ജനീവ: ഐക്യരാഷ്ട്രസഭയുടെ തൊഴിൽ സംഘടനയായ 'ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ' (ILO) ഡെപ്യൂട്ടി ഡയറക്ടർ ജനറലായി അമേരിക്കൻ ഉദ്യോഗസ്ഥൻ ഷെങ് ലിയെ നിയമിച്ച ഉത്തരവ് റദ്ദാക്കി.
യുണൈറ്റഡ് സ്റ്റേറ്റ്സ് വരുത്തിയ വൻ തുകയുടെ സാമ്പത്തിക കുടിശ്ശികയെ തുടർന്നാണ് തിങ്കളാഴ്ച ഈ അസാധാരണ നടപടിയെന്ന് ഐ.എൽ.ഒ വ്യക്തമാക്കി. മുൻപ് നിശ്ചയിച്ചിരുന്നതുപോലെ വരുന്ന ജൂലൈ മാസത്തിൽ ഷെങ് ലി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പദവി ഏറ്റെടുക്കില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിൽ സംഘടന അറിയിച്ചു.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ഏപ്രിലിലാണ് ഇദ്ദേഹത്തെ ഈ തസ്തികയിലേക്ക് തിരഞ്ഞെടുത്തത്. എന്നാൽ, കുടിശ്ശിക അടച്ചുതീർക്കാതെ നിയമനവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഐ.എൽ.ഒ അമേരിക്കയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. അതേസമയം, കുടിശ്ശിക തീർപ്പാക്കി ഏറ്റവും വലിയ സാമ്പത്തിക പങ്കാളി എന്ന പദവി തിരിച്ചുപിടിക്കാൻ അമേരിക്കയ്ക്ക് ഇനിയും അവസരമുണ്ടെന്ന് ഐ.എൽ.ഒ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഐ.എൽ.ഓ, പുതിയ ജീവനക്കാരെ നിയമിക്കുന്നത് മരവിപ്പിക്കുകയും ജീവനക്കാരുടെ അനാവശ്യ യാത്രകൾ വിലക്കുകയും ചെയ്തിട്ടുണ്ട്. ചില തസ്തികകൾ ചെലവ് കുറഞ്ഞ രാജ്യങ്ങളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലാണ്.
യു.എസ് തങ്ങളുടെ കുടിശ്ശികയിൽ കുറഞ്ഞത് 50 മില്യൺ ഡോളറെങ്കിലും ഉടനടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് നയതന്ത്രജ്ഞർ നൽകുന്ന സൂചന. ഐ.എൽ.ഒ ബജറ്റിന്റെ 22 ശതമാനവും നൽകുന്ന അമേരിക്കയാണ് സാധാരണയായി ഈ ഡെപ്യൂട്ടി പദവി കൈയാളാറുള്ളത്. എന്നാൽ, മെയ് 29-ലെ കണക്കുകൾ പ്രകാരം, മുൻ വർഷങ്ങളിലെ കുടിശ്ശികയും 2026-ലെ വിഹിതവും ഉൾപ്പെടെ ഏകദേശം 257 മില്യൺ സ്വിസ് ഫ്രാങ്ക് ($328 മില്യൺ ഡോളർ) യു.എസ് സംഘടനയ്ക്ക് നൽകാനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
