പക്ഷാഘാത ചികിത്സയ്ക്കെത്തി: 55 കാരന്റെ മൂത്രാശയത്തില്‍ നിന്ന് നീക്കം ചെയ്തത് 3.1 കിലോ ഭാരമുള്ള ഭീമന്‍ കല്ല്; ലോക റെക്കോര്‍ഡ്!

AUGUST 22, 2026, 3:24 AM

ട്രിങ്കോമലീ: പക്ഷാഘാതത്തിന് തുടര്‍ചികിത്സ തേടിയെത്തിയ രോഗിയുടെ മൂത്രാശയസഞ്ചിയില്‍ നിന്ന് 3.1 കിലോ ഭാരവും 17 സെന്റീമീറ്റര്‍ നീളവുമുള്ള ഭീമന്‍ കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശ്രീലങ്കയിലെ ട്രിങ്കോമലീ ജില്ലാ ജനറല്‍ ആശുപത്രിയിലാണ് വൈദ്യശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ സംഭവം നടന്നത്. ചികിത്സയ്‌ക്കെത്തിയ 55കാരന് മൂത്രതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മൂത്രാശയത്തില്‍ വന്‍ കല്ല് കിടക്കുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഡോ. പ്രഹ്ലാദന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘം വന്‍ ശസ്ത്രക്രിയയിലൂടെ കല്ല് പുറത്തെടുക്കുകയായിരുന്നു. നിലവിലുള്ള വൈദ്യശാസ്ത്ര രേഖകള്‍ പ്രകാരം ലോകത്ത് ഇതുവരെ നീക്കം ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മൂത്രാശയക്കല്ലാണിതെന്ന് ഡോക്ടര്‍ ബിബിസി സിംഹളയോട് പ്രതികരിച്ചു.

മൂത്രാശയക്കല്ലുകള്‍: ലക്ഷണങ്ങളും പ്രതിരോധവും


കഠിനമായ വേദന, മൂത്രതടസ്സം, ഛര്‍ദ്ദി, മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം എന്നിവയാണ് മൂത്രപഥത്തിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ചിലരില്‍ രോഗലക്ഷണങ്ങളോ വേദനയോ ഉണ്ടാക്കാതെയും കല്ലുകള്‍ കിടക്കാറുണ്ട്. ഇവയെ 'സയലന്റ് സ്റ്റോണ്‍സ്'എന്ന് വിളിക്കുന്നു.

മൂത്രപഥത്തില്‍ കിടക്കുന്ന കല്ലുകള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുമ്പോഴാണ് അതികഠിനമായ വേദന അനുഭവപ്പെടുന്നത്. ഇതിനെ റീനല്‍ കോളിക് അഥവാ യൂറിട്രിക് കോളിക് എന്നാണ് വിളിക്കുന്നത്. വൃക്കയിലെ പെല്‍വിസില്‍ നിന്ന് മൂത്രവാഹിനിക്കുഴലുകളിലേക്ക് കല്ലുകള്‍ നീങ്ങുമ്പോള്‍ ഉണ്ടാകുന്ന തടസ്സമാണ് ഈ വേദനയ്ക്ക് കാരണം. പരുപരുത്ത ഓക്‌സലേറ്റ് കല്ലുകള്‍ മൂത്രവാഹിനികളില്‍ ഉരഞ്ഞുനീങ്ങുന്നത് മൂത്രത്തില്‍ രക്തം പൊടിയാന്‍ കാരണമാകുന്നു.

ചികിത്സ വൈകിയാല്‍ വൃക്കനാശിക്കും

മൂത്രാശയത്തിലേക്ക് മൂത്രം ഒഴുകിയെത്തുന്നത് തടസ്സപ്പെടുമ്പോള്‍ മൂത്രവാഹിനിയുടെ മുകള്‍ഭാഗം വികസിക്കുന്ന ഹൈഡ്രേയൂറീറ്റര്‍ അവസ്ഥയോ, വൃക്കകളില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന ഹൈഡ്രോ നെഫ്രോസിസ് എന്ന അവസ്ഥയോ ഉണ്ടായേക്കാം. കൃത്യസമയത്ത് കല്ല് നീക്കം ചെയ്തില്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കാനും സാധ്യതയുണ്ട്. അതേസമയം, മൂന്ന് മില്ലിമീറ്ററില്‍ താഴെ മാത്രം വലുപ്പമുള്ള ചെറിയ കല്ലുകള്‍ മൂത്രത്തിലൂടെ താനേ പുറത്തുപോകാറുണ്ട്.

രോഗനിര്‍ണ്ണയം എങ്ങനെ?

മൂത്രപരിശോധന, രക്തപരിശോധന, എക്‌സ്-റേ, സ്‌കാനിങ് എന്നിവയിലൂടെ രോഗം കൃത്യമായി നിര്‍ണ്ണയിക്കാം. മൂത്രത്തില്‍ രക്തത്തിന്റെയോ പഴുപ്പിന്റെയോ സാന്നിധ്യവും, രക്തപരിശോധനയിലൂടെ വെളുത്ത രക്താണുക്കളുടെ വര്‍ദ്ധനവ് വഴി അണുബാധയും കണ്ടെത്താനാകും. ഏകദേശം 80 ശതമാനത്തോളം കല്ലുകളും ഓക്‌സലേറ്റ് ഇനത്തില്‍പ്പെട്ടവയായതിനാല്‍ എക്‌സ്-റേ പരിശോധനയില്‍ ഇവ എളുപ്പത്തില്‍ തെളിയും. എന്നാല്‍ യൂറിക് ആസിഡ് കല്ലുകള്‍ സാധാരണ എക്‌സ്-റേകളില്‍ വ്യക്തമാകണമെന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam