ഇന്ത്യയിൽ അമ്പലക്കൊള്ള പുതിയ ഒരു ഏർപ്പാടല്ല. പ്രാചീനകാലം മുതൽ അമ്പലങ്ങളും വിഹാരങ്ങളും ഈ നാട്ടിൽ ധാരാളമായി ഉണ്ടായിരുന്നു. മൗര്യകാലം മുതൽ അത്തരം ക്ഷേത്രങ്ങൾക്കും ആരാധനാലയങ്ങൾക്കും ധാരാളം ധനം അധികാരികൾ വാരിക്കോരി നൽകിയിട്ടുമുണ്ട്. പുരാണങ്ങളിൽ യാഗങ്ങളും യജ്ഞങ്ങളും സംബന്ധിച്ചുള്ള പല കഥകളുമുണ്ട്. ഓരോ യാഗത്തിന്റെയും അവസാനത്തിൽ രാജാവ് തന്റെ സമ്പത്തിൽ വലിയ പങ്ക് ദാനം ചെയ്യും. ബ്രാഹ്മണന്മാരാണ് ദാനമൊക്കെ വാങ്ങിക്കൊണ്ടു പോകുന്നത്. അതിനാൽ അക്കാലം മുതൽ ബ്രാഹ്മണർ വമ്പിച്ച സ്വത്തിന്റെ ഉടമകളായി. ക്ഷേത്രസ്വത്തിന്റെ കൈകാര്യക്കാരും അവകാശികളും അവർ തന്നെയായിരുന്നു.
വിഹാരങ്ങൾ വ്യത്യസ്തമാണ്. ബ്രാഹ്മണമതത്തോടുള്ള വിയോജിപ്പിന്റെ ഫലമായാണ് ബുദ്ധമതവും ജൈനമതവും ഉണ്ടായത്. ബുദ്ധനും ജൈന മഹാവീരനും ഭൗതിക സമ്പത്തിൽ വലിയ താല്പര്യം പ്രകടിപ്പിച്ചല്ലെങ്കിലും അവരുടെ പേരിൽ ഉയർന്നുവന്ന ബൗദ്ധജൈന ക്ഷേത്രങ്ങളും വമ്പിച്ച സമ്പത്തിന് ഉടമകളായി. ബുദ്ധവിഹാരങ്ങൾ മാത്രമല്ല, നളന്ദയിലെയും തക്ഷശിലയിലേയും ബൗദ്ധ സർവ്വകലാശാലകൾക്കും വമ്പിച്ച സ്വത്തുക്കൾ കൈവശമുണ്ടായിരുന്നു.
ഇത്തരം സ്ഥാപനങ്ങൾക്കു രാജാക്കന്മാർ സംഭാവനകൾ നൽകിയതിന്റെ രേഖകളും ഇന്ത്യാചരിത്രത്തിൽ ധാരാളമായുണ്ട്. ക്രിസ്തുവിനു മൂന്നു നൂറ്റാണ്ടു മുമ്പ് ജീവിച്ച അശോക ചക്രവർത്തിയുടെ ലിഖിതങ്ങളിലൊന്നിൽ ബ്രാഹ്മണർക്കും ശ്രമണർക്കും മറ്റു സമാജങ്ങൾക്കും ചക്രവർത്തി നൽകിയ സംഭാവനകളെപ്പറ്റി പറയുന്നുണ്ട്. ശ്രമണർ എന്നാൽ ബ്രാഹ്മണേതര ചിന്തകളിൽപ്പെട്ട വിവിധ പ്രസ്ഥാനങ്ങളുടെ പൊതുവായ പേരാണ്. ജൈനരും ബൗദ്ധരും മാത്രമല്ല, ലോകായത എന്നറിയപ്പെട്ട ചർവാകരും അതിൽ ഉൾപ്പെട്ടിരുന്നു. ചർവാകന്മാർ ദൈവനിഷേധികളാണ്. എന്നിരുന്നാലും അശോകന്റെ കാലത്തു അവർക്കു പോലും സർക്കാർ സഹായം കിട്ടിയിരുന്നു.
അതിനാൽ ഇന്ത്യയിലെ ക്ഷേത്രങ്ങളും വിഹാരങ്ങളും സർവകലാശാലകളും എളുപ്പത്തിൽ സമ്പത്തു തേടിയിറങ്ങിയ കൂട്ടരുടെ സവിശേഷ ശ്രദ്ധാകേന്ദ്രമായി മാറി. അക്കാരണത്താൽ തന്നെ ക്ഷേത്രക്കൊള്ള ഇന്ത്യാചരിത്രത്തിലെ ഒരു സ്ഥിരം സംഭവമാണ്. ഗുജറാത്തിലെ പേരുകേട്ട സോമനാഥ ക്ഷേത്രം മുഹമ്മദ് ഗസ്‌നി കൊള്ളയടിച്ചു എന്നാണ് ചരിത്രത്തിൽ പറയുന്നത്. എന്നാൽ സോമനാഥ ക്ഷേത്രത്തിലെ കൊള്ളയുടെ ചരിത്രം പരിശോധിച്ച റോമിലാ ഥാപ്പർ പറയുന്നത് മുഹമ്മദ് ഗസ്‌നി മാത്രമല്ല പ്രസ്തുത ക്ഷേത്രം കൊള്ളയടിച്ചതെന്നാണ്.
ഗസ്‌നിക്കു മുമ്പും പിമ്പും അവിടെ കൊള്ള നടന്നിട്ടുണ്ട്. കൊള്ളക്കാരിൽ ചിലർ ഇന്ത്യയിൽ തന്നെയുള്ള ചില ഹിന്ദു രാജാക്കന്മാരായിരുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം കിട്ടാൻ ഏറ്റവും എളുപ്പം ക്ഷേത്ര ഭണ്ഡാഗാരങ്ങൾ കൊള്ളയടിക്കുകയാണെങ്കിൽ അതു ജാതിമതദേശ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യും. ഇന്ത്യയുടെ ചരിത്രം അതിനു ദൃക്‌സാക്ഷിയാണ്.
സോമനാഥ ക്ഷേത്രം പല കാലങ്ങളിൽ കൊള്ളയടിച്ചവരിൽ മുഹമ്മദ് ഗസ്‌നി പോലുള്ള മുസ്ലിം ഭരണാധികാരികൾ മാത്രമല്ല, ഹൈന്ദവരായ രാജാക്കന്മാരുമുണ്ടെന്നു സ്വാതന്ത്ര്യത്തിനു ശേഷം ക്ഷേത്ര പുനർനിർമാണത്തിന് ഇറങ്ങിത്തിരിച്ച കുലപതി കെ.എം. മുൻഷി മുതൽ അക്കാലത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് വരെയുള്ള പ്രമാണിമാർക്ക് അറിയാമായിരുന്നു. എന്നാലും അവർ മുഹമ്മദ് ഗസ്‌നിയുടെ പേരുമാത്രമാണ് പരാമർശിച്ചത്.
കാരണം മുസ്ലിം അക്രമികൾ ക്ഷേത്രം കൊള്ളയടിച്ചു എന്നു പറയുമ്പോൾ അതിന്റെ ഗുണങ്ങൾ പലതാണ്. കൊള്ളയുടെ ഉത്തരവാദിത്വം മുഴുക്കെ ഒരു കൂട്ടരുടെ തലയിൽ കെട്ടിവെക്കാം. ക്ഷേത്ര പുനരുദ്ധാരണത്തിനു വമ്പിച്ച പിരിവു നടത്താം. ആ വകയിൽ രാഷ്ട്രീയ നേട്ടങ്ങളും കൈവരിക്കാം. ഒരു വെടിക്കു രണ്ടുപക്ഷി എന്നാണ് മലയാളികളുടെ പഴഞ്ചൊല്ലിൽ പറയുന്നത്. എന്നാൽ ഉത്തരേന്ത്യൻ ഗോസായിരാഷ്ട്രീയക്കാർക്കു ഒരു വെടിക്കു ഒരുപാടു പക്ഷികളെ വീഴ്ത്താനുള്ള ശേഷിയുണ്ട്.
അതാണ് ശബരിമലയും അയോധ്യയും തമ്മിലുള്ള വ്യത്യാസം. ശബരിമല പ്രാചീനമായ കേരള ക്ഷേത്രമാണ്. സത്യത്തിൽ അതൊരു ബൗദ്ധ വിഹാരമായിരുന്നു എന്നും അയ്യപ്പൻ ബുദ്ധന്റെ പ്രതിരൂപമാണ് എന്നും പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്. അയ്യപ്പ വിഗ്രഹത്തിന്റെ ഇരിപ്പും ധ്യാനനിരതനായ ബുദ്ധന്റെ ഇരിപ്പും ഒരേതരത്തിലാണ്. ബൗദ്ധ സ്വാധീനം അശോകന്റെ കാലം മുതൽ തെക്കൻ പ്രദേശങ്ങളിൽ ശക്തമായിരുന്നു താനും. ശബരിമലയ്ക്കും തെക്കു ഇന്ത്യാസമുദ്ര ദ്വീപായ ശ്രീലങ്കയിൽ ബുദ്ധമതം പ്രചാരം നേടിയിരുന്നു.
ഇന്നും അന്നാട്ടിൽ ബുദ്ധമതത്തിനാണ് പ്രാമുഖ്യം. ശ്രീലങ്കയുടെ പ്രാചീന ചരിത്രമായ ദ്വീപവംശത്തിൽ പറയുന്ന ഒരു കാര്യം, അശോകന്റെ കാലത്തു ബുദ്ധമതം സ്വീകരിച്ച ദ്വീപിലെ രാജാവ് ബോധ് ഗയയിലെ പുണ്യവൃക്ഷത്തിന്റെ ഒരു കമ്പ് സ്വന്തം നാട്ടിൽ നട്ടുവളർത്താനായി ആവശ്യപ്പെട്ടുവെന്നും അശോകൻ സ്വന്തം മകന്റെ കൈവശം കപ്പലിൽ അത് ദ്വീപിലേക്കു കൊടുത്തയച്ചു എന്നുമാണ്. ബുദ്ധനോടുള്ള അശോകന്റെ അമിതമായ ഭക്തിയിൽ അരിശം പൂണ്ട രാജ്ഞി പുണ്യവൃക്ഷത്തിനു വിഷം കുത്തിവെച്ചു അതിനെ നശിപ്പിച്ചു കളഞ്ഞു.
ഉണങ്ങിപ്പോകുന്ന വൃക്ഷത്തിന്റെ സ്ഥിതി കണ്ടു അശോകൻ മോഹാലസ്യപ്പെട്ടു വീഴുന്ന ഒരു ചിത്രം സാരനാഥിലെ അദ്ദേഹത്തിന്റെ ശിലാലിഖിതങ്ങളുടെ കൂട്ടത്തിൽ കാണാനുണ്ട്. ഏതായാലും ആയിരത്തഞ്ഞൂറു വർഷം കഴിഞ്ഞു പത്തൊമ്പതാം നൂറ്റാണ്ടിൽ അലക്‌സാണ്ടർ കണ്ണിങ്ഹാം എന്ന ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റാണ് ലങ്കയിലേക്ക് അശോകൻ കൊടുത്തുവിട്ട ആൽമരത്തിൽ നിന്നും ഒരു കമ്പ് തിരിച്ചു കൊണ്ടുവന്ന് ഗയയിൽ വീണ്ടും പുണ്യവൃക്ഷം നട്ടുവളർത്തിയത്. അതായതു ബുദ്ധന്റെ ജന്മനാട്ടിൽ ഇന്നു കാണുന്ന അദ്ദേഹത്തിന്റെ ബോധോദയത്തിന്റെ വേദിയായ ആൽമരം ശ്രീലങ്കയുടെയും ഗ്രേറ്റ് ബ്രിട്ടന്റെയും സംഭാവനയാണ്. ബുദ്ധന്റെ നാടായ ഇന്ത്യയുടെയല്ല.
ഇത്തരം കഥകളൊന്നും രാഷ്ട്രീയക്കാർ നാട്ടുകാരോടു പറയാറില്ല. കാരണം വോട്ടുകിട്ടാൻ അതൊന്നും അവരെ സഹായിക്കുകയില്ല. ജാതിയും മതവും പറഞ്ഞു വോട്ടു പിടിക്കണമെങ്കിൽ ചരിത്രം ചവറ്റുകുട്ടയിൽ തള്ളണം. വ്യാജ ചരിത്രങ്ങൾ എഴുതിയുണ്ടാക്കണം.
അതാണ് ഇന്ന് ഇന്ത്യയിലും കേരളത്തിലും നടക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയുടെ പിന്നിൽ പ്രവർത്തിച്ചത് ആരെന്നു ഒരിക്കലും ഈ നാട് അറിയാൻ പോകുന്നില്ല. ദൈവതുല്യരായ ചിലരാണ് കൊളളയ്ക്കു പിന്നിലെന്ന് ദേവസ്വം അധ്യക്ഷനായിരുന്ന പദ്മകുമാർ പറഞ്ഞിട്ടുണ്ട്.
ആരാണ് ഈ ദൈവതുല്യൻ? സഖാക്കൾക്ക് ഏതു ദൈവം? എന്തു ദൈവം? അപ്പോൾ യഥാർത്ഥത്തിൽ കൊള്ളത്തലവൻ ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല.
അതൊക്കെ പോകട്ടെ. ശബരിമലയിൽ മാത്രമല്ല ഇന്ത്യയിൽ കൊള്ള നടക്കുന്നത് എന്നറിയുമ്പോൾ മലയാളികൾക്ക് അല്പം ആശ്വാസത്തിനു വകയുണ്ട്. ശബരിമല അയ്യപ്പൻ ബൗദ്ധനോ അല്ലയോ എന്നതിരിക്കട്ടെ. അയ്യപ്പന്റെ ശക്തി കൊള്ളക്കാർക്കു ബാധകമാണോ അല്ലയോ എന്നതും ഇരിക്കട്ടെ. വാതിൽപ്പാളി പോയെങ്കിലും ശബരിമലയിൽ തങ്കവിഗ്രഹമെങ്കിലും ബാക്കി ഇരിപ്പുണ്ടല്ലോ. ഭാഗ്യം.
എന്നാൽ എന്താണ് അയോധ്യയിലെ ശ്രീരാമന്റെ സ്ഥിതി? ശ്രീരാമൻ ഹിന്ദുക്കളുടെ ഹൃദയ രാജകുമാരനാണ് എന്നല്ലേ സംഘപരിവാരം ഉൽഘോഷിച്ചത്? അവരല്ലേ അവിടെയുള്ള പള്ളി പൊളിച്ചു രാമജന്മഭൂമി സ്ഥലം കൈക്കലാക്കി അവിടെ ക്ഷേത്രം പണിതത്? എന്നിട്ടിപ്പോൾ എന്താണ് രാമജന്മഭൂമിയിലെ ഹിന്ദു ഹൃദയസാമ്രാട്ടിന്റെ അവസ്ഥ? അമ്പലം ഉത്ഘാടനം കഴിഞ്ഞപ്പോൾ അങ്ങോട്ട് ഒഴുകിയ പൊന്നിനും പണത്തിനും കണക്കില്ല. എന്നിട്ട് അതൊക്കെ എങ്ങോട്ടു പോയി? കോടാനുകോടികൾ ആർഎസ്എസ്‌വിശ്വഹിന്ദു പരിഷദ് കർസേവകർ അടിച്ചുമാറ്റി കൊണ്ടുപോയി എന്നാണ് അമ്പലത്തിലെ കൊള്ളയെപ്പറ്റി അന്വേഷിക്കുന്ന യു.പി പോലീസ് സംഘം പറയുന്നത്.
എന്നാൽ ആരും പേടിക്കേണ്ട. കേസൊക്കെ തേഞ്ഞുമാഞ്ഞു പോകും. കാരണം ശബരിമലയായാലും അയോധ്യയായാലും അവിടെ തടവിൽ കിടക്കുന്ന വിഗ്രഹങ്ങൾക്ക് പണത്തിന്റെ ആവശ്യമില്ല. വിഗ്രഹങ്ങളുടെ കാവൽക്കർക്കും അവരുടെ സിൽബന്ധികൾക്കും പണം ആവശ്യമുണ്ടു താനും. അതിനാൽ അവർ ഭഗവാനിൽ നിന്നും അല്പം ധനം കടമെടുത്തു തങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നു. ഭഗവാനെന്തിനു പണം എന്നാണ് അവരും ചോദിക്കുന്നത്. തനിക്കു പണത്തിനു ആവശ്യമുണ്ടെന്നു ഒരു ഭഗവാനും വായ തുറന്നു പറയാനിടയില്ലെന്നു അവർക്ക് ഉറപ്പുണ്ട്. അതിനാൽ അമ്പലക്കൊള്ള നിർബാധം ഇനിയും നടക്കും. പരാതിയുണ്ടെങ്കിൽ ദൈവങ്ങൾ അടുത്ത പോലീസ് സ്റ്റേഷനിൽ എഴുതി കൊടുക്കട്ടെ. നമ്മുടെ ജനാധിപത്യ സർക്കാർ അക്കാര്യം പരിഗണിക്കും.
എൻ.പി. ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
