ഫൊക്കാനയുടെ മുതിർന്ന നേതാവ് ചാക്കോച്ചായന് (ടി.എസ് .ചാക്കോ) അശ്രുപൂജ

AUGUST 3, 2024, 9:05 AM

ടി.എസ്. ചാക്കോ ( ചാക്കോച്ചായൻ) അമേരിക്കൻ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ട ഒരാളായിരുന്നു എന്ന് മനസിലാക്കാൻ അദ്ദേഹത്തെക്കുറിച്ച് വിവിധ മേഖലകളിലുള്ളവർ പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പങ്കുവെച്ച അനുഭവങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഏതെങ്കിലും ഒരു തരത്തിൽ അദ്ദേഹവുമായി അടുത്ത ഒരു ബന്ധം അവർക്കെല്ലാം ഉണ്ടായിരുന്നു എന്ന് ഓരോ കുറിപ്പുകളും ബോധ്യമാക്കുന്നു.

ഫൊക്കാനയുമായും ഫൊക്കാനയ്ക്ക് ചാക്കോച്ചനുമായുള്ള ബന്ധം ഒരു വാക്കിലോ ഒരു പേജിലോ എഴുതിയാൽ തീരുന്നതല്ല. കാരണം അത്രത്തോളം ഇഴയിണക്കമുള്ള ഒരു ബന്ധമായിരുന്നു അത്. അസുഖ ബാധിതനായി നാട്ടിലേക്ക് പോകുന്നതിന് മുൻപും അദ്ദേഹവുമായി സംസാരിക്കുമ്പോഴും ഫൊക്കാന ഒരു സംസാരവിഷയമായി വരും. കാരണം അത്രത്തോളം ഫൊക്കാനയെ സ്‌നേഹിക്കുകയും ഫൊക്കാനയെ വളർത്തുവാൻ ശ്രമിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.

എല്ലാ സുഹൃത്തുക്കളുടെ മേലും സ്‌നേഹത്തിൽ പൊതിഞ്ഞ ഒരു അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 2018-20 കാലയളവിൽ ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് ചെയർമാനായി ഞാൻ പ്രവർത്തിക്കുന്ന സമയത്ത് അദ്ദേഹമായിരുന്നു അഡൈ്വസറി ബോർഡ് ചെയർമാൻ. ചില സങ്കീർണ്ണമായ പ്രശ്‌നങ്ങൾ വന്ന സമയത്ത് ചില വിഷയങ്ങൾ ചർച്ച ചെയ്യുവാനും സത്യത്തിനും നീതിക്കുമൊപ്പം നിലകൊള്ളുവാനും അദ്ദേഹം ഒപ്പം നിന്ന നിമിഷങ്ങൾ മറക്കാനാവുന്നില്ല. ഫൊക്കാനയ്ക്ക് വേണ്ടി ഏത് വേദികളിലും ശബ്ദമുയർത്തിയ അദ്ദേഹം തികഞ്ഞ മതേതര വാദി കൂടി ആയിരുന്നു.

vachakam
vachakam
vachakam

2013 ൽ മറിയാമ്മ പിള്ള പ്രസിഡന്റായിരുന്ന സമയത്ത് ടി.എസ്. ചാക്കോ തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ ഒരു സൗഹൃദ സന്ദേശ യാത്ര സംഘടിപ്പിച്ചിരുന്നു. മതത്തിന്റെ പേരിൽ തമ്മിലടിക്കുന്ന ഈ കാലത്ത് അദ്ദേഹത്തിന്റെ ചിന്താഗതി എത്രത്തോളം വിശാലമായിരുന്നു എന്ന് മനസിലാക്കാം.ഫൊക്കാനയുടെ പിളർപ്പിന്റെ സമയത്ത് ഫൊക്കാനയെ ഒരു മനസ്സോടെ ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ നിലനിർത്തുവാൻ അദ്ദേഹം ഒപ്പം നിലകൊണ്ടത് ഫൊക്കാന നേതാക്കൾക്കും പ്രവർത്തകർക്കും അറിയാം.

അദ്ദേഹത്തോടൊപ്പം മാർത്തോ സഭയുടെ വിവിധ കമ്മിറ്റികളിലും പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. എവിടെ ആയാലും ഏത് വിഷയത്തിലും ടി.എസ് ചാക്കോയുടേതായ ഒരു അഭിപ്രായം ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നത്. ഒരു സാധാരണ കുടുംബത്തിൽ നിന്ന് വളർന്ന് തന്റെ സ്ഥിരോത്‌സാഹത്തിലൂടെയും, കൃത്യതയാർന്ന പ്രവർത്തനത്തിലൂടെയും സംഘടനാതലത്തിലും ഔദ്യോഗിക തലത്തിലും വളർന്നുവന്ന അദ്ദേഹം നല്ലൊരു ഗൃഹനാഥൻ കൂടിയായിരുന്നു.

ഭാര്യ, മക്കൾ, കൊച്ചുമക്കൾ എന്നിവരോട് അദ്ദേഹത്തിനുണ്ടായിരുന്ന കരുതൽ ഒരു മാതൃക തന്നെയായിരുന്നു. നല്ലൊരു സുഹൃത്ത് വിട പറയുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവിന് ദൈവസന്നിധിയിൽ ഇടം ലഭിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം ജീവിതത്തിൽ എന്തു കാര്യത്തിലും നന്മ മാത്രം കണ്ടിട്ടുള്ള ഒരു നല്ല വ്യക്തിത്വമായിരുന്നു അദ്ദേഹം. ചാക്കോച്ചായന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഹൃദയ വേദനയോടെ ഞാനും പങ്കു ചേരുന്നു.

vachakam
vachakam
vachakam

ഡോ. മാമ്മൻ സി. ജേക്കബ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam