച്ച് മരണപ്പെടുകയാണ്.
നസീറിന്റെ കഥാപാത്രം, മരിച്ചുപോയ തന്റെ സുഹൃത്തിന്റെ വീടുതേടി വരുന്ന ഒരു രംഗമാണ് ആദ്യദിവസം ചിത്രീകരിക്കേണ്ടത്. അതിനാൽ ഭിത്തിയിൽ സത്യന്റെ ഒരു ചിത്രം തൂക്കിയിരുന്നു.
പൂജയ്ക്കു വന്ന സത്യൻ ഇതുകണ്ട് നിർമ്മാതാവിനോടും സംവിധായകനോടും പറഞ്ഞു.
'ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കില്ല. അഭിനയിക്കും എന്ന പ്രതീക്ഷയിൽ ആ ചിത്രം അവിടെ തൂക്കേണ്ട. അതെടുത്തു മാറ്റുക അല്ലെങ്കിൽ ഈ സീൻ വീണ്ടും ഷൂട്ടു ചെയ്യേണ്ടിവരും'.
അപ്പോഴാണ് സത്യൻ നേരത്തെ പറഞ്ഞത് ഗൗരവമായിട്ടായിരുന്നുവെന്നും ഈ ചിത്രത്തിൽ അദ്ദേഹത്തെ പ്രതീക്ഷിക്കേണ്ടതില്ലെന്നും പരമേശ്വരൻ നായർക്കു ബോധ്യമായത്.
പകരം ആരെന്നു ചിന്തിച്ചപ്പോൾ രാമുകാര്യാട്ടാണ് മധുവിന്റെ പേരു നിർദ്ദേശിച്ചത്. അങ്ങനെ മധുവെന്ന് നിണമണിഞ്ഞ കാല്പാടുകളിൽ അഭിനയിച്ചു.
പടം ഹിറ്റായി. സത്യൻ പടം കണ്ടു. തനിക്കു പകരം അഭിനയിച്ച ചെറുപ്പക്കാരന്റെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സാമ്പാ ജോൺ ജെ. പുതുച്ചിറ (97479 29761)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്