വാഷിംഗ്ടണ്‍: അമേരിക്കയുടെ രൂപീകരണത്തിന്റെ 250-ാം വാര്‍ഷിക വേളയില്‍ വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ കടുത്ത രാഷ്ട്രീയ-തിരഞ്ഞെടുപ്പ് പ്രചാരണ ശൈലിയിലുള്ള പ്രസംഗവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. രാജ്യത്ത് വോട്ട് രേഖപ്പെടുത്തുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന തന്റെ ആവശ്യം ആവര്‍ത്തിച്ച ട്രംപ്, രാജ്യത്തിനുള്ളില്‍ കമ്മ്യൂണിസ്റ്റുകള്‍ പിടിമുറുക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കി. കനത്ത ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം രണ്ട് മണിക്കൂറോളം വൈകിയാണ് ട്രംപ് നാഷണല്‍ മാളിലെ വേദിയിലെത്തിയത്.
അമേരിക്കന്‍ ചരിത്രത്തിലെ നിര്‍ണായക യുദ്ധവിജയങ്ങള്‍, ചന്ദ്രനിലിറങ്ങിയ ചരിത്ര മുഹൂര്‍ത്തം, റൈറ്റ് സഹോദരന്മാരുടെ ആദ്യ വിമാനപ്പറക്കല്‍ എന്നിവയെ പ്രകീര്‍ത്തിച്ച ട്രംപ്, രാജ്യത്തിന്റെ ഭരണസംവിധാനത്തെയും പ്രശംസിച്ചു. എന്നാല്‍ ഇതോടൊപ്പം തന്നെ മെയില്‍ ബാലറ്റുകള്‍ പരിമിതപ്പെടുത്തുന്നതിനും വോട്ടര്‍ രജിസ്‌ട്രേഷന് പൗരത്വ തെളിവ് നിര്‍ബന്ധമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണങ്ങള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ഇറാന്‍ സൈന്യത്തെ താന്‍ പൂര്‍ണ്ണമായി അടിച്ചമര്‍ത്തിയെന്ന് അവകാശപ്പെട്ട അദ്ദേഹം, അമേരിക്കയില്‍ കമ്മ്യൂണിസം വളരുന്നതിനെതിരെ കടുത്ത ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നല്‍കി. ക്യാന്‍സര്‍ ബാധിച്ചാല്‍ തുടക്കത്തില്‍ തന്നെ അത് മുറിച്ചുമാറ്റേണ്ടതുണ്ടെന്നും, അതേപോലെ ഇത്തരം ഭീഷണികളെ രാജ്യത്ത് നിന്ന് വേഗത്തില്‍ ഇല്ലാതാക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മുന്‍കാലങ്ങളില്‍ യുഎസ് പ്രസിഡന്റുമാര്‍ ജൂലൈ 4 ആഘോഷങ്ങളിലെ നേരിട്ടുള്ള രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്നും വ്യക്തിപരമായ പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാറുണ്ടായിരുന്നെങ്കിലും, ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയ വേദി കൂടിയാക്കി മാറ്റുന്ന രീതിയാണ് ട്രംപ് സ്വീകരിക്കുന്നത്. 1951-ന് ശേഷം 2019-ലും ഇപ്പോള്‍ ഈ വര്‍ഷവുമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് നാഷണല്‍ മാളില്‍ നേരിട്ടെത്തി ജൂലൈ 4 പ്രസംഗം നടത്തുന്നത്. 103 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയെത്തിയ കടുത്ത ചൂടും കര്‍ശനമായ സുരക്ഷാ പരിശോധനകളും വകവയ്ക്കാതെ ആയിരക്കണക്കിന് ആളുകളാണ് ചടങ്ങ് കാണാന്‍ മണിക്കൂറുകളോളം കാത്തുനിന്നത്.
പ്രസംഗത്തിന് തൊട്ടുമുന്‍പ് ഇടിമിന്നല്‍ മുന്നറിയിപ്പ് ഉണ്ടായതിനെത്തുടര്‍ന്ന് ജനങ്ങളെ താല്‍ക്കാലികമായി സമീപത്തെ മ്യൂസിയങ്ങളിലേക്കും സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്കും മാറ്റിയിരുന്നു. വലിയൊരു പ്രസംഗം നടത്തുമെന്ന് ട്രംപ് മുന്‍പ് പ്രഖ്യാപിച്ചിരുന്നെങ്കിലും 40 മിനിറ്റില്‍ താഴെ മാത്രമാണ് അദ്ദേഹം സംസാരിച്ചത്.
അതേസമയം അമേരിക്കയുടെ ഈ സുപ്രധാന വാര്‍ഷികം ആഘോഷിക്കാന്‍ ട്രംപ് ഭരണകൂടം രൂപീകരിച്ച 'ഫ്രീഡം 250' എന്ന സംഘടനയ്ക്ക് എതിരെ രാജ്യത്ത് കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മുന്‍പ് രൂപീകരിച്ച രാഷ്ട്രീയേതര സമിതിയെ പൂര്‍ണ്ണമായി സൈഡ്ലൈന്‍ ചെയ്തുകൊണ്ട്, നാഷണല്‍ മാളിന്റെ വലിയൊരു ഭാഗം കണ്‍സര്‍വേറ്റീവ് ഗ്രൂപ്പുകളുടെയും പ്രതിരോധ കരാറുകാരുടെയും പ്രദര്‍ശന വേദിയാക്കി മാറ്റിയെന്നാണ് പ്രധാന ആക്ഷേപം. കടുത്ത രാഷ്ട്രീയവല്‍ക്കരണം ആരോപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പല സംസ്ഥാനങ്ങളും തങ്ങളുടെ പ്രതിനിധികളെ ഈ പരിപാടിയിലേക്ക് അയച്ചില്ല. കൂടാതെ പങ്കെടുക്കാമെന്നേറ്റ പല പ്രമുഖ കലാകാരന്മാരും പരിപാടിയില്‍ നിന്ന് പിന്മാറുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
