ഭരണഘടനാ ലംഘനം: കെന്നഡി സെന്ററില്‍ നിന്നും ട്രംപിന്റെ പേര് പൂര്‍ണമായി നീക്കം ചെയ്തു

JUNE 13, 2026, 8:02 PM

വാഷിംഗ്ടണ്‍: യുഎസ് കോടതി ഉത്തരവിനെ തുടര്‍ന്ന് വാഷിംഗ്ടണിലെ വിഖ്യാത കലാവേദിയായ കെന്നഡി സെന്ററിന്റെ മുഖപ്പില്‍ നിന്നും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നീക്കം ചെയ്തു. കോടതി നിശ്ചയിച്ച സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 13 ന് പുലര്‍ച്ചെയോടെയാണ് അതീവ നാടകീയമായ നീക്കങ്ങളിലൂടെ അക്ഷരങ്ങള്‍ ഓരോന്നായി അധികൃതര്‍ അഴിച്ചുമാറ്റിയത്.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ സ്മരണാര്‍ത്ഥം 1964 ല്‍ പ്രത്യേക ഫെഡറല്‍ നിയമപ്രകാരം നിര്‍മ്മിച്ചതാണ് കെന്നഡി സെന്റര്‍. എന്നാല്‍ ട്രംപ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള സെന്ററിന്റെ ട്രസ്റ്റി ബോര്‍ഡ് കഴിഞ്ഞ ഡിസംബറില്‍ കെന്നഡി സെന്ററിന് ട്രംപിന്റെ പേര് കൂടി ചേര്‍ക്കാന്‍ വോട്ട് ചെയ്യുകയായിരുന്നു. ഇതിനെതിരെ ബോര്‍ഡ് അംഗം കൂടിയായ ഡെമോക്രാറ്റിക് ജനപ്രതിനിധി ജോയ്സ് ബീറ്റി നല്‍കിയ ഹര്‍ജിയിലാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പര്‍ ചരിത്രപരമായ വിധി പ്രസ്താവിച്ചത്.

'ഈ സ്ഥാപനം പ്രസിഡന്റ് കെന്നഡിയെ മാത്രം ആദരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിലേക്ക് മറ്റൊരാളുടെ പേര് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്.'- ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പര്‍ കോടതി വിധിയില്‍ വ്യക്തമാക്കി.

അര്‍ദ്ധരാത്രിയിലെ നാടകീയ നീക്കം

മെയ് 29 ലെ വിധിപ്രകാരം ജൂണ്‍ 12 നകം പേര് മാറ്റണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെ ട്രംപ് ഭരണകൂടവും ബോര്‍ഡും നല്‍കിയ അവസാന നിമിഷത്തെ അപ്പീലുകള്‍ കോടതി തള്ളി. തുടര്‍ന്ന് ജൂണ്‍ 12 വൈകുന്നേരത്തോടെ നിര്‍മ്മാണ തൊഴിലാളികള്‍ എത്തിയെങ്കിലും, അപ്പീലുകളില്‍ അനുകൂല തീരുമാനം പ്രതീക്ഷിച്ച് ട്രംപ് അനുകൂലികളായ മാനേജ്‌മെന്റ് മണിക്കൂറുകളോളം പണി തടസപ്പെടുത്തി. ഒടുവില്‍ അപ്പീലുകളെല്ലാം പരാജയപ്പെട്ടതോടെ, പുലര്‍ച്ചെ 3:10 ഓടെയാണ് ട്രംപിന്റെ പേര് നീക്കുന്ന ജോലികള്‍ ആരംഭിച്ചത്. കടുത്ത ഇടിമിന്നലും മഴയും കാരണമാണ് വൈകിയതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്, കോടതി പിന്നീട് 12 മണിക്കൂര്‍ കൂടി സമയം നീട്ടി നല്‍കുകയായിരുന്നു.

ആളുകള്‍ കാണാതിരിക്കാന്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ചുകെട്ടിയാണ് 'THE DONALD J. TRUMP AND' എന്ന വലിയ അക്ഷരങ്ങള്‍ ഭിത്തിയില്‍ നിന്നും മാറ്റിയത്.

ട്രംപിന്റെ പേര് മാറ്റുന്നത് കാണാന്‍ നൂറുകണക്കിന് ആളുകളാണ് കെന്നഡി സെന്ററിന് മുന്നില്‍ തടിച്ചുകൂടിയത്. കനത്ത മഴയെപ്പോലും അവഗണിച്ച് എത്തിയ ജനക്കൂട്ടം 'അത് താഴെയിറക്കൂ' എന്ന് മുദ്രാവാക്യം വിളിക്കുകയും 'ഗോഡ് ബ്ലെസ് അമേരിക്ക' എന്ന ഗാനം ആലപിക്കുകയും ചെയ്തു. ട്രംപിന്റെ പേര് വെച്ചതിനെ തുടര്‍ന്ന് നിരവധി കലാകാരന്മാര്‍ ഇവിടെ ഷോകള്‍ റദ്ദാക്കുകയും ധനസഹായം നിലയ്ക്കുകയും ചെയ്തിരുന്നുവെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു.

പേര് മാറ്റുന്നതിനൊപ്പം കെന്നഡി സെന്ററിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുക്കാനുള്ള ട്രംപിന്റെ മറ്റ് നീക്കങ്ങള്‍ക്കും കോടതി ശക്തമായ തിരിച്ചടി നല്‍കി. വന്‍തോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ പേര് പറഞ്ഞ് വരും വര്‍ഷങ്ങളില്‍ സെന്റര്‍ രണ്ട് വര്‍ഷത്തേക്ക് പൂര്‍ണ്ണമായി അടച്ചിടാനുള്ള ട്രംപിന്റെ പ്ലാന്‍ ജഡ്ജി കൂപ്പര്‍ റദ്ദാക്കി. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ നവീകരണം നടത്താമെന്നും ബോര്‍ഡ് അംഗങ്ങളെ സ്വാധീനിച്ചാണ് ട്രംപ് ഈ തീരുമാനമെടുത്തതെന്നും 94 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

കോടതി ഉത്തരവ് വന്നതോടെ സെന്ററിന്റെ വെബ്സൈറ്റില്‍ നിന്നും ജീവനക്കാരുടെ ഔദ്യോഗിക ഇമെയില്‍ സിഗ്‌നേച്ചറുകളില്‍ നിന്നും ട്രംപിന്റെ പേര് ഇതിനകം തന്നെ പൂര്‍ണ്ണമായി ഒഴിവാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam