മറക്കരുത്... മഹാത്മാവാണ്....

OCTOBER 7, 2026, 5:56 AM

ആരാണ് മഹാത്മജി? ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പറയും നമ്മുടെ രാഷ്ട്രപിതാവ്. അതു മാത്രമാണോ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യൻ. ലോകത്തിനു മുന്നിൽ ഓരോ ഇന്ത്യക്കാരനും എന്നും അഭിമാനത്തോടെ അവതരിപ്പിക്കാൻ ഈ കുറിയ മനുഷ്യൻ അല്ലാതെ ആരുണ്ട്?

ഇന്ത്യ ധാരാളം മഹാമനീഷികളെ ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക, സാഹിത്യ നഭസുകളിലൊക്കെ സൂര്യപ്രഭ പരത്തിയവർ. അവരിൽനിന്നെല്ലാം മഹാത്മാ ഗാന്ധി വ്യത്യസ്തനാകുന്നത് എന്തുകൊണ്ടാണ്. ഈ വ്യത്യസ്തയ്ക്കു പല മാനങ്ങളുണ്ട്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറഞ്ഞ മറ്റൊരു ചരിത്ര പുരുഷൻ ആരുണ്ട്. ലോകം കീഴടക്കിയ നെപ്പോളിയൻ തന്റെ മരണശേഷം വിലാപയാത്രയിൽ ശവമഞ്ചത്തിൽ തന്റെ ഇരു കൈകകളും വെളിയിലേക്കിട്ടുകൊണ്ടുവേണം കൊണ്ടുപോകാൻ എന്നു നിർദശിച്ചിരുന്നു. രാജ്യങ്ങൾ പലതും വെട്ടിപ്പിടിച്ചെങ്കിലും വെറുംകൈയോടെയാണ് താൻ വിട പറയുന്നതെന്നു ലോകത്തെ അറിയിക്കാനായിരുന്നു അത്.

ലോകം ആദരിക്കുന്ന എല്ലാ ചരിത്രപുരുഷന്മാരിൽനിന്നും മഹാത്മജി വ്യത്യസ്തനാകുന്നത് എങ്ങിനെയാണ്. രാഷ്ട്രീയ പോരാട്ടത്തെ ഒരു ധാർമിക വെല്ലുവിളിയായി എടുത്ത രാഷ്ട്രീയക്കാരനായിരുന്നു മഹാത്മാഗാന്ധി. അഹിംസയിൽ അടിയുറച്ചും സത്യഗ്രഹ സമരത്തിന്റെ പാത തെരഞ്ഞെടുത്തും ആ ധാർമിക പോരാട്ടത്തെ അദ്ദേഹം മഹത്വവത്കരിച്ചു. ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുമെന്ന സാമാന്യ തത്വത്തെ അദ്ദേഹം ഖണ്ഡിച്ചു. തെറ്റായ മാർഗത്തിലൂടെയുള്ള രാഷ്ട്രീയനേട്ടത്തെ അദ്ദേഹം തള്ളിപ്പറഞ്ഞു.

vachakam
vachakam
vachakam

ഒരുകാലത്ത് സൂര്യനസ്തമിക്കാത്ത രാജ്യമെന്ന് അറിയപ്പെട്ടിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇത്തരമൊരു നിരായുധ സമരത്തിലൂടെ കെട്ടുകെട്ടിക്കാൻ ഗാന്ധിജിക്കു കഴിഞ്ഞു എന്നത് സമാനതകളില്ലാത്ത രാഷ്ടീയ ചരിത്രം. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമള്ള നിരവധി പോരാട്ടങ്ങൾക്ക് ഗാന്ധിജി ഊർജമായിട്ടുണ്ട്. അമേരിക്കയിൽ കറുത്തവർഗക്കാരുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ മാർട്ടിൻ ലുതർ കിംഗ് ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്നു.

ദേശീയതയെക്കുറിച്ച് തികച്ചും വ്യത്യസ്തവും അതേസമയം വളരെ മഹത്തരവുമായൊരു ദർശനമായിരുന്നു മഹാത്മാഗാന്ധിക്കുണ്ടായിരുന്നത്. പല ഏകാധിപതികളും ദേശീയതയെ തങ്ങളുടെ സ്വേച്ഛാധിപത്യത്തിനു കവചമാക്കിയിട്ടുണ്ട്. അതിനു ലോകചരിത്രത്തിൽ നിരവധി ഉദാഹരങ്ങൾ ചൂണ്ടിക്കാട്ടാനാവും.

ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യൻ ദേശീയത ഭൂമിശാസ്ത്രപരമോ സാംസ്‌കാരികമോ സാമൂഹികമോ ആയ ദേശീയ ബോധത്തിനുപരി മനുഷ്യ ബന്ധങ്ങളുടെ, ഹൃദയങ്ങളുടെ ഐക്യത്തിന്റെ കൂട്ടായ്മയായിരുന്നു. ഗാന്ധിജിയുടെ ദേശീയത ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. സ്വാതന്ത്ര്യപ്രാപ്തിയോടനുബന്ധിച്ചുള്ള വിഭജനത്തിന്റെ നാളുകളിൽ ഗാന്ധിജി അനുഭവിച്ച ആത്മസംഘർഷങ്ങൾ വിവരണാതീതമാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തേക്കാളേറെ ഹൃദയവേദന അനുഭവിച്ച നാളുകളായിരുന്നു അത്. അതെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളാണ് ആ നെഞ്ചിലേക്കു വെടിയുണ്ടകൾ പായിച്ചതും.

vachakam
vachakam
vachakam

ഇന്ത്യയുടൈ വൈവിധ്യത്തിന്റെ സങ്കീർണതകൾ നന്നായി മനസിലാക്കിയിരുന്നു ഗാന്ധിജി. അതു നേരിട്ടുതന്നെ അദ്ദേത്തിന് അനുഭവിച്ചറിയാനുമായിരുന്നു. രാജ്യത്തുടനീളം അദ്ദേഹം യാത്ര ചെയ്തു. എല്ലാ മേഖലകളിലുംനിന്ന് ആശയങ്ങൾ ഉൾക്കൊണ്ടു. ഓരോ ഇന്ത്യക്കാരന്റെയും മനസു വായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്നും ഗാന്ധിജി നമ്മുടെ മനസിൽ കുടിയിരിക്കുന്നുണ്ടെങ്കിൽ അതിനു രാഷ്ട്രീയകാരണങ്ങൾ മാത്രമല്ല, ആശയപരമായ പല ദർശനങ്ങളുടെയും ആകർഷണം കൂടിയുണ്ട്. പ്രതിമ സ്ഥാപിച്ചോ സർവകലാശാലയ്ക്കുപേരിട്ടോ ഗാന്ധിജിയെ നമുക്കു ചിരപ്രതിഷ്ഠ നടത്താം എന്നുകരുതേണ്ട. പക്ഷേ ആ പ്രതിമയും പേരും നമുക്കു വലിയ പ്രചോദനമാണ്.

ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട ഗാന്ധിജിയെ വീണ്ടും വധിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. നവമാധ്യമങ്ങളുടെ വരവോടെ അതിനു വേഗത വർധിച്ചു. വിഗ്രഹഭഞ്ജനം നേരത്തേ തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ വിഗ്രഹങ്ങൾ തകർക്കുംതോറും അതു മനുഷ്യഹൃദയങ്ങളിൽ കൂടുതൽ ആഴത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു. അവിടെനിന്ന് എങ്ങിനെയാണ് ഗാന്ധിജിയെ എടുത്തുമാറ്റുക.

പാഠപുസ്തകങ്ങളിൽനിന്നും ഗാന്ധിവധം എടുത്തു മാറ്റപ്പെടുന്നു. ഗാന്ധിഘാതകനായ നഥുറാം വിനായക് ഗോഡ്‌സയെ മഹത്വവത്കരിക്കാനുള്ള നീക്കം നടക്കുന്നു. എന്തിന് ഗാന്ധിജിയുടെ പേരിൽ ഏറെക്കാലമായി നടന്നുപോന്നൊരു തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്നു പോലും ഗാന്ധിജിയെ നിഷ്‌കാസിതനാക്കി. പരിസരം വൃത്തിയാക്കുകയും കാർഷികവൃത്തി നടത്തുകയും ചെയ്യുന്ന തൊഴിലുറപ്പിലൂടെ രാജ്യത്തെ ലക്ഷക്കണക്കിനു സ്ത്രീകൾക്കു തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന പദ്ധതിക്ക് ഗാന്ധിജിയുടെ പേരല്ലാതെ എന്താണ് ചേരുക.

vachakam
vachakam
vachakam

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും അതിൽ ഗാന്ധിജിയുടെ പങ്കും അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായിരുന്നിട്ടും അതിൽ വെള്ളം ചേർക്കാനുള്ള ശ്രമം തകൃതിയായി നടക്കുന്നു. മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു അഭിമുഖത്തിൽ മഹാത്മാഗാന്ധിയുടെ പ്രപൗത്രനായ തുഷാർ ഗാന്ധി ആധുനിക കാലത്തെ ഗാന്ധിഹത്യയെക്കുറിച്ചു പറയുന്നുണ്ട്. ഗാന്ധിയൻ പാരമ്പര്യങ്ങൾ ഓരോന്നായി തമസ്‌കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണിപ്പോൾ നടക്കുന്നതെ്ന്ന് ഉദാഹരണങ്ങൾ നിരത്തി തുഷാർ ഗാന്ധി  ചൂണ്ടിക്കാട്ടുന്നു.

ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും സബർമതി ആശ്രമം ഒരു പികിനിക് സ്‌പോട്ടുപോലെ ആക്കിത്തീർത്തതുമൊക്കെ ഈ തമസ്‌കരണങ്ങളുടെ സമകാലിക ഉദാഹരണങ്ങളായി തുഷാർ ഗാന്ധി  എടുത്തുകാട്ടുന്നു. ഗാന്ധിജി രാജ്യത്തിന്റെ ആത്മാവും ആവേശവുമായി മാറണം. അതിനുള്ള സാമൂഹിക ദർശനം ഗാന്ധിയൻ ചിന്തകളിൽ നിന്നു നമുക്കു ലഭിക്കും. ഗാന്ധിയൻ ദർശനങ്ങളെ വികലമാക്കാൻ മാത്രമല്ല, അതിനെ സ്വന്തമാക്കി വ്യത്യസ്തമാനം നൽകി അവതരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ആനുകാലിക രാഷ്ട്രീയത്തിൽ മഹാത്മാഗാന്ധിയെ പല വഴികളിലുടെ തമസ്‌കരിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള തുഷാർ ഗാന്ധിയുടെ വിലയിരുത്തലുകൾ രാജ്യം ഏറെ നാളായി കണ്ടുകൊണ്ടിരിക്കുന്ന ചില യാഥാർഥ്യങ്ങളുടെ വിവരണം കൂടിയാണ്.

ഗാന്ധിജിയുടെ ജീവിതവും ദർശനങ്ങളും നിരവധി ലോകനേതാക്കൾക്ക് മാതൃകയായിരുന്നു. അതിൽ മാർട്ടിൻ ലൂതർ കിംഗും നെൽസൺ മണ്ഡേലയും ആൽബർട്ട് ഐൻസ്റ്റീനും ബർണാർഡ് ഷായുമൊക്കയുണ്ട്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമയും നോബൽ ജേത്രി ഓംഗ് സാൻ സു കിയും സ്റ്റീവ് ജോബ്‌സും പേൾ എസ് ബെക്കുമൊക്കെ മഹാത്മജിയെ ഏറെ ആദരിച്ചിരുന്നു. ഇങ്ങനെയൊരു മനുഷ്യൻ ഈ ലോകത്തു ജീവിച്ചിരുന്നു എന്ന് വരുംതലമുറകൾക്കുവിശ്വസിക്കാൻപോലും പ്രയാസമാവുമെന്നാണ് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത്. ഇരുവരും തമ്മിൽ കത്തുകൾ കൈമാറാറുണ്ടായിരുന്നു. പരസ്പര ആദരവിന്റെ അതുല്യമായ ഏടുകൾ അതിൽ തെളിഞ്ഞുനിന്നു. 'വരാനിരിക്കുന്നതലമുറകൾക്കും ഒരു റോൾ മോഡൽ' എന്നാണ് ഐൻസ്റ്റീൻ മഹാത്മജിയെ വിശേഷിപ്പിച്ചത്.

ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ ഭാഷയും ജീവിതവും സ്വന്തമാക്കിയ മോഹൻദാസ് കരംചന്ദ് ഗാന്ധിക്ക് 'മഹാത്മാ' എന്ന വിളിപ്പേരു നൽകിയത് വിശ്രുത സാഹിത്യകാരൻ രവീന്ദ്രനാഥ ടാഗോർ ആണ്. ഇരുവരും തമ്മിൽ ചില കാര്യങ്ങളിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. റിച്ചാർഡ് ആറ്റൻബറോ നിർമാണവും സംവിധാനവും നിർവഹിച്ച ഗാന്ധി സിനിമ ആ ജീവിതത്തിന്റെ ഏടുകൾ ഓരോന്നും നമുക്കു കാട്ടിത്തരുന്നു. 1983ലെ ഓസ്‌കറുകൾ വാരിക്കൂട്ടി ആ ചിത്രം ചരിത്രത്തിന്റെ ഭാഗവുമായി.

ഏത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയിലി സെലാസി മഹാത്മാഗാന്ധിയുടെ വലിയൊരു ആരാധകനായിരുന്നു. സ്വാതന്ത്ര്യത്തെയും നീതിയെയും സ്‌നേഹിക്കുന്നവർ ജീവിച്ചിരിക്കുന്നിടത്തോളംകാലം മഹാത്മാഗന്ധി സ്മരിക്കപ്പെടുമെന്നാണ് ഹെയിലി സെലാസി ഒരിക്കൽ പറഞ്ഞത്.

ഗ്രാമീണ ഇന്ത്യയുടെ പുരോഗതിയും ക്ഷേമവും ഗാന്ധിജിയുടെ പ്രഥമ പരിഗണനയായിരുന്നു. സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ അത് എത്രമാത്രം അനിവാര്യമായിരുന്നു എന്ന് അക്കാലത്തെ ഇന്ത്യൻ ഗ്രാമങ്ങളുടെ സ്ഥിതി മനസിലാക്കുന്നവർക്കു ബോധ്യമാകും. ആ ഇന്ത്യ ഇപ്പോഴും നിലനിൽക്കുന്നു. അതൊരു യാഥാർഥ്യമാണെന്ന് അംഗീകരിക്കാൻ പലരും വിസമ്മതിക്കുന്നുവെന്നുമാത്രം.
പുരോഗതിയുടെ പാതയിൽ  വലിയ അവകാശവാദങ്ങളാണ് സ്വാതന്ത്ര്യത്തിന്റെ എൺപതാണ്ടുകൾ പിന്നിടുമ്പോൾ നാം നടത്തുന്നത്. മൊത്ത ദേശീയവരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതിനെക്കുറിച്ചു നാം അഭിമാനിക്കുമ്പോൾ ഈ സമ്പത്ത് എല്ലാം എവിടെയാണ് അടിഞ്ഞു കൂടിയിരിക്കുന്നതെന്നുകൂടി തിരിച്ചറിയണം.

ദേശീയ വരുമാനത്തിന്റെ 58 ശതമാനം പത്തു ശതമാനം ആളുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മധ്യവർഗം എന്നു വിശേഷിപ്പിക്കാവുന്ന 40 ശതമാനത്തിന് ദേശീയ വരുമാനത്തിന്റെ 27 ശതമാനം. എന്നാൽ രാജ്യത്തെ 50 ശതമാനം വരുന്ന ജനങ്ങൾക്കാകെ ലഭിക്കുന്നതാകട്ടെ മൊത്തം ദേശീയ വരുമാനത്തിന്റെ 15 ശതമാനം മാത്രം. അസമത്വം എത്ര വലുതാണെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. ഐടിആർ അഥവാ വ്യക്തിഗത നികുതി റിട്ടേണുകൾ ഇക്കാര്യം കൂടുതൽ ആധികാരികമായി വ്യക്തമാക്കും.

2025-26ലെ ആദായ നികുതി റിട്ടേണുകൾ പ്രകാരം പത്തു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനത്തിന് ആദായനികുതി അടയ്ക്കുന്നവർ മൊത്തം നികുതിദായകരിൽ 80.3 ശതമാനം. 50 ലക്ഷം രൂപയ്ക്കു മുകളിൽ ആദായനികുതി റിട്ടേൺ നൽകിയവരാകട്ടെ 1.4 ശതമാനം. പത്തു കോടി രൂപയ്ക്കുമേൽ ആദായനികുതി റിട്ടേൺ നൽകയവർ 12,681 പേർ മാത്രം. 2025-26ൽ നൂറുകോടിരൂപയിലേറെ വരുമാനത്തിന്റെ ഐടിആർ നൽകിയവർ 576 പേരാണ്. ഈ നൂറു കോടി ക്ലബ്ബിൽ അംഗത്വം നേടുന്നവരുടെ സംഖ്യ ഓരോ വർഷവും വർധിച്ചുവരുന്നു.

2021-22ൽ 142 പേരാണ് നൂറു കോടിയിലേറെ വരുമാനത്തിന് ആദായനികുതി റിട്ടേൺ നൽകിയതെങ്കിൽ അടുത്ത സാമ്പത്തിക വർഷം അവരുടെ എണ്ണം 301 ആയി. അതിനടുത്ത വർഷം അല്പം കുറഞ്ഞു284 പേർ. 2024-25 സാമ്പത്തിക വർഷം എണ്ണം 415 ആയി. അഞ്ചു വർഷംകൊണ്ട് നൂറുകോടി രൂപയ്ക്ക് ആദായനികുതി റിട്ടേൺ നൽകുന്നവരുടെ എണ്ണത്തിൽ 300 ശതമാനം വർധന. ബിസിനസുകാർ, സംരംഭകർ തുടങ്ങിയവരാണ് ഈ പട്ടികയിൽ വരുക.

ശമ്പളം വാങ്ങുന്നവർ ഈ പട്ടികയിൽ ഇല്ലെങ്കിലും പല അഴിമതി കേസുകളും പുറത്തുവരുമ്പോൾ നൂറും ആയിരവും കോടി രുപയുടെ ആസ്തി വരുമാനമുള്ളവരിൽ ഉദ്യോഗസ്ഥരുടെ പേരുകളും ഉൾപ്പെടുന്നു. അനധികൃത സ്വത്തുസമ്പാദനത്തിന്റെ എയ്രോ കഥകളാണു നാം കേൾക്കുന്നത്. അടുത്തകാലത്ത് ജയിലിലായ ഒരു റിട്ടയേഡ് ഡിജപിയുടെ അനധികൃത സ്വത്ത് ആയിരംകോടി രൂപയ്ക്കുമേൽവരുമെന്നാണ് വാർത്ത.

സാമ്പത്തിക അസമത്വം മാത്രമല്ല, സാമൂഹിക അസമത്വവും പരിഹരിക്കുന്നതിന് കാലാതിവർത്തിയായ പരിഹാരങ്ങൾ ഗാന്ധിയൻ ദർശനങ്ങളിൽ ഉണ്ട്. മഹാത്മാഗാന്ധിയുടെ സാമ്പത്തിക ചിന്തകളും നയങ്ങളും മനുഷ്യ കേന്ദ്രീകൃതമായിരുന്നു. എല്ലാവരുടെയും ക്ഷേമം അഥവാ 'സർവോദയ' എന്നത് ഏതു വിപ്ലവ തത്ത്വചിന്തകളെക്കാളും സാമ്പത്തിക ശാസ്ത്രത്തക്കാളും ഉദാത്തമല്ലേ. അതിലൊരു ആധ്യാത്മിക മാനം കൂടി കാണുവാൻ കാണുന്നവരുണ്ട്. ഏതായാലും ഗാന്ധിയൻ ചിന്തകളുടെ മാനുഷിക മൂല്യം ഇന്നും മിഴിവോടെ നിൽക്കുന്നു.

സ്വദേശി പ്രസ്ഥാനം ആനുകാലിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. പ്രാദേശിക വിഭവങ്ങളുടെ സമാഹരണം, വിപണനം, ഗ്രാമീണ സമൂഹങ്ങളുടെ ശാക്തീകരണം, സാമ്പത്തിക സ്വാതന്ത്ര്യം, പുറമേ നിന്നുള്ള വിപിണി ഇടപെടലുകളിലൂടെ ഉളവാകുന്ന ചൂഷണം ഒഴിവാക്കൽ തുടങ്ങി അന്നത്തെ ഇന്ത്യയ്ക്ക് പാകമായ പല ചിന്തകളും സ്വദേശി പ്രസ്ഥാനത്തിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. ഇന്നും അത്തരം ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടില്ല.

കർഷക സംഘങ്ങളും തൊഴിലാളികൂട്ടായ്മകളും ഇന്നും നമ്മുടെ ഇടയിൽ വളരെ സജീവമാണ്. ഗ്രാമീണമേഖലയിൽ കാർഷിക സംസ്‌കാരം സംരക്ഷിക്കാൻ അത് സഹായകമാകുന്നു. നിർമിതി ബുദ്ധിയയെും അതുളവാക്കുന്ന വെല്ലുവിളികളെയുംകുറിച്ച്  ആകുലമാകുന്ന സമകാലിക ലോകത്തിനും ഗാന്ധിയൻ ദർശനങ്ങളിൽ ചില മറുമരുന്നുകളുണ്ട്. ഗാന്ധിയൻ ആശയങ്ങളുടെ സത്ത മനസിലാക്കി അതിനെ ആധുനിക ലോകത്തിന് ഉപയുക്തമാക്കാൻ സാധിക്കും. അത് ഇന്ത്യക്കാർ മാത്രം മനസിലാക്കാതെ പോകരുത്.

സെർജി ആന്റണി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam