ബോക്സ് ഓഫീസിൽ മികച്ച നേട്ടവുമായി കുതിപ്പ് തുടരുകയാണ് മമ്മൂട്ടി, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ജിതിൻ കെ. ജോസ് ചിത്രം കളങ്കാവൽ. ചിത്രം ഇപ്പോഴും കേരളത്തിലെ പ്രധാന സ്‌ക്രീനുകളിൽ മികച്ച പ്രേക്ഷക പിന്തുണ നേടിയാണ് പ്രദർശനം തുടരുന്നത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 36 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷനാണ്.
2025ലെ ക്ലാസിക് ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ചിത്രം റിലീസ് ചെയ്ത് 24ദിനം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 83 കോടിയാണ് പിന്നിട്ടത്. ഇതോടെ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസ്സർ ആയി ചിത്രം മാറി. 82 കോടിയോളം ആഗോള ഗ്രോസ് നേടിയ കണ്ണൂർ സ്‌ക്വാഡിന്റെ റെക്കോർഡ് ആണ് ചിത്രം മറികടന്നത്.
ഡിസംബർ 5ന് റിലീസ് ചെയ്ത ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയ മമ്മൂട്ടി ചിത്രം എന്ന നേട്ടവും കളങ്കാവൽ സ്വന്തമാക്കിയിരുന്നു. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നിവക്ക് ശേഷം 50 കോടി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് സമ്മാനിക്കുന്ന ചിത്രത്തിൽ, പ്രതിനായകനായി അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചത്. ഇതുവരെ പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അമ്പരപ്പിച്ച ചിത്രം കൂടിയായി കളങ്കാവൽ മാറി.
'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച വിജയമാണ് ചിത്രം നേടിയത്. ഗൾഫിൽ മമ്മൂട്ടയുടെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്ന് തന്നെ സ്വന്തമാക്കിയ ചിത്രം, വിദേശത്ത് വിതരണം ചെയ്തത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
