കേരളം വീണ്ടും നഴ്‌സുമാരുടെ ശക്തമായ സമരത്തിന് സാക്ഷിയാകുകയാണ്. അടിസ്ഥാന
ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‌റെ
നേതൃത്വത്തില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് അനിശ്ചിതകാല സമരത്തിലേക്ക്
കടന്നിരിക്കുന്നത്. കേരള ഹൈക്കോടതി വരെ ഇടപെട്ടെങ്കിലും പ്രശ്‌നത്തിന്
സ്ഥിരപരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. യുഎന്‍എ ആവശ്യപ്പെടുന്നത്
നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാണ്. എന്നാല്‍
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് 28,000 രൂപ മാത്രമാണ്. ഇതുപോലും പല ആശുപത്രി
മാനേജ്‌മെന്‌റുകളും നിരസിക്കുകയും ചെയ്തു. ദീര്‍ഘകാല ചര്‍ച്ചകള്‍
പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നീതിക്കുവേണ്ടി നഴ്‌സുമാര്‍ക്ക്
തെരുവിലിറങ്ങേണ്ടി വന്നത്.
നഴ്‌സുമാരുടെ
സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങള്‍ പലതാണ്.
ഏറ്റവും പ്രധാനം അവര്‍ തീര്‍ത്തും ഒറ്റയ്ക്കാണ് എന്നതാണ്. ശക്തമായ
പിന്തുണകളില്ല, പൊതുവായ പ്രതികരണങ്ങളില്ല, ചര്‍ച്ചകളില്ല,
ഐക്യദാര്‍ഢ്യവുമായി ഒരു സംഘടനകളും രംഗത്തില്ല. മധ്യസ്ഥ ചര്‍ച്ചകളെല്ലാം
പ്രഹസനമാകുന്നു. ഒരു തരത്തിലും ഒത്തുതീര്‍പ്പിനില്ലെന്ന പിടിവാശിയില്‍
മാനേജ്‌മെന്‌റുകള്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍
വാഗ്ദാനങ്ങള്‍ കൊണ്ട് കൂടെ നില്‍ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും
രംഗത്തു വന്നിട്ടില്ല. നടപടിയെടുക്കാനോ, പ്രശ്‌നപരിഹാരത്തിനൊ ഭരണ-പ്രതിപക്ഷ
ഭേദമന്യേ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല.
അതിജീവനത്തിനായുള്ള പോരാട്ടം അവഗണനയില്‍ തുടരുന്നു. ഇങ്ങനെ
തഴയപ്പെടേണ്ടവരാണോ നഴ്‌സുമാര്‍?
കേളത്തില്‍
എന്തു വിഷയമുണ്ടായാലും ഓടിയെത്തുകയും അഭിപ്രായം പറയുകയും അരയും തലയും
മുറുക്കി രംഗത്തിറങ്ങുകയും ചെയ്യുന്ന പ്രവാസി സംഘടനകളൊന്നും ഇത്തവണ
മിണ്ടിയിട്ടില്ല. ഇങ്ങനെയൊരു സമരം അറിഞ്ഞതായേ ആരും ഭാവിക്കുന്നില്ല. ഫോമ,
ഫൊക്കാന തുടങ്ങിയ പ്രവാസ സംഘടനകള്‍, ആയിരക്കണക്കിന് പ്രവാസികളെ
പ്രതിനിധീകരിക്കുന്നവയാണ്. വന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും
സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഇത്തരം സംഘടനകള്‍
നഴ്‌സുമാരുടെ നിലവിലെ സമരത്തിന് ഐക്യദാര്‍ഢ്യം പോലും പ്രഖ്യാപിക്കാത്തത്
അത്ഭുതപ്പെടുത്തുന്നു. ഈ മൗനം ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. സാംസ്‌കാരിക
പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണോ പ്രാധാന്യമുള്ളത്? തൊഴിലാളികളുടെ
പ്രശ്‌നങ്ങള്‍ നിസ്സാരമാണോ? പ്രവാസസംഘടനകള്‍ ഇനിയെങ്കിലും മൗനം
അവസാനിപ്പിക്കുക. ഇതു കുറച്ചുപേരുടെ പ്രശ്‌നമായി മാത്രം കാണാതെ സാമൂഹിക
വിഷയമായി കണ്ട് നിലപാട് എടുക്കുക.
കേരളത്തിന്റെ
പ്രവാസചരിത്രത്തില്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഗള്‍ഫ്,
യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് വലിയ തോതില്‍ കുടിയേറ്റം നടത്തിയ
മലയാളി നഴ്‌സുമാര്‍ മിക്ക കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറയായി മാറിയ
കാഴ്ച നമുക്ക് ഏറെ പരിചിതമാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍
നഴ്‌സുമാര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ലോകമലയാളികളുടെ വിജയകഥയില്‍
നഴ്‌സുമാരെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരേടുമുണ്ടാവില്ല. മലയാളി
പെണ്‍കുട്ടികള്‍ നഴ്‌സിങ് പഠിച്ചുകഴിഞ്ഞാലുടന്‍ വിദേശത്തേക്ക്
കടക്കുന്നുവെന്നും നമ്മുടെ ആരോഗ്യമേഖലയില്‍ നഴ്‌സുമാരുടെ കുറവ് ഭീകര
പ്രതിസന്ധികള്‍ക്കു കാരണമാകുന്നുവെന്നും വിമര്‍ശിക്കുന്നവര്‍ മനപ്പൂര്‍വ്വം
മറന്നുപോകുന്ന ഒന്നുണ്ട്, എന്തുകൊണ്ടാണ് നഴ്‌സുമാര്‍ കടല്‍ കടക്കുന്നത്? ആ
ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അവഗണന.
കേരളത്തില്‍ ജോലി മേഖലയില്‍ അവര്‍ക്ക് ലഭിക്കുന്ന ബഹുമാനക്കുറവ്.
ദൈര്‍ഘ്യമേറിയ ജോലി സമയം, അതേത്തുര്‍ന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം.
ഇതിനെയെല്ലാം അതിജീവിച്ച് ജോലിയില്‍ തുടരാമെന്നു വെച്ചാലും പ്രതിസന്ധികള്‍
ബാക്കിയാണ്. തുച്ഛമായ പ്രതിഫലം. ദിനംപ്രതിയുള്ള ചിലവുകളെ നേരിടാനോ,
കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനോ കഴിയാത്ത വിധം നിസ്സാരമായ
ശമ്പളം ഒരു പ്രധാന വെല്ലുവിളിയാകുന്നു. നഴ്‌സുമാര്‍ക്ക് പലയിടത്തും
ലഭിക്കുന്നത് 20,000ല്‍ താഴെ മാത്രം വേതനമാണ്.
അവിടെയാണ്
വിദേശ അവസരങ്ങള്‍ പ്രതീക്ഷയാകുന്നത്. വിദേശത്ത്, ഇതേ തൊഴിലിന് ഉയര്‍ന്ന
ശമ്പളവും സാമൂഹിക അംഗീകാരവും ലഭിക്കുന്നു. ജോലി സമ്മര്‍ദ്ദം അനുഭവിക്കേണ്ടി
വരുന്നില്ല. തൊഴില്‍മാന്യത അവിടെ ഏറ്റവും പ്രധാനപ്പെട്ടതാകുന്നു.
പുറത്തേക്ക് പോയാല്‍ അംഗീകാരം, നാട്ടില്‍ നിന്നാല്‍ പോരാട്ടം. ഈ വൈരുധ്യം
വളരെ ശക്തമാണ്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുമായി വിദേശ അവസരങ്ങള്‍ മാടി
വിളിക്കുമ്പോള്‍ നഴ്‌സുമാര്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടതു പോലുമില്ല.
എന്നാല്‍ ഇഷ്ടപ്പെട്ട ജോലിയുമായി സ്വന്തം നാട്ടില്‍ തന്നെ ജീവിക്കണമെന്ന്
ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ പ്രതിസന്ധികളില്‍ നട്ടം തിരിയുന്നത്.
വിദേശത്തേക്ക് പോയാല്‍ കുറ്റം പറയുന്നവരാരും നാട്ടിലെ നഴ്‌സുമാരുടെ
കഷ്ടപ്പാടുകള്‍ കാണില്ല. കൂടെ നില്‍ക്കില്ല. അതാണ് ഇപ്പോള്‍ കേരളത്തിലെ
സമരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. പിന്തുണ നല്‍കാന്‍ ആരുമില്ല. കേരളത്തിലെ
ഹെല്‍ത്ത്‌കെയര്‍ ലോബിയുടെ അധികാര ധാര്‍ഷ്ട്യമാണ് ഇപ്പോള്‍ നമ്മള്‍
കണ്ടുകൊണ്ടിരിക്കുന്നത്.
അതേസമയം
അവഗനയുടെ കാര്യം പറയുമ്പോള്‍ ചുരുക്കം ചില പരിഗണനകളുടെ കാര്യം പറയാതെ വയ്യ.
'പിയാനോ' എന്ന പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ്
ഓര്‍ഗനൈസേഷന്‍ നഴ്‌സുമാര്‍ക്കൊപ്പം തന്നെയാണ്. കേരളത്തിലെ നഴ്‌സുമാര്‍
സഹിക്കുന്ന ചൂഷണങ്ങള്‍ക്കെതിരേയുള്ള അണിചേരലുകള്‍ക്ക്, അമേരിക്കയിലെയും
ഇന്ത്യയിലെയും തൊഴില്‍ നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ട് പിയൊനോ ധാര്‍മിക
പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു മുന്‍പും കേരളത്തിലെ സ്വകാര്യ
മാനേജുമെന്റുകളുടെ ക്രൂരമായ പെരുമാറ്റച്ചട്ടങ്ങളുടെ ഇടയില്‍ക്കിടന്ന്
ശ്വാസം കിട്ടാതെ പിടഞ്ഞ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ കേരളത്തിന്‌റെ
മനസ്സാക്ഷിയുടെ മുന്‍പില്‍ ചോദ്യചിഹ്നമായിരുന്നു. അന്ന് ബോണ്ട് സമ്പദ്രായം
അവസാനിപ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്ന രീതി
നിര്‍ത്തിവെപ്പിക്കാനും നഴ്സാകാനുള്ള യോഗ്യതാ മാനദണ്ഡങ്ങളെ കാറ്റില്‍
പറത്താനുമൊക്കെ സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നപ്പോള്‍ പെന്‍സില്‍വാനിയ
ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍, കേരളത്തിലെ നഴ്സുമാര്‍ക്ക്
നല്‍കിയ ശക്തമായ പിന്തുണ എടുത്തു പറയേണ്ടതാണ്. പിയാനോയുടെ സ്ഥാപക
പ്രസിഡന്റായ ബ്രിജിത്ത് വിന്‍സെന്റും ഭര്‍ത്താവും പ്രവാസി വ്യവസായിയും
കോതമംഗലം സ്വദേശിയുമായ വിന്‍സെന്റ് ഇമ്മാനുവലും അന്ന് നടത്തിയ ഇടപെടലുകള്‍
വലിയ വഴിത്തിരിവായിരുന്നു. നഴ്സുമാരുടെ വിഷയം സുപ്രീംകോടതിയുടെ വരെ
ശ്രദ്ധയില്‍ പെടുത്താനും നഴ്സാകാനുള്ള യോഗ്യതാമാനദണ്ഡങ്ങള്‍ കാറ്റില്‍
പറത്താനും അന്നത്തെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു.
എല്ലാവിധ
ചൂഷണങ്ങളും സഹിച്ച് ബോണ്ട് കാലാവധി പൂര്‍ത്തിയാകുന്നതു വരെ ഓവര്‍ടൈം ജോലി
ചെയ്ത് ആത്മഹത്യയുടെ വക്കില്‍ വരെയെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥികളില്‍
പലരും കഷ്ടതയുടെ കാലത്തെ കടന്നു വെച്ചത് ഇതിനെല്ലാം ശേഷം വന്ന വിദേശ
അവസരങ്ങള്‍ കൊണ്ടു മാത്രമാണ്. ഇവിടെ വര്‍ഷങ്ങള്‍ ജോലി ചെയ്ത ശമ്പളം വിദേശ
രാജ്യങ്ങളില്‍ മാസങ്ങള്‍ കൊണ്ട് ഉണ്ടാക്കാമെന്ന സ്ഥിതി വന്നപ്പോള്‍
നഴ്സുമാര്‍ കടല്‍ കടന്നു തുടങ്ങി. എന്നാല്‍ പലവിധ കാരണങ്ങളാല്‍
വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കാത്തവരും ജന്മനാട്ടില്‍ തന്നെ ജോലി
ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും ഇവിടെ തന്നെ തുടരുന്നു. അവരാണിപ്പോള്‍
ശമ്പളമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കനത്ത ലോണെടുത്ത്
പഠിച്ചിറങ്ങുന്ന മലയാളികളായ നഴ്‌സുമാര്‍ തുച്ഛമായ പ്രതിഫലത്തിനു ജീവിതം
തീറെഴുതണമെന്ന അവസ്ഥയാണിപ്പോഴുള്ളത്.
കേരളത്തില്‍
മൂന്ന് വര്‍ഷം കൂടുമ്പോള്‍ നഴ്സുമാരുടെ ശമ്പളത്തില്‍
വര്‍ദ്ധനവുണ്ടാകണമെന്നതാണ് നിയമം. 2017 ഒക്ടോബര്‍ ഒന്നിനു ശേഷം
ഇക്കാര്യത്തില്‍ കൃത്യമായൊരു നടത്തിപ്പ് ഉണ്ടായിട്ടില്ല. 50 കിടക്കകളുള്ള
ആശുപത്രികളില്‍ മിനിമം വേതനം 30,000 രൂപയായി ഉയര്‍ണമെന്ന സര്‍ക്കാര്‍
പ്രഖ്യാപനമുണ്ടായത് 2018ലാണ്. എന്നാല്‍ ഇപ്പോഴും ഇത് പ്രാബല്യത്തില്‍
വന്നിട്ടില്ല. പല സ്വകാര്യ മാനേജ്മെന്റുകളും തോന്നിയ ശമ്പളം നല്‍കി
നഴ്‌സുമാരെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്ന പ്രവണത തുടരുകയാണ്. ഈ
സാഹചര്യത്തിലാണ് അടിസ്ഥാന ശമ്പളം 40,000 ആക്കണമെന്ന ആവശ്യവുമായി യുഎന്‍എ
രംഗത്തിറങ്ങിയിരിക്കുന്നത്.
നിലവില്‍
അഞ്ഞൂറിനടുത്ത് ആശുപത്രികളാണ് കേരളത്തില്‍ യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്‍,
യുഎന്‍എയുടെ കീഴിലുള്ളത്. സംസ്ഥാനത്തെ മൊത്തം നഴ്സുമാരുടെ എണ്ണമെടുത്താല്‍
അതില്‍ 90ശതമാനവും ഈ ആശുപത്രികളിലാണുള്ളത്. വേതനം വര്‍ധിപ്പിക്കാമെന്ന
വ്യവസ്ഥയില്‍ ഇതുവരെ നാന്നൂറിലധികം ആശുപത്രികള്‍ ഒപ്പുവെച്ചു കഴിഞ്ഞു.
യാതൊരുതരത്തിലും സഹകരിക്കില്ലെന്ന കടുംപിടുത്തവുമായി 26
ആശുപത്രികളാണുള്ളത്. മാര്‍ച്ച് 30 വരെ കലക്ടറേറ്റുകള്‍ക്കു മുന്‍പില്‍
നടക്കുന്ന സമരം അടുത്ത ഘട്ടത്തില്‍ ആശുപത്രികള്‍ക്കു മുന്നിലേക്കു
വ്യാപിപ്പിക്കുമെന്നും അതോടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുമെന്നും
യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പറഞ്ഞു.
മാറ്റങ്ങള്‍
അനിവാര്യമാണ്. നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ചേ മതിയാകൂ. അവര്‍
ആവശ്യപ്പെടുന്നത് അധിക സൗകര്യങ്ങളല്ല, അടിസ്ഥാന വേതനമാണ്.
അവരാവശ്യപ്പെടുന്ന ശമ്പളം നല്‍കുക മാത്രമാണ് സമരം അവസാനിപ്പിക്കാനുള്ള
പോംവഴി. അര്‍ഹിക്കുന്ന പ്രതിഫലം മാത്രമാണ് നഴ്സുമാര്‍
ആവശ്യപ്പെടുന്നതെന്നതിനാല്‍ അതു നിരസിക്കാന്‍ മുന്നോട്ടുവെക്കുന്ന
കാരണങ്ങളൊന്നും പോരാതെ വരും. ആരോഗ്യമേഖലയിലെ കേരളത്തിന്റെ ഭാവി
തുലാസിലാക്കിക്കൊണ്ട് മാനേജ്‌മെന്‌റുകള്‍ക്ക് എത്ര നാള്‍ മുന്നോട്ടുപോകാന്‍
സാധിക്കും?
വിൻസെന്റ് ഇമ്മാനുവേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
