ന്യൂയോര്‍ക്ക്: ആഗോള ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികള്‍ക്ക് കളമൊരുക്കിക്കൊണ്ട് മുന്‍നിര ടെക്-ബഹിരാകാശ കമ്പനികള്‍ പൊതുവിപണിയിലേക്ക് ചുവടുവെക്കുന്നു. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്, മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക് എന്നിവയാണ് യു.എസ് ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒകള്‍ക്ക് തയാറെടുക്കുന്നത്.
ചാറ്റ്ജിപിറ്റിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐയും ഈ വര്‍ഷം അവസാനത്തോടെ ഇതേ പാത പിന്തുടരുമെന്നാണ് സൂചനകള്‍. വിപണി മൂല്യത്തില്‍ സംയുക്തമായി 3.5 ട്രില്യണ്‍ ഡോളര്‍ (ഏകദേശം ഫ്രാന്‍സിന്റെ ജിഡിപിക്ക് തുല്യം) ലക്ഷ്യമിടുന്ന ഈ മൂന്ന് വമ്പന്മാര്‍ വിപണിയിലെത്തുമ്പോള്‍, ആഗോള നിക്ഷേപകരുടെ പണ ലഭ്യതയില്‍ വലിയ ചലനങ്ങളുണ്ടാകുമെന്നാണ് വാള്‍സ്ട്രീറ്റ് വിലയിരുത്തുന്നത്.
ജൂണ്‍ 12 ന് നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന സ്പേസ് എക്സ് മാത്രം വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 75 ബില്യണ്‍ ഡോളറാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. എന്നാല്‍ ഭാവിയുടെ സാങ്കേതിക വിദ്യകളും മൂണ്‍ഷോട്ട് പദ്ധതികളും വിറ്റ് ശീലിച്ച ഈ കമ്പനികളുടെ തലവന്മാര്‍, പരമ്പരാഗത നിക്ഷേപകരുടെ കണിശമായ കണക്കുകളിലേക്കും വാള്‍സ്ട്രീറ്റിലെ കര്‍ശനമായ ചട്ടങ്ങളിലേക്കും വരുമ്പോള്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മുന്‍ കാലങ്ങളില്‍ വന്‍കിട കമ്പനികള്‍ക്ക് സംഭവിച്ച സമാനമായ പിഴവുകള്‍ ഇവര്‍ക്ക് മുന്നില്‍ വലിയൊരു പാഠപുസ്തകമാണ്. ഒരു കമ്പനി ഐപിഒ നടപടികളിലേക്ക് കടന്നാല്‍ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നിര്‍ദേശിക്കുന്ന ക്വയറ്റ് പിരീഡ് ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഈ കാലയളവില്‍ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ വിപണി സാധ്യതകളെക്കുറിച്ചോ പൊതുമധ്യത്തില്‍ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. എന്നാല്‍ ഈ ചട്ടം ലംഘിച്ച് പ്രതിസന്ധിയിലായ പ്രമുഖര്‍ മുന്‍പിലുണ്ട്.
2004 ല്‍ ഐപിഒയ്ക്ക് തൊട്ടുമുന്‍പ് ഗൂഗിള്‍ സഹസ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും പ്രശസ്തമായ പ്ലേബോയ് മാഗസിന് അഭിമുഖം നല്‍കിയത് വലിയ വിവാദമായിരുന്നു. ചട്ട ലംഘനം മറികടക്കാന്‍ ഒടുവില്‍ ആ അഭിമുഖം മുഴുവനായി ഗൂഗിളിന് തങ്ങളുടെ ഔദ്യോഗിക ഐപിഒ ഫയലിംഗിന്റെ ഭാഗമാക്കേണ്ടി വന്നു. സിഇഒ മാര്‍ക്ക് ബെനിയോഫ് ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന് കമ്പനിക്കുള്ളില്‍ പരസ്യമായി പ്രവേശനം നല്‍കിയതിനെ തുടര്‍ന്ന് എസ്ഇസി ഇടപെടുകയും സെയില്‍സ് ഫോഴ്സിന്റെ ഐപിഒ ഒരു മാസത്തേക്ക് നീട്ടിവെക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.
ട്വിറ്ററിലും മറ്റ് പൊതുവേദികളിലും അനിയന്ത്രിതമായ പ്രസ്താവനകള്‍ നടത്തി ശീലിച്ച ഇലോണ്‍ മസ്‌കിന് ക്വയറ്റ് പിരീഡ് ചട്ടങ്ങള്‍ എത്രത്തോളം പാലിക്കാന്‍ കഴിയുമെന്നത് വിപണി ഉറ്റുനോക്കുന്ന പ്രധാന കാര്യമാണ്. നിക്ഷേപകരെ നേരില്‍ കണ്ട് കമ്പനിയുടെ ബിസിനസ്സ് മോഡല്‍ വിശദീകരിക്കുന്ന 'റോഡ്‌ഷോ' ആണ് ഐപിഒ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ജൂണ്‍ ആദ്യവാരം തന്നെ സ്പേസ് എക്സ് തങ്ങളുടെ റോഡ്‌ഷോ ആരംഭിച്ചിരിക്കുകയാണ്. കമ്പനിയുടെ വിപണിമൂല്യം നിശ്ചയിക്കുന്നതില്‍ സിഇഒമാരുടെ പക്വതയും അവതരണ ശൈലിയും പ്രധാനമാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
2012 ല്‍ ഫേസ്ബുക്കിന്റെ (ഇപ്പോഴത്തെ മെറ്റാ) ഐപിഒ റോഡ്‌ഷോയ്ക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കോട്ടും സൂട്ടും ധരിക്കാതെ തന്റെ സ്ഥിരം സ്‌റ്റൈലായ ഹൂഡിയും സ്‌നീക്കേഴ്‌സും ധരിച്ചെത്തിയത് നിക്ഷേപകരെ ചൊടിപ്പിച്ചു. ഇത് കമ്പനിയുടെ പക്വതയില്ലായ്മയായി വ്യാഖ്യാനിക്കപ്പെടുകയും ലിസ്റ്റിംഗിന്റെ ആദ്യ ദിവസങ്ങളില്‍ ഓഹരിവില 20 ശതമാനത്തോളം ഇടിയാന്‍ കാരണമാകുകയും ചെയ്തു. സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖലയായ 'സ്റ്റാര്‍ലിങ്ക്' വലിയ ലാഭമുണ്ടാക്കുന്നുണ്ടെങ്കിലും, ഇലോണ്‍ മസ്‌കിന്റെ കീഴിലുള്ള മറ്റൊരു സ്ഥാപനമായ എക്‌സ്എഐ നേരിടുന്ന നഷ്ടങ്ങളെക്കുറിച്ചും മസ്‌കിന്റെ അപ്രവചനീയമായ തീരുമാനങ്ങളെക്കുറിച്ചും നിക്ഷേപകരില്‍ നിന്ന് കടുത്ത ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം.
ഐപിഒ രേഖകളില്‍ കൃത്രിമത്വം കാണിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് മുന്‍കാല സംഭവങ്ങള്‍ തെളിയിക്കുന്നു. 2011 ല്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഗ്രൂപ്പണ്‍ തങ്ങളുടെ ഏറ്റവും വലിയ ചെലവായ മാര്‍ക്കറ്റിംഗ് തുക ഒഴിവാക്കിക്കൊണ്ട് പുതിയൊരു സാമ്പത്തിക സൂചിക കൃത്രിമമായി ഉണ്ടാക്കിയത് വലിയ തിരുത്തലുകള്‍ക്ക് വഴിവെച്ചിരുന്നു.
വാള്‍സ്ട്രീറ്റിലെ നിക്ഷേപകര്‍ എപ്പോഴും കൃത്യമായ അക്കൗണ്ട് വിവരങ്ങളും ഭാവിയെക്കുറിച്ചുള്ള വ്യക്തമായ സാമ്പത്തിക പ്രവചനങ്ങളുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ആന്ത്രോപിക്, ഓപ്പണ്‍ എഐ തുടങ്ങിയ കമ്പനികളുടെ ചാറ്റ്ബോട്ടുകള്‍ ഇപ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍കുന്ന സാങ്കേതിക പ്രതിസന്ധി നേരിടുന്നുണ്ട്. പരമ്പരാഗത സാമ്പത്തിക മാനദണ്ഡങ്ങള്‍ വെച്ച് അളക്കാന്‍ കഴിയാത്ത ഈ എഐ കമ്പനികളുടെ 'ഭാവിയുടെ കഥകള്‍ക്ക്' വാള്‍സ്ട്രീറ്റ് എത്രത്തോളം മാര്‍ക്കിടുമെന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും. എന്തായാലും ടെക്നോളജി ലോകത്തെ ഈ വമ്പന്മാരുടെ വിപണി പ്രവേശം ആഗോള ഓഹരി വിപണിയുടെ ദിശ തന്നെ മാറ്റിയെഴുതാന്‍ പോന്നതാണെന്നതില്‍ സംശയമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
