നേപ്പാളിലുണ്ടായ വൻ പ്രളയത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട് ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 93 തൊഴിലാളികൾക്കായുള്ള തിരച്ചിൽ വലിയ പ്രതിസന്ധിയിൽ. രസുവ ജില്ലയിലെ രസുവാഗധി ജലവൈദ്യുത പദ്ധതി പ്രദേശത്താണ് 93 ജീവനക്കാരെ കാണാതായിരിക്കുന്നത്. നേപ്പാൾ സൈന്യവും വിദഗ്ധ സംഘവും അത്യാധുനിക തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് തുരങ്കത്തിന്റെ അവസാന അറ്റം വരെ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്നാണ് പ്രൊജക്റ്റ് പ്രദേശത്ത് അപകടമുണ്ടായത്. പ്രളയജലം അതിവേഗത്തിൽ ഒഴുകിയെത്തിയതോടെ അവിടെ ജോലി ചെയ്തിരുന്ന നിർമ്മാണ തൊഴിലാളികളും ഉദ്യോഗസ്ഥരും തുരങ്കത്തിനുള്ളിൽ കുടുങ്ങിയെന്നാണ് കരുതിയിരുന്നത്. തുടർന്നാണ് അപകട സാധ്യതയേറിയ തുരങ്കത്തിനുള്ളിലേക്ക് മനുഷ്യർക്ക് പകരം തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകൾ അയച്ച് പരിശോധന നടത്താൻ സൈന്യം തീരുമാനിച്ചത്.
തൊഴിലാളികൾ ജീവനോടെയോ അല്ലാതെയോ തുരങ്കത്തിനുള്ളിൽ ഉണ്ടോ എന്ന് കണ്ടെത്താനാണ് അഞ്ചോളം ക്യാമറകളുള്ള ഡ്രോണുകൾ ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്. എന്നാൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിന്റെ യാതൊരു സൂചനയും തെർമൽ ഡ്രോൺ ദൃശ്യങ്ങളിൽ ലഭിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റ് അറിയിച്ചു. ഇതോടെ കാണാതായ 93 ജീവനക്കാർ എവിടെയെന്ന ചോദ്യം വലിയ നിഗൂഢതയായി മാറുകയാണ്.
ലാംഗ്താങ് മേഖലയിലുണ്ടായ ഹിമപാളികളുടെ തകർച്ചയെ തുടർന്നുണ്ടായ പ്രളയം തൃശ്ശൂലി നദീതടത്തിലാകെ വലിയ നാശനഷ്ടമാണ് വിതച്ചത്. പ്രളയത്തിൽ നിരവധി ജലവൈദ്യുത പദ്ധതി കേന്ദ്രങ്ങളും റോഡുകളും പാലങ്ങളും തകർന്നു. മേഖലയിലുടനീളം വിവിധ പവർ പ്രൊജക്റ്റുകളിൽ നിന്നായി അഞ്ഞൂറിലധികം തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നാണ് പ്രകൃതി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്.
രസുവാഗധി പദ്ധതി സ്ഥലത്തുനിന്ന് കാണാതായവരിൽ 49 പേർ കമ്പനിയിലെ സ്ഥിരം ജീവനക്കാരും ബാക്കിയുള്ളവർ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ്. ഇതിനിടെ പ്രളയത്തിൽപ്പെട്ട മറ്റൊരു ഭൂഗർഭ കേന്ദ്രത്തിൽ കുടുങ്ങിയ നാല് തൊഴിലാളികൾ രണ്ട് ദിവസത്തിന് ശേഷം സ്വയം രക്ഷപ്പെട്ട് പുറത്തെത്തിയത് പ്രതീക്ഷ നൽകിയിരുന്നു. തുടർന്ന് നേപ്പാൾ സൈന്യം ഇവരെ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികൂല കാലാവസ്ഥയും തുടർച്ചയായ മഴയും റോഡുകൾ തകർന്നതും മേഖലയിലെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ ദുരന്തബാധിത പ്രദേശങ്ങളിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. കാണാതായവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ കരമാർഗ്ഗവും വ്യോമമാർഗ്ഗവും ശക്തമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
English Summary: Rescuers searching a flood-hit hydropower project in Nepal used thermal drones inside a tunnel to trace 93 missing workers but found no survivors or bodies. The operation at the Rasuwagadhi Hydropower Project in Rasuwa district was carried out by the Nepal Army using advanced technology after flash floods devastated the Himalayan nation.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Nepal Floods, Nepal Tunnel Missing Workers, Rasuwagadhi Hydropower Project, Thermal Drone Search Nepal
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
