കാബൂള്‍: തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് യുഎസ് പ്രതിനിധികളുമായി ധാരണയിലെത്തിയതായി താലിബാന്‍. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഒരു യുഎസ് പൗരനെ അഫ്ഗാന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ ഒന്‍പത് മാസമായി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന യുഎസ് പൗരനെയാണ് മോചിപ്പിച്ചത്. അമീര്‍ അമീരി എന്ന വ്യക്തിയാണ് മോചിതനായത്.
ഈ വര്‍ഷം താലിബാന്റെ തടങ്കലില്‍ നിന്ന് മോചിതനാകുന്ന അഞ്ചാമത്തെ അമേരിക്കക്കാരനാണ് അമീര്‍ അമീരി. അമീരിയുടെ മോചനം ഉറപ്പാക്കുന്നതില്‍ ഖത്തര്‍ നടത്തിയ അക്ഷീണ നയതന്ത്ര ശ്രമങ്ങള്‍ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നന്ദി രേഖപ്പെടുത്തി. എന്നാല്‍ അമീരിയെ തടങ്കലില്‍ വച്ചതിന്റെ കാരണം വ്യക്തമല്ല.
'ഇത് ഒരു പ്രധാന ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും, കൂടുതല്‍ അമേരിക്കക്കാര്‍ അഫ്ഗാനിസ്ഥാനില്‍ അന്യായമായി തടങ്കലില്‍ കഴിയുന്നു. നമ്മുടെ തടവുകാരായ എല്ലാ പൗരന്മാരെയും നാട്ടിലേക്ക് കൊണ്ടുവരുന്നതുവരെ പ്രസിഡന്റ് ട്രംപ് വിശ്രമിക്കില്ല.'- മാര്‍ക്കോ റൂബിയോ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ ഇനിയും യുഎസ് പൗരന്മാര്‍ തടങ്കലില്‍ തുടരുന്നുണ്ടെന്നും അവരുടെ മോചനം ഉറപ്പാക്കാന്‍ ട്രംപ് ഭരണകൂടം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. അമീരി മോചിതനായതിന് ശേഷം ദോഹയിലേക്ക് യാത്രതിരിച്ചിരിക്കുകയാണ്. അവിടെ നിന്നാണ് അദേഹം യുഎസിലേക്ക് മടങ്ങുകയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്