കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ കോടതികളുടെയൊപ്പം വിശ്വാസ്യതയുണ്ടായിരുന്ന പി.എസ്.സിയുടെ മേൽ കരിനിഴൽ വീണിരിക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കവേ പി.എസ്.സിയെ പ്രതീക്ഷയോടെ ഉറ്റുനോക്കിപ്പോന്ന ലക്ഷക്കണക്കിനു കുടുംബങ്ങളെ ആധിയിലാക്കുന്ന വിവരങ്ങളാണ് ഇതിന്റെ അനുബന്ധമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന സംഭവ വികാസമാണിതെന്നു തീർച്ച.
സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകളെക്കുറിച്ചുള്ള വിവാദങ്ങൾ പുതിയതല്ല. ചോദ്യപേപ്പർ ചോർച്ച, ഉത്തരസൂചികയിലെ പിഴവുകൾ, വ്യാജ സർട്ടിഫിക്കറ്റ് പരാതികൾ, പരീക്ഷ റദ്ദാക്കൽ, കോടതി വിധിയെ തുടർന്നുള്ള പുനഃപരിശോധന തുടങ്ങി നിരവധി വിവാദങ്ങൾ നേരത്തേ ഉയർന്നിട്ടുണ്ട്. ഏത് പരീക്ഷയിലും വല്ലപ്പോഴും തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ നിരന്തരം പിഴവുകളും തെറ്റുകളും ആവർത്തിക്കാനിടവരുന്നത് പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.
നടപടികളിലെ അതാര്യതയും വിവരങ്ങൾ യഥാസമയം പൊതുസമൂഹത്തെ അറിയിക്കുന്നതിൽ കാണിക്കുന്ന വിമുഖതയുമാണ് സ്ഥാപനത്തിലെ അഴിമതിക്കും ക്രമക്കേടിനും വളമാകുന്നത്.
2023 നവംബറിലാണ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ ചീഫ്, പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ്, പെസ്പെക്റ്റീവ് പ്ലാനിംഗ് ചീഫ് എന്നീ തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടന്നത്. തുടർന്ന് മാസങ്ങളോളം മാർക്കുകൾ വ്യക്തമാക്കാതെ രഹസ്യമാക്കി വെച്ച കമ്മീഷൻ, വിവരാവകാശ നിമയപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിച്ച ഉദ്യോഗാർഥികളെ ഒരു വർഷത്തോളമാണ് വട്ടംചുറ്റിച്ചത്. സഹികെട്ട ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും മൂന്നാഴ്ചക്കകം കൃത്യമായ മറുപടി നൽകാൻ ട്രൈബ്യൂണൽ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് പി.എസ്.സി രേഖകൾ പുറത്തുവിടാൻ നിർബന്ധിതമായതും പരീക്ഷയിലെ ക്രമക്കേട് പുറത്തുവന്നതും.
ഭരണഘടനാപരമായ സ്ഥാപനമാണ് പി.എസ്.സി. എന്നിട്ടും ഉദ്യോഗാർഥികൾക്ക് സ്വന്തം ഉത്തരക്കടലാസ് കാണിക്കാതെ അവരെ കോടതി കയറ്റിയത് ജനാധിപത്യ കേരളത്തിന് നാണക്കേടായിപ്പോയി. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുനർ മൂല്യനിർണയം നടത്താനുള്ള പി.എസ്.സിയുടെ തീരുമാനം സ്വാഗതാർഹമാണ്. ഇതുകൊണ്ട് മാത്രമായില്ല, പത്ത് ചോദ്യങ്ങൾക്ക് മാർക്കിടാതെ വിട്ടതെന്തുകൊണ്ടാണ്, ആരാണ് ഈ കളിക്ക് പിന്നിൽ തുടങ്ങിയ കാര്യങ്ങൾ സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. അന്വേഷണ റിപോർട്ട് ഫയലിൽ ഉറങ്ങുന്ന പതിവുരീതി ആവർത്തിക്കുകയുമരുത്.
നേരത്തേ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ആരോപണമുയർന്നപ്പോൾ ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിലൂടെ കുറ്റവാളികൾ രക്ഷപ്പെടുകയാണ് പതിവ്. ഇതിനപ്പുറം പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കുറ്റമറ്റ രീതിയിലും സുതാര്യമായും നടത്താൻ കമ്മീഷന്റെ മുഴുവൻ സംവിധാനവും ശാസ്ത്രീയമായി പുനഃസംഘടിപിക്കകയും കാര്യക്ഷമമാക്കുകയും വേണം.
പി.എസ്.സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസിന്റെ അന്വേഷണം ക്രമക്കേടിന്റെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവരില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിനെയോ വിജിലൻസിനെയോ കൊണ്ട് അന്വേഷിപ്പിണമെന്ന നിലപാടിലേക്ക് സർക്കാർ നീങ്ങുന്നത്. അന്വേഷണ സാധ്യത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടി. മന്ത്രിസഭയിൽ വിഷയം കൊണ്ടുവന്നശേഷം തീരുമാനമെടുക്കാനാണ് ആലോചന. പി.എസ്.സിയിലെ നിയമന ക്രമക്കേട് സംബന്ധിച്ച് ഒട്ടേറെ പരാതികൾ മുഖ്യമന്ത്രിക്ക് ലഭിച്ചു. മുൻ സർക്കാർ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പി.എസ്.സിയെ ദുരുപയോഗം ചെയ്തെന്ന് നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു.
ആഭ്യന്തര വിജിലൻസ്
ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലെ ക്രമക്കേട് തെളിവുസഹിതം പുറത്തുവന്നതോടെയാണ് പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഉയർന്ന ഉദ്യോഗസ്ഥരെയെല്ലാം ചോദ്യംചെയ്യാനും രേഖകൾ പരിശോധിക്കാനും ആഭ്യന്തര വിജിലൻസിന് പി.എസ്.സി ചെയർമാന്റെ അനുമതി ആവശ്യമാണ്. പരിമിത അധികാരമുള്ള ആഭ്യന്തര വിജിലൻസിന്റെ അന്വേഷണത്തിലൂടെ ക്രമക്കേടിന്റെ പൂർണ ചിത്രം പുറത്തുവരില്ലെന്നാണ് സർക്കാർ കരുതുന്നത്.
ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ മറ്റൊരു ക്രമക്കേടു കൂടി പുറത്ത് വന്നു. പേർസ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ് തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിക്കുന്നതിലാണ് അസാധാരണ നടപടികൾ. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദമുള്ളവരെ, സ്റ്റാറ്റിസ്റ്റിക്സ് ഇക്കണോമെട്രിക് ഡിപ്ലോമ ഇല്ലെന്ന കാരണത്താൽ ഒഴിവാക്കി. 80 ഉദ്യോഗാർഥികളിൽ 79 പേരെയും അയോഗ്യരാക്കി. ഒരാളെ മാത്രം ഉൾപ്പെടുത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധികരിച്ചത്. സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സിന്റെ ഭാഗമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
ആസൂത്രണ ബോർഡിലെ പി.എസ്.സി നിയമനങ്ങളിൽ 2019ലും അട്ടിമറി നടന്നതായി ഉദ്യോഗാർഥിയുടെ വെളിപ്പെടുത്തൽ ഇതിനിടെ വന്നു. എഴുത്തുപരീക്ഷയിൽ പിന്നിലായ കെ.ജി.ഒ.എ നേതാവിനും ആസൂത്രണ ബോർഡിലെ താൽക്കാലിക ജീവനക്കാർക്കും അഭിമുഖത്തിൽ മാർക്ക് ദാനം ചെയ്തെന്നും ആരോപിക്കുന്നു. ചീഫ് സോഷ്യൽ സർവിസ് പരീക്ഷയിൽ ഒന്നാമതെത്തിയ ദലിത് യുവതിയെ അഭിമുഖത്തിൽ ഏറ്റവും കുറഞ്ഞ മാർക്ക് നൽകി പി.എസ്.സി പുറത്താക്കി.
ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ലോകം വളരെയേറെ മുന്നേറിയ കാലമാണിത്. ഉദ്യോഗാർഥിയുടെ ഓരോ ഉത്തരത്തിനും മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ടോ, ഏതെങ്കിലും ചോദ്യം വിലയിരുത്താതെ വിട്ടുകളഞ്ഞോ തുടങ്ങിയ കാര്യങ്ങൾ സ്വയം കണ്ടെത്താൻ കഴിയുന്ന സോഫ്റ്റ് വെയർ സംവിധാനങ്ങൾ വികസിപ്പിക്കുക ഇന്നത്ര പ്രയാസമുള്ള കാര്യമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംവിധാനങ്ങൾ നിലവിലുണ്ട്. പരീക്ഷക്കു ശേഷം നിശ്ചിത ദിവസത്തിനകം ഉദ്യോഗാർഥിക്ക് ഉത്തരക്കടലാസിന്റെ ഡിജിറ്റൽ കോപ്പി നൽകാനുള്ള സംവിധാനവും ആവശ്യമാണ്.
പി.എസ്.സി അംഗങ്ങളുടെ നിയമനങ്ങളിൽ കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം ഭരണപരമായ മികവ്, ഉന്നത വിദ്യാഭ്യാസ പശ്ചാത്തലം, പരീക്ഷാ നടത്തിപ്പിലെ പരിചയസമ്പത്ത് തുടങ്ങിയ ഘടകങ്ങൾക്കും ഭരണഘടനാപരമായ യോഗ്യതകൾക്കും പ്രാമുഖ്യം നൽകുകയും വേണം. നിലവിൽ അതാത് കാലത്തെ സർക്കാറുകൾ അവരുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കാണ് നിയമനത്തിൽ പ്രാമുഖ്യം നൽകി വരുന്നത്.
മറ്റു അധികാര പദവികൾ ലഭിക്കാത്ത പാർട്ടിപ്രമുഖരുടെ പുനരധിവാസത്തിനുള്ള വേദിയായി ഈ ഭരണഘടനാ സ്ഥാപനം അധഃപതിക്കുകയാണ്. ഇനിയെങ്കിലും വഴിവിട്ട ഈ ശൈലി ഉപേക്ഷിച്ച് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്ന യോഗ്യതയുള്ളവരെ മാത്രം നിയമിക്കാൻ സർക്കാർ സന്നദ്ധത കാണിക്കേണ്ടിയിരിക്കുന്നു.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
