പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നോ? ട്രംപിന്റെ ആരോപണങ്ങള്‍ തള്ളി ഒബാമ 

JULY 23, 2025, 4:52 AM

വാഷിംഗ്ടണ്‍: 2016 ലെ തിരഞ്ഞെടുപ്പില്‍ റഷ്യയുമായി ഒത്തുകളിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തെങ്ങള്‍ തള്ളി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. റഷ്യയുടെ പിന്തുണയോടെ 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഒബാമയുടെ ഓഫിസ് നിഷേധിച്ചത്. ഇത്തരം അവകാശവാദങ്ങളെ വിചിത്രം എന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ദുര്‍ബലമായ ശ്രമം എന്നുമാണ് ഒബാമ വിശേഷിപ്പിച്ചത്. 

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഒബാമയെ അറസ്റ്റ് ചെയ്യുന്നതായി സൃഷ്ടിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വീഡിയോ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പങ്കുവച്ചിരുന്നു. തിരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് രണ്ട് എഫ്ബിഐ ഏജന്റുമാര്‍ ഒബാമയെ വിലങ്ങുവയ്ക്കുന്ന ഒരു വ്യാജ എഐ നിര്‍മിത വീഡിയോയായിരുന്നു ട്രംപ് പങ്കുവച്ചിരുന്നത്. ജയിലിനുള്ളില്‍, തടവുകാരുടെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒബാമ നില്‍ക്കുന്നതാണ് വീഡിയോ. എന്നാല്‍ ഇത്തരം വ്യാജ വീഡിയോകള്‍ അംഗീകരിക്കാന്‍ ആകില്ലെന്നും റഷ്യയുമായി ഒത്തകളിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഒബാമയുടെ ഓഫിസ് വ്യക്തമാക്കി.

ഈ വിചിത്രമായ ആരോപണങ്ങള്‍ പരിഹാസ്യവും ശ്രദ്ധ തിരിക്കുന്നതിനുള്ള ദുര്‍ബലമായ ശ്രമവുമാണെന്ന് ഒബാമയുടെ വക്താവ് പാട്രിക് റോഡന്‍ബുഷ് പറഞ്ഞു. 2016 ലെ പ്രസിഡന്റ് ത്ിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ പ്രവര്‍ത്തിച്ചുവെന്ന് ആരോപണം വ്യാജമാണ്. ഒരു വോട്ടില്‍ പോലും കൃത്രിമം കാണിച്ചില്ല. അന്നത്തെ ചെയര്‍മാന്‍ മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള ദ്വികക്ഷി സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ 2020 ലെ റിപ്പോര്‍ട്ടില്‍ ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഒബാമ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് കഴിഞ്ഞ വെള്ളിയാഴ്ച ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു, അതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ 'രാജ്യദ്രോഹ ഗൂഢാലോചനയില്‍' ഏര്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന് തെളിവുകള്‍ കൈമാറുകയാണെന്നും ഗബ്ബാര്‍ഡ് പറഞ്ഞു. 2016 ല്‍ ഒബാമ ഭരണകൂടത്തിലെ ഏറ്റവും ശക്തരായ വ്യക്തികള്‍ ഇന്റലിജന്‍സിനെ എങ്ങനെ രാഷ്ട്രീയവല്‍ക്കരിക്കുകയും ആയുധമാക്കുകയും ചെയ്തുവെന്നും, അമേരിക്കന്‍ ജനതയുടെ തീരുമാനത്തെ അട്ടിമറിച്ചും ജനാധിപത്യ റിപ്പബ്ലിക്കിനെ തുരങ്കംവെച്ചും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വര്‍ഷങ്ങളോളം നീണ്ടുനിന്ന അട്ടിമറിക്ക് അടിത്തറയിട്ടത് എങ്ങനെയെന്നും അമേരിക്കക്കാര്‍ ഒടുവില്‍ സത്യം മനസിലാക്കുമെന്നും ഗബ്ബാര്‍ഡ് വ്യക്തമാക്കിയിരുന്നു.

അന്നത്തെ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി, മുന്‍ ഡിഎന്‍ഐ ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍, മുന്‍ സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രെനന്‍ എന്നിവരുള്‍പ്പെടെ നിരവധി മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച സംഘത്തിന്റെ നേതാവ് പ്രസിഡന്റ് ഒബാമയായിരുന്നു. അദ്ദേഹം കുറ്റക്കാരനാണ്. ഇത് രാജ്യദ്രോഹമായിരുന്നു. മറ്റ് രാജ്യങ്ങളില്‍ പോലും ആരും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ അവര്‍ ചെയ്തുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. 

2016 ലെ യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് ഒബാമയുടെ കീഴിലെ മുന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഹിലരി ക്ലിന്റന്റെ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനും ഡൊണാള്‍ഡ് ട്രംപിന് നേട്ടമുണ്ടാക്കാനും റഷ്യ വിപുലമായ ശ്രമം നടത്തിയതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്നും അന്നത്തെ ഒബാമ ഭരണകൂടം ആരോപിച്ചിരുന്നു. എന്നാല്‍ ട്രംപ് ഈ അവകാശവാദം നിഷേധിക്കുകയും അന്വേഷണം അടിസ്ഥാനരഹിതമായ ഒരു തട്ടിപ്പാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam