'വൈല്‍ഡ് വെസ്റ്റ്' ആയി സാഹെല്‍; അല്‍-ഖ്വയ്ദയും ഐസിസും തമ്മിലുള്ള ചേരിപ്പോരില്‍ കത്തിയെരിഞ്ഞ് നൈജര്‍

JUNE 19, 2026, 1:41 PM

ഡാക്കര്‍ (സെനഗല്‍): ആഫ്രിക്കയിലെ സാഹെല്‍ മേഖലയില്‍ ഭീകരസംഘടനകള്‍ തങ്ങളുടെ സ്വാധീനവും പ്രദേശങ്ങളും വ്യാപിപ്പിക്കുന്നതിനായി നഗര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോര്‍ട്ട്. നൈജറിന്റെ തലസ്ഥാനമായ നിയാമിയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പും സ്‌ഫോടനങ്ങളുമാണ് ഇതിന്റെ ഏറ്റവും പുതിയ തെളിവ് എന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വ്യാഴാഴ്ച ഡിയോറി ഹമാനി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം സാഹെല്‍ മേഖലയിലെ ഏറ്റവും ശക്തരായ, അല്‍-ഖ്വയ്ദ അനുകൂല സംഘടനയായ ജെഎന്‍ഐഎം ഏറ്റെടുത്തു. ആക്രമണത്തില്‍ 11 സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. ഈ വര്‍ഷം ഈ വിമാനത്താവളത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.

നൈജറിലെ സൈനിക ഭരണകൂടത്തിന്റെ വ്യോമസേനാ താവളവും ഡ്രോണുകളും യുദ്ധവിമാനങ്ങളും സ്ഥിതി ചെയ്യുന്ന അതീവ തന്ത്രപ്രധാനമായ കേന്ദ്രമാണിത്. കൂടാതെ, നൈജര്‍, മാലി, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളുടെ പ്രാദേശിക സൈനിക സഖ്യത്തിന്റെ ആസ്ഥാനം കൂടിയാണ് ഈ വിമാനത്താവളം. നേരത്തെ ജനുവരിയില്‍ ഇതേ താവളത്തിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മോട്ടോര്‍ സൈക്കിളുകളിലെത്തി ആക്രമണം നടത്തുകയും വിലകൂടിയ ഡ്രോണുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

തന്ത്രങ്ങള്‍ മാറ്റുന്ന ഭീകര സംഘടനകള്‍

ഗ്രാമപ്രദേശങ്ങളിലും അതിര്‍ത്തികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന സായുധ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നഗരങ്ങളിലേക്ക് തങ്ങളുടെ ആക്രമണങ്ങള്‍ വ്യാപിപ്പിക്കുകയാണെന്ന് അന്താരാഷ്ട്ര ക്രൈസിസ് ഗ്രൂപ്പിലെ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഇബ്രാഹിം യഹായ ഇബ്രാഹിം പറഞ്ഞു. നൈജറില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം, നൈജര്‍ സര്‍ക്കാരിനും തങ്ങളുടെ എതിരാളികളായ ഇസ്ലാമിക് സ്റ്റേറ്റിനും ഒരേസമയം മുന്നറിയിപ്പ് നല്‍കുകയാണ് ജെഎന്‍ഐഎം ഇതിലൂടെ ചെയ്യുന്നത്.

മിലിട്ടറി ഭരണകൂടങ്ങള്‍ ഭരിക്കുന്ന നൈജര്‍, ബുര്‍ക്കിന ഫാസോ, മാലി എന്നീ മൂന്ന് അയല്‍ രാജ്യങ്ങളാണ് ഇപ്പോള്‍ ഈ ഭീകരതയുടെ പ്രഭവകേന്ദ്രം. പാശ്ചാത്യ രാജ്യങ്ങളോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് ഈ രാജ്യങ്ങള്‍ തങ്ങളുടെ പഴയ പങ്കാളികളായ ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ സൈന്യത്തെ പുറത്താക്കിയിരുന്നു. പകരം റഷ്യയുമായാണ് ഇപ്പോള്‍ ഇവര്‍ സൈനിക സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്.

ആഫ്രിക്കയിലെ 'വൈല്‍ഡ് വെസ്റ്റ്'

തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് നൈജറിനുള്ളത്. പടിഞ്ഞാറ് ജെഎന്‍ഐഎം ശക്തമായ മാലിയും ബുര്‍ക്കിന ഫാസോയും, തെക്കും കിഴക്കും ബോക്കോ ഹറാമും ഐസിസ് വെസ്റ്റ് ആഫ്രിക്കയും സജീവമായ നൈജീരിയയും ചാഡും നൈജറിന്റെ അതിര്‍ത്തി പങ്കിടുന്നു. നൈജര്‍-നൈജീരിയ അതിര്‍ത്തി ഒരു പാലമായി ഉപയോഗിച്ച് ആഫ്രിക്കയിലെ ഏറ്റവും ക്രൂരന്മാരായ രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഐസിസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ അല്‍-ഖ്വയ്ദ അനുകൂല ഗ്രൂപ്പുകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു.

സാഹെല്‍ മേഖല ഇപ്പോള്‍ നിയമങ്ങളൊന്നുമില്ലാത്ത, ആര്‍ക്കും ആരെയും ആക്രമിക്കാവുന്ന ഒരു 'വൈല്‍ഡ് വെസ്റ്റ്' ആയി മാറിയിരിക്കുകയാണെന്നും, തങ്ങളുടെ സ്വാധീനം നഷ്ടപ്പെടാതിരിക്കാന്‍ ഭീകരര്‍ പരസ്പരം പോരടിക്കുകയാണെന്നും സുഫാന്‍ സെന്ററിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ വസീം നസര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam