പെട്രോളിന് പകരം ചൂരമീന്‍: അതിര്‍ത്തി പൂട്ടി പാക്കിസ്ഥാന്‍; പെട്രോള്‍-മത്സ്യ 'ബാര്‍ട്ടര്‍' കച്ചവടം പ്രതിസന്ധിയില്‍

AUGUST 13, 2026, 9:34 PM

ഇസ്ലമാബാദ്: ഇറാന്‍-യു.എസ് യുദ്ധ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി അടച്ചതോടെ മേഖലയിലെ അപൂര്‍വ്വമായ പെട്രോള്‍-ചൂരമീന്‍ ബാര്‍ട്ടര്‍ കച്ചവടം പൂര്‍ണ്ണമായും സ്തംഭിച്ചു. വര്‍ഷങ്ങളായി ഇറാനില്‍ നിന്ന് വന്‍തോതില്‍ പെട്രോള്‍ പാക്കിസ്ഥാനിലേക്ക് കടത്തുകയും, അതിന് പകരമായി പാക്കിസ്ഥാനിലെ മത്സ്യവ്യാപാരികള്‍ ഇറാനിലേക്ക് ചൂരമീന്‍ നല്‍കുകയും ചെയ്യുന്ന കച്ചവട രീതിയാണ് ഇപ്പോള്‍ കനത്ത പ്രതിസന്ധിയിലായിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഈ എക്‌സ്‌ചേഞ്ച് കച്ചവടം വന്‍ തകര്‍ച്ചയിലാണെന്ന് പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം കടല്‍ മാര്‍ഗ്ഗങ്ങളിലേക്കും വ്യാപിക്കുകയും ബോട്ടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ കോനാറക്, പാസബന്ദര്‍, ബെറിസ് തുടങ്ങിയ പ്രധാന മത്സ്യവ്യാപാര കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായി. മാര്‍ച്ച്, ജൂലൈ മാസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ചില പാക്കിസ്ഥാനി മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുക കൂടി ചെയ്തതോടെ വ്യാപാരികള്‍ ഇറാന്‍ ഭാഗത്തേക്ക് ബോട്ടുകള്‍ അയക്കുന്നത് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു.

ഇറാനിയന്‍ അടുക്കളകളില്‍ ഏറെ പ്രിയമുള്ള ചൂരമീന്‍ പാക്കിസ്ഥാനില്‍ അത്ര ജനപ്രിയമല്ല. സ്വന്തം നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ ഏഴും എട്ടും ഇരട്ടി വില ഇറാനില്‍ നിന്ന് ലഭിച്ചിരുന്നതിനാലാണ് വ്യാപാരികള്‍ ഈ കച്ചവടത്തെ പ്രധാനമായി ആശ്രയിച്ചിരുന്നത്. ഈ എക്‌സ്‌ചേഞ്ച് സമ്പ്രദായത്തിന് പുറമെ, അതിര്‍ത്തി വഴി വന്‍തോതിലുള്ള പെട്രോള്‍ കള്ളക്കടത്തും പ്രദേശത്ത് സജീവമാണ്. സൈന്യത്തിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ മോട്ടോര്‍ ബൈക്കുകളിലായി പ്രതിദിനം അറുപത് ലക്ഷത്തോളം ലീറ്റര്‍ പെട്രോളാണ് ഇറാനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് എത്തുന്നതെന്നാണ് കണക്കുകള്‍.

ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ അനധികൃത കടത്ത് സിന്ധ്, കറാച്ചി, പാക്ക് പഞ്ചാബ് മേഖലകളിലേക്കും വ്യാപിക്കാറുണ്ട്. ഏകദേശം 1.5 കോടി ജനസംഖ്യയുള്ള ബലൂചിസ്ഥാനിലെ 24 ലക്ഷത്തോളം ആളുകളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം ഈ പെട്രോള്‍ കള്ളക്കടത്താണ്. എന്നാല്‍ നിലവിലെ യുദ്ധസാഹചര്യവും അതിര്‍ത്തി അടച്ച നടപടിയും മൂലം കച്ചവടം നിലയ്ക്കുകയും പതിനായിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതാവുകയും ചെയ്തിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam