ഒട്ടാവ: അമേരിക്കയുടെ 'ഗോൾഡൻ ഡോം' എന്ന മിസൈൽ പ്രതിരോധ സംവിധാനത്തിൽ ചേരാൻ സന്നദ്ധത അറിയിച്ച് കാനഡ. പദ്ധതിയിൽ കാനഡയും യുഎസും തമ്മിൽ "സജീവമായ ചർച്ചകൾ" നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസ് അറിയിച്ചു.
ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെ യുഎസിന് നേരെ വരാനിടയുള്ള വ്യോമ ഭീഷണികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് 'ഗോൾഡൻ ഡോം' എന്ന പുതിയ സംവിധാനം. പുതിയ ബജറ്റിൽ യുഎസ് 2500 കോടി ഡോളർ (2.1 ലക്ഷം കോടി രൂപ) പ്രാരംഭ തുകയായി ഗോൾഡൻ ഡോമിനായി നീക്കിവച്ചിട്ടുണ്ട്.
പദ്ധതി പൂർത്തിയാക്കാൻ 17,500 കോടി ഡോളറാണ് പ്രതീക്ഷിക്കുന്ന ചെലവ്. സ്‌പേസ് ഫോഴ്‌സ് ജനറൽ മൈക്കൽ ഗ്യൂറ്റ്‌ലിൻ പദ്ധതിക്ക് മേൽനോട്ടം വഹിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഈ വർഷം ആദ്യം വാഷിംഗ്ടൺ സന്ദർശന വേളയിൽ അന്നത്തെ കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ, ഡോം പദ്ധതിയിൽ പങ്കെടുക്കാൻ കാനഡയ്ക്ക് താൽപ്പര്യമുണ്ടെന്ന് സമ്മതിച്ചിരുന്നു. അത് രാജ്യത്തിന്‍റെ ദേശീയ താൽപ്പര്യത്തിന് വേണ്ടിയാണെന്നും വിശദീകരിച്ചിരുന്നു.
കാനഡയും യുഎസും ഇതിനകം നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡിൽ പങ്കാളികളാണ്. 1958 മുതൽ NOARD നിലവിലുണ്ട്, സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങളും ഇത് ആധുനികവൽക്കരിക്കുന്നതിനുള്ള ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്.
മിസൈലുകൾ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗോൾഡൻ ഡോം പ്രതിരോധ സംവിധാനം. ഇസ്രയേലിന്റെ അയേൺ ഡോം ആണ് മാതൃക. സർവൈലൻസ് സാറ്റ്ലൈറ്റുകൾ, ഇന്റർസെപ്റ്റർ സാറ്റ്ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂടിയാണ് ഈ പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കാൻ യുഎസ് പദ്ധതിയിടുന്നത്. 100 ശതമാനം വിജയമായിരിക്കും ഈ സംവിധാനം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്