മാത്യു തോമസിനെ നായകനാക്കി നവാഗതനായ നൗഫൽ അബ്ദുള്ള ഒരുക്കിയ ഹൊറർ കോമഡി ത്രില്ലർ 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ' മികച്ച പ്രതികരണത്തോടെ പ്രദർശനം ആരംഭിച്ചു. ഫാന്റസി എലമെന്റുകൾ ചേർത്തിണക്കി തയ്യാറാക്കിയ ചിത്രം കേരള തമിഴ്‌നാട് അതിർത്തിയിലുള്ള നെല്ലിക്കാംപൊയിൽ എന്ന സാങ്കൽപിക ഗ്രാമത്തെ അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെ അതിർത്തി ഗ്രാമത്തിലെ പ്രണയവും സൗഹൃദവുമൊക്കെയായി പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രം ബാംഗ്ലൂരിൽ പഠിക്കുന്ന ശ്യം (മാത്യു തോമസ്) എന്ന ചെറുപ്പക്കാരന്റെ വോയ്‌സ് ഓവറിലൂടെയാണ് ആരംഭിക്കുന്നത്.
മിത്തുകളിലും അദൃശ്യശക്തികളുടെ സാന്നിധ്യത്തിലുമൊക്കെ ആഴത്തിൽ വിശ്വാസമുള്ള ഗ്രാമീണർക്ക് പൊതുവായുള്ള ഒന്ന് ഭയമാണ്. ഈ ഭയത്തിനിടയിലേക്ക് ഗ്രാമവാസികളുടെ ജീവിതത്തിലേക്ക് എത്തുന്ന രാത്രി സഞ്ചാരിയായ കുതിരകാലുകളുള്ള ഭീകരരൂപം അവരുടെ ജീവിതത്തിനു തന്നെ ഭീക്ഷണിയാകുന്നു.
അത്തരത്തിലുള്ള പുതിയ ഒരു സാന്നിധ്യത്തെക്കുറിച്ചുള്ള അനുഭവ കഥകളിലേക്കാണ് ശ്യാം ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വണ്ടിയിറങ്ങുന്നത്. പൊതുവെ ഇരുട്ടിനെ പേടിയുള്ള ശ്യാമിന് കൂട്ടുകാർക്കൊപ്പം ആ ദുർസാന്നിധ്യത്തിനെ ഗ്രാമത്തിൽ നിന്ന് കെട്ടുകെട്ടിക്കാൻ നേരിട്ട് ഇറങ്ങേണ്ടിവരികയാണ്. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിന്റേത് കൂടിയായി മാറുന്ന ധൈര്യപൂർവ്വമുള്ള ആ പരിശ്രമത്തിന്റെ കഥയാണ് നൈറ്റ് റൈഡേഴ്‌സ്. ഇരുട്ടിനെ ഭയക്കുന്ന നായകൻ ശ്യാമിനു രാത്രി സഞ്ചാരിയായ കുതിരകാലനെ പിടിച്ചുകെട്ടാനാകുമോ ഇല്ലയോ എന്നതാണ് സിനിമയുടെ സസ്‌പെൻസ്.
ഹൊറർ കോമഡിക്ക് അനുയോജ്യമായ വിധത്തിലുള്ള നെൽപാടങ്ങളും മലനിരകളുമൊക്കെയുള്ള കഥപശ്ചാത്തലമാണ് പാലക്കാടൻ ഗ്രാമീണതയിൽ നൗഫൽ അബ്ദുള്ള സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ചിത്രം ഫ്രഷ് ആയ ഒരു വിഷ്വൽ എക്‌സ്പീരിയൻസ് കൂടിയാണ് പ്രേക്ഷകർക്ക് നൽകുന്നത്. നേഹ നായരും യാക്‌സൺ ഗ്യാരി പെരേരയും ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതം ചിത്രം കൂടുതൽ ഉദ്വേഗഭരിതമാക്കുന്നുണ്ട്.
ശ്യാമിന്റെ സുഹൃത്തുക്കളായ രാജേഷേട്ടനായി എത്തിയ ശരത് സഭയും കണ്ണനായി എത്തിയ റോഷൻ ഷാനവാസും മികച്ച പ്രകടനം കാഴ്ച വച്ചു. കോമഡിയും ഭയവുമൊക്കെ നന്നായി അനുഭവപ്പെടുത്തുന്ന കെമിസ്ട്രി ആയിരുന്നു ഈ മൂവർ സംഘത്തിന്റേത്. ശ്യാമിന്റെ പ്രണയിനി ദിവ്യയായി എത്തിയ മീനാക്ഷി ഉണ്ണികൃഷ്ണൻ പ്രകടനം മികച്ചതാണ്. അബു സലിം വിഷ്ണു അഗസ്ത്യ എന്നിവരും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മികച്ച സിനിമാറ്റോഗ്രഫിയാണ് ചിത്രത്തിന്റേത്. ജ്യോതിഷും എ.വി. സുനുവും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ടു മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും തിരക്കഥയിലുണ്ട്. നൗഫൽ അബ്ദുള്ള തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. സിനിമയിലെ ഗാനങ്ങൾക്കും, തിരക്കഥയ്ക്കും, സംവിധാനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ഒട്ടും ലാഗ് അടിപ്പിക്കാതെ വളരെ ഫ്രഷ് ആയിട്ടുള്ള തീം ആണെന്നും മാത്യു തോമസിന്റെ പ്രകടനം മികച്ചതാണെന്നും പ്രേക്ഷക അഭിപ്രായം ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
