ഷിക്കാഗോ രൂപതയിൽ ഇദപ്രധം: വിശ്വാസികളുടെ കൂട്ടായ്മയിൽ ഭാഗമാകാൻ സഭാ തലവൻമേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും !
ന്യൂജേഴ്‌സി: ഇൻഡ്യയ്ക്കു പുറത്തു സ്ഥാപിതമായ ആദ്യ സീറോ മലബാർ രൂപതയായ, ഷിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂജേഴ്‌സിയിലെ സോമർസെറ്റ് ഇടവകയിൽ വച്ച് മെയ് 23,24,25 തീയതികളിൽ നടന്ന 'ദിവ്യ കാരുണ്യകോൺഗ്രസും' അതിനോടനുബന്ധിച്ചു നടത്തിയ 'ദിവ്യ കാരുണ്യ പ്രദക്ഷിണവും' വിശ്വാസികൾക്ക് നവ്യമായ അനുഭവമായി!!. ഷിക്കാഗോ രൂപതയിൽ ആദ്യമായാണ് തെരുവുവീഥികളിലൂടെ ദിവ്യ കാരുണ്യ പ്രദക്ഷിണം നടത്തുന്നത്. 'ദിവ്യകാരുണ്യം' പ്രതിഷ്ഠിച്ച പ്രത്യേകപേടകം, രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെനേതൃത്വത്തിൽ പന്ത്രണ്ടു വൈദികർചേർന്ന് വഹിച്ചു.
സീറോ മലബാർ സഭയുടെ മേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഷിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതയിലെ വിവിധ ഇടവകകളിലെ വികാരിമാർ, വൈദിക വിദ്യാർഥികൾ, സന്യാസിനികൾ, അൾത്താര ശ്രുശ്രൂഷികൾ, ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ, കുരിശുകളും മുത്തുക്കുടകളും വഹിച്ച വിവിധ ഇടവക പ്രതിനിധികൾ തുടങ്ങിയവർ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള പേടകത്തെ അനുഗമിച്ചു.
ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ളപേടകം കടന്നുപോയ വഴിയുടെ ഇരുവശത്തുമായി നാലായിരത്തോളം വരുന്ന വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം നിലകൊണ്ടു. ഫ്രാങ്ക്‌ളിൻ സ്‌കൂളിൽനിന്നുമാരംഭിച്ച പ്രദക്ഷിണം സോമർസെറ്റ് സൈന്റ് തോമസ് ഫൊറോനാ ദേവാലയ അങ്കണത്തിൽ തട്ടിൽ പിതാവിന്റെ ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു.
ജൂബിലി നന്ദിയുടേയും കൃപയുടെയും ആഘോഷം: മാർ റാഫേൽ തട്ടിൽ
സിൽവർ ജൂബിലി ആഘോഷങ്ങൾ, കഴിഞ്ഞുപോയ വർഷങ്ങളെ നന്ദിപൂർവം സ്മരിക്കുവാനും, വീഴ്ചകൾ തിരുത്തുവാനും, അടുത്ത ഇരുപത്തഞ്ചു വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനുമുള്ള അവസരമാക്കി മാറ്റണമെന്ന് സീറോ മലബാർ സഭാമേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂജേഴ്‌സിയിലെ സോമർസെറ്റ് ഇടവകയിൽ വച്ച് മെയ് 23,24,25 തീയതികളിൽ നടന്ന 'ദിവ്യ കാരുണ്യ കോൺഗ്രസ്' ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയാരിരുന്നു മാർ റാഫേൽ തട്ടിൽ.
അമേരിക്കയിൽ സീറോ മലബാർ സഭയുടെ വളർച്ചക്കുവേണ്ട സഹായങ്ങൾ നൽകിയ തദ്ദേശ ലത്തീൻ സഭയോട് നമ്മൾ എന്നും നന്ദിയുള്ളവരായിക്കുകയും, അവർക്കുവേണ്ടി പ്രാർഥിക്കുകയും വേണമെന്നും പിതാവ് ഓർമ്മിപ്പിച്ചു. അതുപോലെ ഒന്നും ഇല്ലായ്മയിൽ നിന്നും ഈ രൂപതയെ പടുത്തു ഉയർത്തുവാൻ ഏറെ കഷ്ടപ്പാടുകൾ സഹിച്ച എല്ലാവരെയും കൃതജ്ഞതാ പൂർവം സ്മരിക്കുവാനും, അവരേയുംചേർത്ത് നിർത്തുവാനും നമ്മുക്ക് സാധിക്കണം. അതോടൊപ്പം വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനും രൂപതയുടെ വളർച്ചക്കും നിസ്വാർഥമായ നേതൃത്വം നൽകുകയും ചെയ്ത മാർജേക്കബ് അങ്ങാടിയതിനേയും മാർ തട്ടിൽ നന്ദിപൂർവം സ്മരിച്ചു.
സഭ പല പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഷിക്കാഗോ രൂപതയിൽ നിന്നും ധാരാളം ദൈവ വിളികൾ ഉണ്ടാകുന്നതിൽ താൻ ഏറെ അഭിമാനിക്കുന്നതായി പിതാവ് പറഞ്ഞു. അടുത്ത തലമുറയ്ക്ക് 'ബാറ്റൺ' കൈമാറാൻ നമ്മൾ ഇപ്പോഴേ ഒരുങ്ങണം. ഷിക്കാഗോ രൂപതയിൽ ഉണ്ടായിരിക്കുന്ന വിശ്വാസ വളർച്ചയിൽ താൻ ഏറെ സന്തുഷ്ടനാണെന്നും, അതിനുനേതൃത്വവും പ്രോത്സാഹനവും നൽകിവരുന്ന രൂപതാദ്ധ്യക്ഷൻ മാർജോയ് ആലപ്പാട്ടിനെ അഭിനന്ദിക്കുന്നതായും മേജർ ആർച്ച് ബിഷപ് പറഞ്ഞു.
മൂന്നുദിവസം നീണ്ടു നിന്ന 'ദിവ്യകാരുണ്യ കോൺഗ്രസിൽ' പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ മലയാളത്തിലും, അമേരിക്കയിലെ പ്രശസ്ത വചന പ്രഘോഷകരായ ഡോ. സ്‌കോട്ട് ഹാൻ, പോൾ ജെ. കിം, അലക്‌സ്‌ഗോടൈ, ഡോ.ലോറൻസ് ഫിൻഗോൾഡ് എന്നിവരും ഷിക്കാഗോ രൂപതയുടെ ഭാഗമായ റവ. ഫാ. കെവിൻ മുണ്ടക്കൽ, സി. ആഗ്‌നസ് എന്നിവർ ഇംഗ്ലീഷിലും വിശുദ്ധ കുർബാനയെപ്പറ്റി പ്രഭാഷങ്ങൾ നടത്തി.
ശനിയാഴ്ച വൈകുന്നേരം അതിഥേയ ഇടവകാംഗങ്ങൾ അവതരിപ്പിച്ച 'ജീവന്റെ അപ്പം' എന്ന സ്റ്റേജ്‌ഷോ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മൂന്നുദിവസം നീണ്ടുനിന്ന ദിവ്യ കാരുണ്യ കോൺഗ്രസിനും, സമാപന ദിവസം നടന്ന 'ദിവ്യകാരുണ്യ' പ്രദക്ഷിനത്തിനും ആതിഥേയത്വം നൽകിയ സോമർസെറ്റ് ഇടവകയുടെ നേതൃപാടവം ഏറെ പ്രശംസിക്കപ്പെട്ടു.
'ദിവ്യകാരുണ്യ കോൺഗ്രസിന്' നേതൃത്വം നൽകിയ കോർഡിനേറ്റർ വികാരി ജനറാൾ റവ. ഫാ.തോമസ് കാടുകപ്പിള്ളിൽ, സോമർസെറ്റ് ഇടവക വികാരി റവ. ഫാ. ആന്റണി സേവ്യർ പുല്ലുകാട്ട്, ഇടവക കൈക്കാരമ്മാർ, പാരിഷ് കൗൺസിൽ, വിവിധ കമ്മിറ്റി അംഗങ്ങൾ, ഇടവകയിലെ യുവജനങ്ങൾ, കൂടാതെ എല്ലാ ഇടവകാംഗങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് നന്ദി അറിയിച്ചു. വികാരി ജനറാൾ റവ. ഫാ.ജോൺമേലേപ്പുറം, ചാൻസലർ റവ. ഫാ.ജോർജ് ദാനവേലിൽ, വൈസ് ചാൻസലർ റവ. ഫാ.ജോൺസൺ കോവൂർപുത്തൻപുര, പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നടുവേലിചാലുങ്കൽ എന്നിവരും ദിവ്യകാരുണ്യ കോൺഗ്രസിന്റെ സുഗമമായ നടത്തിപ്പിനു നേതൃത്വം നൽകി. ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ, രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബദ്ധിച്ചു 2026 ജൂലൈ 9,10, 11,12 തീയതികളിൽ ഷിക്കാഗോയിൽ വച്ചു നടത്തപ്പെടുന്ന 'സിറോ മലബാർ കൺവൻഷന്റെ കിക്ക് ഓഫും നടന്നു.
ഷോളി കുമ്പിളുവേലി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്