ഷിക്കാഗോ: ഡോ. ജീൻ പുത്തൻപുരയ്ക്കലിന് സിറ്റി കോളേജസ് ഓഫ് ഷിക്കാഗോയിൽ ഫുൾ പ്രൊഫസറായി സ്ഥാനക്കയറ്റം. ഹെൽത്ത് സയൻസസ് വിഭാഗത്തിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജരിലൊരാളാണ് അദ്ദേഹം.
ജൂലൈ 9ന് ചേർന്ന സിറ്റി കോളേജസ് ഓഫ് ഷിക്കാഗോ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് ഡോ. പുത്തൻപുരയ്ക്കലിന്റെ സ്ഥാനക്കയറ്റം സ്ഥിരീകരിച്ചത്. നിലവിൽ മാൽക്കം എക്‌സ് കോളേജിൽ ഹെൽത്ത് സയൻസസ് വിഭാഗം ചെയർമാനായും അസോസിയേറ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
2016ലാണ് ഡോ. പുത്തൻപുരയ്ക്കൽ സിറ്റി കോളേജസ് ഓഫ് ഷിക്കാഗോയിൽ ഫാക്കൽറ്റിയായി ചേർന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി അധ്യാപനം, ഗവേഷണം, നേതൃത്വം എന്നീ മേഖലകളിൽ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. റേഡിയോളജിക് സയൻസസ്, ഹെൽത്ത് ഇൻഫർമേഷൻ ടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് അദ്ദേഹം ക്ലാസുകൾ നയിക്കുന്നത്.
അദ്ദേഹത്തിന്റെ അക്കാദമിക ജീവിതം ആരംഭിച്ചതും സിറ്റി കോളേജസ് സിസ്റ്റത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. 2004ൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ഷിക്കാഗോയിലേക്ക് കുടിയേറിയ അദ്ദേഹം, ഇന്ത്യയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിൽബർ റൈറ്റ് കോളേജിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം ആരംഭിച്ചത്.
അവിടെ നിന്ന് ഓണേഴ്‌സോടെ അസോസിയേറ്റ് ഇൻ അപ്ലൈഡ് സയൻസ് ബിരുദവും, തുടർന്ന് ബാച്ചിലർ ബിരുദവും, ഡിസ്റ്റിംഗ്ഷനോടെ മാസ്റ്റേഴ്‌സ് ബിരുദവും നേടി. പിന്നീട് ഡോക്ടർ ഓഫ് ഫിലോസഫിയും (PhD) കരസ്ഥമാക്കി. 'The Socio-Cognitive Aspects of Collaborative Learning and Communtiy Colleges' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപന രീതികളെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനമാണ്.
അക്കാദമിക രംഗത്തിന് പുറമെ സാമൂഹിക സേവനങ്ങളിലും ഡോ. പുത്തൻപുരയ്ക്കൽ സജീവമാണ്. സാംസ്‌കാരികം, ചാരിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന 'കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ' എന്ന സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏഴ് കോളേജുകളിലായി പ്രതിവർഷം 60,000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി കോളേജ് സംവിധാനങ്ങളിൽ ഒന്നാണ് സിറ്റി കോളേജസ് ഓഫ് ഷിക്കാഗോ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
