ശത്രുത 'അവസാനിപ്പിച്ചു': ഇറാനുമായുള്ള സൈനിക നടപടികള്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ് 

MAY 1, 2026, 7:26 PM

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സൈനിക നടപടികള്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത 'അവസാനിപ്പിച്ചു' എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. സംഘര്‍ഷങ്ങള്‍ തുടരുന്നതിന് തനിക്ക് കോണ്‍ഗ്രസിന്റെ (നിയമനിര്‍മ്മാതാക്കളുടെ) പ്രത്യേക അനുമതി ആവശ്യമില്ലെന്ന തന്റെ വാദത്തെ ന്യായീകരിക്കാനാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

യുദ്ധത്തെക്കുറിച്ച് കോണ്‍ഗ്രസിനെ അറിയിക്കേണ്ട സമയപരിധിയായ വെള്ളിയാഴ്ച, സഭാനേതാക്കള്‍ക്ക് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇറാനുമായി മറ്റ് വെടിവയ്പ്പുകളോ ഏറ്റുമുട്ടലുകളോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ഫെബ്രുവരി 28 ന് ആരംഭിച്ച ശത്രുത ഇപ്പോള്‍ അവസാനിച്ചതായും ട്രംപ് കത്തില്‍ രേഖപ്പെടുത്തി.

ഈ നീക്കത്തിലൂടെ ട്രംപ് പ്രധാനമായും ലക്ഷ്യമിടുന്നത് അധികാര പരിധി സംരക്ഷിക്കാനാണ്. സംഘര്‍ഷം അവസാനിച്ചുവെന്ന് സ്വയം പ്രഖ്യാപിക്കുന്നതിലൂടെ, ഇതിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകളോ വോട്ടെടുപ്പോ നടക്കുന്നത് ഒഴിവാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അതായത് സൈനിക തീരുമാനങ്ങള്‍ എടുക്കാന്‍ പ്രസിഡന്റിന് സ്വതന്ത്രമായ അധികാരമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കമാണിത്.

അമേരിക്കന്‍ ഭരണഘടനയിലെ വാര്‍ പവേഴ്സ് ആക്ട് പ്രകാരം പ്രസിഡന്റിനുള്ള അധികാര അതിര്‍ത്തികളെച്ചൊല്ലിയുള്ള വലിയൊരു തര്‍ക്കത്തിലേക്കാണ് ഈ നീക്കം വിരല്‍ ചൂണ്ടുന്നത്. അമേരിക്കന്‍ നിയമപ്രകാരം കോണ്‍ഗ്രസിന്റെ പ്രത്യേക അനുമതിയില്ലാതെ ഒരു വിദേശ രാജ്യത്തിനെതിരെ സൈനിക നടപടി തുടങ്ങിയാല്‍, അത് 60 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണം എന്നാണ് ചട്ടം. ഈ കാലാവധി കഴിഞ്ഞും സൈനിക നീക്കം തുടരണമെങ്കില്‍ കോണ്‍ഗ്രസ് അത് അംഗീകരിക്കേണ്ടതുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച നീക്കത്തിന്റെ 60 ദിവസത്തെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.

അതായത് യുദ്ധം 'അവസാനിച്ചു' എന്ന് പറയുന്നതിലൂടെ, കോണ്‍ഗ്രസില്‍ നിന്ന് പുതിയ അനുമതി വാങ്ങേണ്ട സാഹചര്യം അദ്ദേഹം ഒഴിവാക്കി. ഈ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയവും നിയമപരവുമായ ചില ലക്ഷ്യങ്ങളുണ്ടെന്നും വിലയിരുത്തപ്പെടുന്നു. സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ പ്രസിഡന്റിന് സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാം എന്ന് വരുത്തിത്തീര്‍ക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ കോണ്‍ഗ്രസിനെ മറികടക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈയുള്ള സഭകളില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നാല്‍ അത് തന്റെ വിദേശനയത്തിന് തിരിച്ചടിയാകുമെന്നാണ് ട്രംപ് കരുതുന്നത്.

മറ്റൊന്ന് ഒരു വലിയ യുദ്ധത്തിലേക്ക് അമേരിക്കയെ നയിക്കാതെ തന്നെ ഇറാനെ നിലയ്ക്കുനിര്‍ത്താന്‍ കഴിഞ്ഞു എന്ന് തന്റെ അനുയായികള്‍ക്ക് മുന്നില്‍ സ്ഥാപിക്കാനും ഇതിലൂടെ സാധിക്കും. ട്രംപ് 'അവസാനിച്ചു' എന്ന് പ്രഖ്യാപിച്ചെങ്കിലും ഇറാന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം നിര്‍ണ്ണായകമാണ്. സൈനിക നടപടികള്‍ നിര്‍ത്തിയാലും ഇറാനുമേലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ തുടരാനാണ് സാധ്യത. ഔദ്യോഗികമായി യുദ്ധം അവസാനിച്ചാലും പരോക്ഷമായ ഏറ്റുമുട്ടലുകളും സൈബര്‍ ആക്രമണങ്ങളും തുടരാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

യുദ്ധം അവസാനിപ്പിച്ചു എന്ന പ്രഖ്യാപനം കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ അതോ അവര്‍ ഇതിനെതിരെ നിയമപരമായ നീക്കങ്ങള്‍ നടത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam