നിര്‍ബന്ധിത തൊഴില്‍ ചൂഷണം: കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അധിഭാര നികുതി ചുമത്താന്‍ ട്രംപ് ഭരണകൂടം

JUNE 3, 2026, 9:09 PM

വാഷിംഗ്ടണ്‍: വിതരണ ശൃംഖലകളില്‍ നിര്‍ബന്ധിത തൊഴില്‍ ചൂഷണം തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ച് കാനഡ ഉള്‍പ്പെടെ അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ 10 ശതമാനം പുതിയ അധിഭാര നികുതി ചുമത്താന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുകയാണ്. ആഗോളതലത്തില്‍ ട്രംപ് മുന്‍പ് പ്രഖ്യാപിച്ച പൊതു നികുതികള്‍ യു.എസ് സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് അതിന് പകരമായാണ് പുതിയ നീക്കം.

യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ ആണ് പുതിയ നികുതി നിര്‍ദ്ദേശം പുറത്തുവിട്ടത്. കാനഡ, യൂറോപ്യന്‍ യൂണിയന്‍, യുകെ, അര്‍ജന്റീന, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങി 16 പങ്കാളിത്ത രാജ്യങ്ങള്‍ക്ക് 10 ശതമാനവും ഇന്ത്യ, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള മറ്റ് 44 രാജ്യങ്ങള്‍ക്ക് 12.5 ശതമാനവും നികുതിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജൂലൈയില്‍ നടക്കുന്ന പൊതുജന അഭിപ്രായ രൂപീകരണത്തിനും അവലോകനത്തിനും ശേഷമേ ഇത് നടപ്പിലാക്കൂ.

കാനഡയ്ക്ക് മേല്‍ 10 ശതമാനം നികുതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അത് കാനഡ-യു.എസ്-മെക്‌സിക്കോ കരാറിലെ ഉത്ഭവ നിയമങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ. ഇതനുസരിച്ച് കാനഡയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ 90 ശതമാനത്തോളവും ഈ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും. അമേരിക്കയുടെ ഈ ലക്ഷ്യം നമ്മളും പങ്കുവെക്കുന്നതാണെന്നും, ഈ പുതിയ നീക്കം കനേഡിയന്‍ വ്യാപാരത്തിന്റെ ഭൂരിഭാഗത്തെയും ബാധിക്കില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു.

നിര്‍ബന്ധിത തൊഴില്‍ ചൂഷണത്തിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തടയാന്‍ കാനഡ 2020 ല്‍ നിയമം കൊണ്ടുവന്നെങ്കിലും അത് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നാണ് യു.എസിന്റെ കണ്ടെത്തല്‍. 2020 നും 2026 നും ഇടയില്‍ സംശയത്തിന്റെ പേരില്‍ കാനഡ തടഞ്ഞുവെച്ചത് കേവലം 50 ഷിപ്പ്മെന്റുകള്‍ മാത്രമാണെന്നും അതില്‍ രണ്ട് എണ്ണം മാത്രമാണ് തിരിച്ചയച്ചതെന്നും യു.എസ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇതിന് വിപരീതമായി ചൈനയിലെ സിന്‍ജിയാങ് മേഖലയിലെ ഉയ്ഘൂര്‍ വംശജരെക്കൊണ്ട് നിര്‍ബന്ധിതമായി പണിയെടുപ്പിച്ചുണ്ടാക്കിയ 6,300 ലധികം ഷിപ്പ്മെന്റുകളാണ് 2024 ല്‍ മാത്രം അമേരിക്ക തടഞ്ഞത്.

അമേരിക്കയുടെ ഈ പുതിയ നീക്കം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അറുപതോളം രാജ്യങ്ങള്‍ ഒരേപോലെ കുറ്റക്കാരാണെന്ന് പറയുന്നത് തികച്ചും യുക്തി രഹിതമാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ ഇക്കണോമി ഡയറക്ടര്‍ ഡേവിഡ് ഹെനിഗ് പറഞ്ഞു. നികുതി ചുമത്താന്‍ അമേരിക്ക കണ്ടെത്തിയ ഒരു പുകമറ മാത്രമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. കാനഡയിലെ മനുഷ്യാവകാശ സംഘടനയായ എബൗവ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് യു.എസ് കാനഡയെ കുറ്റപ്പെടുത്തിയത് എങ്കിലും, ഈ നികുതി നീക്കത്തെ സംഘടന തന്നെ തള്ളിക്കളഞ്ഞു. കാനഡയുടെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ ഉണ്ടെന്നത് സത്യമാണെങ്കിലും സുപ്രീം കോടതി വിധി മറികടക്കാനായി മനുഷ്യാവകാശങ്ങളെ ട്രംപ് ഭരണകൂടം ആയുധമാക്കുകയാണെന്ന് സംഘടനയുടെ ഡയറക്ടര്‍ കാരെന്‍ ഹാമില്‍ട്ടണ്‍ കുറ്റപ്പെടുത്തി.

എന്നിരുന്നാലും കാനഡയിലെ കര്‍ശനമല്ലാത്ത പരിശോധനകള്‍ വഴി ഇത്തരം ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയിലേക്ക് എത്തുന്നു എന്ന പരാതി മുന്‍പ് ഡെമോക്രാറ്റിക് ഭരണകാലത്തും യു.എസ് ഉന്നയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam